അന്താരാഷ്ട്ര വ്യോമയാന സമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിക്കാന്‍ മലയാളി വിദ്യാര്‍ഥിക്ക് ക്ഷണം

Posted on: October 14, 2016 7:04 pm | Last updated: October 18, 2016 at 8:24 pm
ashiq
ആഷിഖ് അഹ്മദ്‌

ദുബൈ: അടുത്ത മാസം 23, 24 തിയതികളില്‍ ദുബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര വ്യോമയാന മാനേജ്‌മെന്റ് സമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിക്കാന്‍ മലയാളി വിദ്യാര്‍ഥിക്ക് ക്ഷണം. മലപ്പുറം പെരിന്തല്‍മണ്ണ കരിങ്കല്ലത്താണി സ്വദേശി ആഷിഖ് അഹ്മദിനെ തേടിയാണ് അവസരമെത്തിയിരിക്കുന്നത്. ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയര്‍മാനും എമിറേറ്റ്‌സ് ഏവിയേഷന്‍ യൂണിവേഴ്‌സിറ്റി ചാന്‍സലറുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് അന്താരാഷ്ട്ര സമ്മേളനം.
ഓസ്‌ട്രേലിയയിലെ റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ എയ്‌റോസ്‌പേസ് എന്‍ജിനിയറിംഗ് ആന്‍ഡ് ഏവിയേഷന്‍ ബിരുദാനന്തര വിദ്യാര്‍ഥിയാണ് ആഷിഖ്. ചുരുങ്ങിയ ചെലവില്‍ വ്യോമയാന ഗതാഗതം സാധ്യമാക്കുന്നതിനെ കുറിച്ചുള്ള ആശയങ്ങളാണ് ആഷിഖ് പങ്കുവെക്കുക. കേരളത്തിന്റെ ഭാവി എയര്‍ലൈന്‍ പദ്ധതിയായ എയര്‍കേരളക്ക് ഉപയോഗപ്പെടുത്താനാവുന്ന ആശയങ്ങളടക്കമുള്ളവയാണ് അവതരിപ്പിക്കുകയെന്ന് ആഷിഖ് പറഞ്ഞു. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷ(ഐ സി എ ഒ)ന്റെ ഐക്യരാഷ്ട്രസഭയിലെ യു എ ഇ പ്രതിനിധി ആഇശ അല്‍ ഹാമിലിയുമായി തന്റെ ആശയങ്ങള്‍ ആഷിഖ് പങ്കുവെക്കും. അന്താരാഷ്ട്ര വ്യോമയാന രംഗത്തെ ഏറ്റവും വലിയ സമ്മേളനത്തില്‍ ആഷിഖിന്റെ സാന്നിധ്യം മലയാളികള്‍ക്ക് അഭിമാനമാകുമെന്ന് തീര്‍ച്ച. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശ്ശി ഐ എസ് എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ഹയര്‍സെക്കന്‍ഡറി വരെ ആഷിഖ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് തമിഴ്‌നാട്ടിലെ ഈറോഡ് കുമരപാളയം എസ് എസ് എം എന്‍ജിനിയറിംഗ് കോളജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് ഓസ്‌ട്രേലിയയിലെ പത്ത് മുന്‍നിര യൂണിവേഴ്‌സിറ്റികളിലൊന്നായ റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രവേശനം ലഭിക്കുന്നത്. ദുബൈയില്‍ ബിസിനസ് നടത്തുന്ന അഷ്‌റഫ് കൂട്ടപ്പിലാക്കലിന്റേയും മുംതാംസ് ബീഗത്തിന്റേയും മകനാണ്. പൊന്ന്യാകുര്‍ശ്ശി ഐ എസ് എസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ഥി അഹ്മദ് ആഷിദ്, രണ്ടാംതരം വിദ്യാര്‍ഥി റഷിന്‍ അഷ്‌റഫ് എന്നിവര്‍ സഹോദരങ്ങളാണ്.
ദുബൈ, പോലീസ്, കൊവെന്‍ട്രി യൂണിവേഴ്‌സിറ്റി, യു എ ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എന്നിവരാണ് സമ്മേളനത്തിന്റെ പ്രധാന പങ്കാളികള്‍.