ഹോങ്കോംഗ് എം പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ചൈനക്കെതിരെ പ്രതിഷേധം

Posted on: October 13, 2016 9:33 am | Last updated: October 13, 2016 at 9:33 am
സത്യപ്രതിജ്ഞാ ചടങ്ങില്‍ ല്യൂങ് കോക്ക് എം പി ചൈനീസ് ലഘുലേഖ പിച്ചിച്ചീന്തുന്നു
സത്യപ്രതിജ്ഞാ ചടങ്ങില്‍ ല്യൂങ് കോക്ക് എം പി ചൈനീസ് ലഘുലേഖ പിച്ചിച്ചീന്തുന്നു

ഹോങ്കോംഗ് സിറ്റി : ഹോങ്കോംഗില്‍ പുതിയ എം പിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന ചടങ്ങ് ചൈനയോടുള്ള പ്രതിഷേധത്തിന്റെ വേദിയായി മാറി. ഹോങ്കോംഗില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ അനുകൂല രാഷ്ട്രീയ പ്രവര്‍ത്തകരായ എം പിമാരാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിഷേധിച്ചത്. ഹോങ്കോംഗ് ചൈനയുടെ ഭാഗമല്ലെന്ന് എഴുതിയ കൊടികളേന്തിയും ഹോങ്കോംഗിന് സ്വയം നിര്‍ണയാവകാശം വേണമെന്നും ഇവര്‍ വേദിയില്‍ ആവശ്യപ്പെട്ടു. 2014ലെ ജനാധിപത്യ അനുകൂല ബഹുജന പ്രക്ഷാഭത്തെത്തുടര്‍ന്ന് ഉയര്‍ന്ന് വന്ന പുതിയ ആശയ അടിത്തറയില്‍പ്പെട്ട എം പിമാരാണ് ചൈനക്കെതിരായി വേദിയില്‍ പ്രതികരിച്ചത്. ബഹുജന പ്രക്ഷാഭത്തെ ഇല്ലായ്മ ചെയ്യാന്‍ ചൈനക്ക് സാധിച്ചിരുന്നുവെങ്കിലും ഇതില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട പുതിയ മുന്നേറ്റങ്ങളും രാഷ്ട്രീയ ഉണര്‍വുകളും ചെറുപ്പക്കാരെ രാഷ്ട്രീയ നേത്യത്വത്തിലേക്കുയര്‍ത്തുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ പല എം പിമാരും വ്യത്യസ്തമായ രീതിയിലാണ് പ്രതിഷേധിച്ചത്. ഇതില്‍ രണ്ട് എം പിമാര്‍ ഹോങ്കോംഗ് സ്വതന്ത്ര രാജ്യമാണെന്ന് പ്രഖ്യാപിച്ചാണ് പ്രതിഷേധിച്ചത്.
എന്നാല്‍ എല്ലാ എം പിമാരും ഭരണഘടനാ ആവശ്യമെന്ന നിലപാടില്‍ ഉറച്ചുനിന്നുവെന്നും മൂന്ന് പേര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നിരസിച്ചുവെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം യഥാവിധി സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് നേരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിഷേധിച്ച എം പി മാരെ അയോഗ്യരാക്കുമെന്നാണ് ഇത് അര്‍ഥമാക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.