ഏക സിവില്‍ കോഡ്: നടപടികള്‍ക്ക് വേഗം കൂട്ടി കേന്ദ്രം

Posted on: October 8, 2016 6:00 am | Last updated: October 7, 2016 at 11:50 pm

ന്യൂഡല്‍ഹി: ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാന വിഷയമായി ഉന്നയിച്ച ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വേഗം കൂട്ടി. ഇതിന്റെ പ്രാരംഭഘട്ടമായി ദേശീയ നിയമ കമ്മീഷന്‍ പൊതുജനങ്ങള്‍ക്കുള്ള ചോദ്യാവലി പുറത്തിറക്കി. ഭരണഘടനയുടെ 44ാം അനുച്ഛേദ പ്രകാരം എല്ലാ സംസ്ഥാനങ്ങളും ഏകീകൃത സിവില്‍ കോഡിനായി ശ്രമിക്കണം എന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ചോദ്യാവലി.
16 വ്യത്യസ്ത വിഷയങ്ങളിലാണ് ചോദ്യങ്ങള്‍. മുത്വലാഖ് (മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലല്‍) നിരോധിേേക്കണാ, ക്രിസ്ത്യന്‍ വിവാഹ മോചനത്തിനുള്ള രണ്ട് വര്‍ഷത്തെ കാലയളവ് എടുത്തുകളയേണ്ടതുണ്ടോ, ഹിന്ദു സ്ത്രീകള്‍ക്ക് സ്വത്തവകാശത്തില്‍ തുല്യ പരിഗണന ഉറപ്പാക്കേണ്ടതുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഇതിലുള്ളത്. ഇതോടൊപ്പം വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍ ഇവയെല്ലാം ഏകീകൃത നിയമത്തിന്റെ കീഴില്‍ കൊണ്ടുവരേണ്ടതുണ്ടോ എന്നും കമ്മീഷന്‍ ചോദിക്കുന്നു. സിവില്‍ നിയമം കൊണ്ടുവരുന്നത് മതസ്വാതന്ത്ര്യത്തെ ഹനിക്കുമോ എന്ന നിര്‍ണായക ചോദ്യവും ചോദ്യാവലിയിലുണ്ട്. വിശദമായ ചോദ്യാവലി ഇന്നലെയാണ് നിയമ കമ്മീഷന്‍ പുറത്തിറക്കിയത്. ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ജനങ്ങളില്‍ നിന്ന് വിശദാംശങ്ങള്‍ ആരാഞ്ഞതിന് ശേഷം കൂടുതല്‍ വിശദമായ നടപടികളിലേക്ക് കടക്കാനാണ് നിയമ കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. രാജ്യത്ത് ഏകീകൃത സിവില്‍ നിയമത്തെ അനുകൂലിക്കുന്ന തരത്തിലുള്ള അപേക്ഷയും ഇതിനോടൊപ്പമുണ്ട്.

മുത്വലാഖിനെതിരെ കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: മുത്വലാഖ് ചൊല്ലുന്നതിനെയും ബഹുഭാര്യത്വത്തെയും വിമര്‍ശിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇതുസംബന്ധിച്ച് സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുത്വലാഖ് വിഷയത്തില്‍ ഇടപെടുന്നത് മുസ്‌ലിംകളുടെ അടിസ്ഥാന അവകാശത്തിന്റെ ലംഘനമാകുമോ എന്ന കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം വ്യക്തിനിയമത്തെ ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹരജികളില്‍ നിലപാട് അറിയിച്ചാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ച് മുമ്പാകെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേന്ദ്രത്തിന് വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഇത്തരം ആചാരങ്ങള്‍ക്ക് മതേതര സമൂഹത്തില്‍ യാതൊരു പ്രസക്തിയില്ലെന്നും അതിനോട് യോജിക്കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. മുത്വലാഖിനെ ന്യായീകരിക്കാന്‍ കഴിയില്ല. അത് അനുവദിക്കുന്നത് ലിംഗനീതിക്ക് എതിരാണ്. മറ്റ് ആരാധനകളെപ്പോലെ, മുത്വലാഖ് എന്നത് ഇസ്‌ലാമിലെ ഒരു നിര്‍ബന്ധ ആചാരമല്ല. മുത്വലാഖ്, ബഹുഭാര്യത്വം തുടങ്ങിയ വ്യക്തിനിയമങ്ങളിലെ ആശയങ്ങള്‍ ഏക സിവില്‍കോഡ് എന്ന ആശയത്തിനപ്പുറം ലിംഗനീതി, സ്ത്രീകളുടെ അന്തസ്സ്, സമത്വം എന്നിവയുടെ വെളിച്ചത്തിലൂടെ പരിശോധിക്കേണ്ടതാണ്. മുത്വലാഖ് സ്ത്രീകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്. മൂന്ന് തലാഖും ഒരുമിച്ച് ചൊല്ലി വിവാഹമോചനം നേടുന്നതില്‍ ഇരുപതോളം മുസ്‌ലിം രാജ്യങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോടതിയെ സര്‍ക്കാര്‍ അറിയിച്ചു.
ഭരണഘടന പൗരന് നല്‍കുന്ന ഒരു അവകാശവും മുസ്‌ലിം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടുകൂടാ. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയം, വനിതാ ശിശു ക്ഷേമം, നിയമം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. സ്ത്രീകളുടെ അഭിമാനത്തിനെതിരായ ഒരുനിയമവും അനുവദിക്കാനാവില്ലെന്ന് അഭിപ്രായപ്പെടുന്ന 28 പേജുള്ള സത്യവാങ്മൂലത്തില്‍, മുത്വലാഖിന് സര്‍ക്കാര്‍ എതിരാണെന്നും വ്യക്തമാക്കുന്നു.
മുസ്‌ലിം വ്യക്തിനിയമം ഭേദഗതി ചെയ്യാന്‍ കോടതിക്ക് അധികാരമില്ലെന്നും പാര്‍ലിമെന്റിന് മാത്രമാണ് നിമനിര്‍മാണത്തിന് അധികരമുള്ളതെന്നും ചൂണ്ടിക്കാട്ടി കേസില്‍ കഴിഞ്ഞ മാസം അഞ്ചിന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സത്യവാങ്്മൂലം നല്‍കിയിരുന്നു. ഇതുപരിഗണിച്ച കോടതി, ഒരു മാസത്തിനുള്ളില്‍ സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരമാണ് ഇന്നലെ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.