അന്തര്‍ ദേശീയ യുവ പരിശീലന ക്യാമ്പ്: കൊടുവള്ളി സ്വദേശിക്ക് അവസരം

Posted on: October 6, 2016 9:24 am | Last updated: October 6, 2016 at 9:24 am

കൊടുവള്ളി: ഈ മാസം 18 മുതല്‍ 22 വരെ ചാണ്ഡിഗഢ് രാജിവ് ഗാന്ധി നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത് ഡവലപ്പ്‌മെന്റില്‍വെച്ച് നടക്കുന്ന അന്തര്‍ദേശീയ യുവ പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ കൊടുവളളി സ്വദേശിക്കവസരം. കരീറ്റിപ്പറമ്പ് ആനപ്പാറക്കല്‍ അബൂബക്കറിന്റെയും ഖദീജയുടെയും മകന്‍ എ പി മുഹമ്മദ് റാഫി (26) ക്കാണ് ക്ഷണം ലഭിച്ചത്.
കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള യുവജന മന്ത്രാലയം, യൂത്ത് ഫോര്‍ പീസ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പില്‍ 11 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 50 യുവപ്രതിഭകള്‍ പങ്കെടുക്കും. ആഗോളതലത്തില്‍ സമാധാന സന്ദേശമെത്തിക്കാന്‍ യുവ പരിശീലകരെ പ്രാപ്തമാക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ ‘കോമണ്‍വെല്‍ത്ത് യൂത്ത് പീസ്’ അമ്പാസിഡര്‍ നെറ്റ്‌വര്‍ക്കിന്റെ കീഴില്‍ ‘യൂത്ത് അമ്പാസിഡര്‍ ഫോര്‍ പീസ് ‘ ആയി നിയമിതരാവും. 150 രാജ്യങ്ങള്‍ക്ക് അംഗത്വമുള്ള ഇന്റര്‍നാഷണല്‍ യൂത്ത് എന്‍ ജി ഒ സമ്മിന്റെ കേരള അമ്പാസിഡറായി റാഫി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇറ്റലി, വത്തിക്കാന്‍, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന വിവിധ അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ മുഹമ്മദ് റാഫിക്ക് ഇതിനകം അവസരം ലഭിച്ചിട്ടുണ്ട്. കൊച്ചിന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും എം ബി എ ബിരുദമെടുത്ത റാഫി ബെംഗ്ലുരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. കരീറ്റിപ്പറമ്പ് യൂനിറ്റ് എസ് എസ് എഫ് മുന്‍ സെക്രട്ടറിയായിരുന്നു റാഫി.