Connect with us

Kerala

ഭവനരഹിതരായ 30,000 പേര്‍ക്ക് വായ്പ നല്‍കും

Published

|

Last Updated

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സംസ്ഥാനത്ത് നടപ്പാക്കുന്ന “എല്ലാവര്‍ക്കും ഭവനം 2022” പദ്ധതിയിലൂടെ ഭവനരഹിതരായ 30,000 പേര്‍ക്ക് ഭവനവായ്പ നല്‍കും. കുടുംബശ്രീ മുഖേന നടത്തിവരുന്ന ഗുണഭോക്തൃനിര്‍ണയ സര്‍വേ അവസാനഘട്ടത്തിലാണ്.
പദ്ധതിപ്രകാരം പുതുതായി വീട് നിര്‍മിക്കുന്നതിനും വാങ്ങുന്നതിനും വാസയോഗ്യമല്ലാത്ത വീടുകളുടെ പുനരുദ്ധാരണത്തിനുമാണ് ബേങ്ക് വായ്പ നല്‍കുന്നത്. പ്രതിവര്‍ഷം ആറ് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ള നഗരപ്രദേശത്തെ 30,000 പേര്‍ക്ക് രണ്ട് വര്‍ഷത്തിനകം ഭവനവായ്പ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍ അറിയിച്ചു.
പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ ഘടകങ്ങളെ കുറിച്ചും നിര്‍വഹണങ്ങളില്‍ വ്യക്തത ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി വിവിധ ബാങ്ക് പ്രതിനിധികള്‍, നഗരസഭാ സെക്രട്ടറിമാര്‍, ഗുണഭോക്താക്കള്‍ എന്നിവര്‍ക്കായി പ്രധാനമന്ത്രി ആവാസ്‌സിംഗ് ബേങ്ക് മേഖലാതല ശില്‍പശാലയും സംഘടിപ്പിച്ചു. ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡിയിലൂടെ സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്ന രീതിയിലുള്ള ഭവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യം.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൊടുപുഴ, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, കല്‍പ്പറ്റ എന്നീ 11 നഗരസഭകളിലെ അര്‍ഹരായ 26,255 ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കികഴിഞ്ഞു.
മൂന്ന് ലക്ഷത്തില്‍ കുറഞ്ഞ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ചതുരശ്രമീറ്റര്‍ കെട്ടിട നിര്‍മാണത്തിനും ആറുലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 60 ചതുരശ്രമീറ്റര്‍ കെട്ടിട നിര്‍മാണത്തിനുമായി ബേങ്കില്‍ നിന്ന് വായ്പ ലഭിക്കും.
ആറ് ലക്ഷം രൂപവരെയുള്ള ബേങ്ക് വായ്പക്ക് 6.5 ശതമാനം പലിശ സബ്‌സിഡി നല്‍കും. ഇതിന് മുകളില്‍ വരുന്ന തുകക്ക് ബാങ്കുകള്‍ നിഷ്‌കര്‍ഷിച്ച സാധാരണ പലിശ നല്‍കണം. പലിശ ഇളവ് ലഭിക്കുന്നതുവഴി വായ്പയെടുക്കുന്ന ഗുണഭോക്താവിന് പരമാവധി 2.2 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും.
ഹഡ്‌കോ, നാഷനല്‍ ഹൗസിംഗ് ബാങ്ക് എന്നിവയാണ് പദ്ധതിക്കായുള്ള കേന്ദ്ര നോഡല്‍ ഏജന്‍സികള്‍.
ഇവയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുള്ള ബേങ്കുകളാണ് വായ്പ അനുവദിക്കുന്നത്. വായ്പക്കായി അപേക്ഷിക്കുന്ന ബാങ്കുകളുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാകും വായ്പാ തുക അനുവദിക്കുക. 15 വര്‍ഷമാണ് വായ്പാ കാലാവധി. പദ്ധതിക്കായി നിലവില്‍ തയാറാക്കിയ ഗുണഭോക്തൃപട്ടികയില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തുന്നതിന് ബാങ്കുകളെ സമീപിക്കാം.
ബാങ്കുകളില്‍ നേരിട്ട് അപേക്ഷ നല്‍കിയാലും നഗരസഭ നല്‍കുന്ന നോ- ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുക.

 

---- facebook comment plugin here -----

Latest