കൃഷി ഓഫീസര്‍ മമ്മൂട്ടിക്ക് വീണ്ടും അര്‍ഹതക്കുള്ള അംഗീകാരം

Posted on: October 15, 2016 3:09 pm | Last updated: October 15, 2016 at 3:10 pm
കൃഷിഓഫീസര്‍ കെ മമ്മൂട്ടി കൃഷിത്തോട്ടത്തില്‍
കൃഷിഓഫീസര്‍ കെ മമ്മൂട്ടി കൃഷിത്തോട്ടത്തില്‍

മാനന്തവാടി: വെളളമുണ്ട കൃഷിഭവനിലെത്തുന്ന കര്‍ഷകര്‍ക്ക് കൃഷിഓഫീസര്‍ കെ മമ്മൂട്ടി വെറും സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല.കൃഷിയെയും കര്‍ഷകരെയും സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സുഹൃത്താണ്.
ജില്ലയുടെ വിവിധഭാഗങ്ങളില്‍ കൃഷി സംബന്ധിച്ച പഠനക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി വരുന്ന ഇദ്ദേഹത്തിന്റെ ഫോണ്‍ നമ്പറുകള്‍ സൂക്ഷിച്ചുവെച്ച് കൃഷിസംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കുന്നവര്‍ നിരവധിയാണ്.അത് കൊണ്ട് തന്നെ ഇദ്ദേഹത്തെ തേടിയെത്തുന്ന അംഗീകാരങ്ങളും നിരവധിയാണ്.സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ നല്‍കിയ പുരസ്‌കാരങ്ങള്‍ക്ക് പുറമെ കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാരിന്റെ അംഗീകാരവും ഇദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.
2013-14 വര്‍ഷത്തില്‍ ജില്ലയിലെ മികച്ച കൃഷിവികസന ഉദ്യോഗസ്ഥനായും 2014-15ല്‍ ജില്ലയിലെ മികച്ച പച്ചക്കറിവികസന പദ്ധതി നടത്തിപ്പുദ്യോഗസ്ഥനായും മമ്മൂട്ടിയെ കൃഷി വകുപ്പ് തിരഞ്ഞെടുത്തിരുന്നു.ഏറ്റവും ഒടുവിലായി 201516 വര്‍ഷത്തെ പച്ചക്കറി വികസന പദ്ധതിയുടെ നടത്തിപ്പില്‍ സംസ്ഥാനത്ത് രണ്ടാമത്തെ മികച്ച കൃഷി ഓഫീസറായാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തായി കഴിഞ്ഞ ദിവസം കൃഷി മന്ത്രി പ്രഖ്യാപിച്ചത്.പഞ്ചായത്തില്‍ വിവിധ സ്‌കീമുകള്‍പ്രകാരം 47,53,083 രൂപയുടെ പച്ചക്കറി കൃഷി വ്യാപന പദ്ധതികളാണ് ഈ കാലയളവില്‍ നടപ്പിലാക്കിയത്.12,470 ഗുണഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമായത്.ഇതില്‍ 1804 പട്ടികവര്‍ഗ്ഗ വിഭാഗവും 6801 വനിതകളും ഉള്‍പ്പെടുന്നു.പുഞ്ചകൃഷിയിറക്കാത്ത നെല്‍വയലുകളില്‍ വ്യാപകമായി പയര്‍ കൃഷിക്ക് പ്രോത്സാഹനം നല്‍കിയതും കര്‍ഷകരുടെ പച്ചക്കറി ഉല്പന്നങ്ങള്‍ക്ക്് വിപണി കണ്ടെത്തുന്നതിനായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതും കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇരുപതോളം മഴക്കൂടുകളാണ് പഞ്ചായത്തില്‍പച്ചക്കറി ക്കര്‍ഷകര്‍ക്കായി കൃഷിഭവന്‍ മുഖേന നല്‍കിയത്.1.90,000രൂപയുടെ പച്ചക്കറി വിത്തുകള്‍സ്‌കൂള്‍വിദ്യാര്‍ഥികളിലൂടെയും 10,000രൂപയുടെ വിത്തുകള്‍ സന്നദ്ധസംഘടനകള്‍മുഖേനയും അടുക്കളത്തോട്ട്‌നിര്‍മ്മാണത്തിനായി വിതരണം ചെയ്യുകയുണ്ടായി.പോളിഹൗസുകള്‍,നെറ്റ്ഹൗസുകള്‍,മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍,ക്ലസ്റ്ററുകള്‍ക്കുള്ളപ്രോത്സാഹനങ്ങള്‍,യന്ത്രവല്‍ക്കരണം,സ്‌കൂളുകളിലെ പച്ചക്കറിത്തോട്ട വിപുലീകരണം,തുടങ്ങി നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞകാലഘട്ടങ്ങളില്‍ വെള്ളമുണ്ടയില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്.സര്‍ക്കാരിന്റെ വിവിധ പച്ചക്കറി പ്രേത്സാഹന ഫണ്ടുകള്‍ക്ക് പുറമെ ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകളുടെയും ഫണ്ടുകള്‍ ലാപ്‌സാവാതെ പൂര്‍ണമായും കര്‍ഷകര്‍ക്ക് പ്രയോജനകരമാവും വിധം വിനിയോഗിച്ചതുമാണ് ജനകൂയ കൃഷിഓഫീസറെ അംഗീകാരത്തിന് തിരഞ്ഞെടുക്കപ്പെടാന്‍ അവസരമൊരുക്കിയത്.വാരാമ്പറ്റ സ്വദേശിയായ മമ്മൂട്ടി 2004 മുതല്‍ തുടര്‍ച്ചയായി എട്ട് വര്‍ഷവും 2011 മുതല്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷവുമായി വെള്ളമുണ്ടയിലാണ് ജോലി ചെയ്തു വരുന്നത്.