മുസ്‌ലിംകള്‍ക്ക് സുരക്ഷിത വിദ്യാഭ്യാസത്തിന് വഴിയൊരുക്കുന്ന നിയമം കാലിഫോര്‍ണിയയില്‍ പ്രാബല്യത്തില്‍

Posted on: October 5, 2016 5:31 am | Last updated: October 5, 2016 at 12:32 am

സാന്‍ഫ്രാന്‍സിസ്‌കോ: മുസ്‌ലിംകള്‍ക്കും സിക്ക് വംശജര്‍ക്കും ദക്ഷിണേഷ്യക്കാര്‍ക്കും സ്വതന്ത്ര വിദ്യാഭ്യാസത്തിന് സാഹചര്യമൊരുക്കുന്ന നിയമം യു എസ് സംസ്ഥാനമായ കാര്‍ലിഫോര്‍ണിയയില്‍ പ്രാബല്യത്തില്‍ വന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കും സിക്കുകാര്‍ക്കും എതിരെ അക്രമങ്ങളും വിവേചനങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സുരക്ഷിതമായ സ്‌കൂള്‍ സാഹചര്യത്തിന് വഴിയൊരുക്കുന്ന ‘സേഫ് പ്ലേസ് ടു ലേണ്‍ ആക്ടി’ല്‍ കാലിഫോര്‍ണിയന്‍ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ ഒപ്പുവെച്ചത്. ക്ലാസ് റൂമുകളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന കടുത്ത വിവേചനത്തിന് പുതിയ നിയമം വഴിയൊരുക്കുമെന്ന് സിഖ് സമുദായ നേതാവ് ഹര്‍ജിത് കൗര്‍ പ്രതികരിച്ചു. പൊതു വിദ്യാലയങ്ങളില്‍ തങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ക്കനുസരിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വതന്ത്രമായി വിദ്യാഭ്യാസം നടത്താന്‍ നിയമം വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം, സിഖ് സമുദായങ്ങളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ് നിയമമെന്ന് പൗരാവകാശ അഭിഭാഷകന്‍ സാദ് സീലം പ്രതികരിച്ചു. രാജ്യത്ത് ഇരു സമുദായങ്ങളും അനുഭവിക്കുന്ന കടുത്ത വിവേചനത്തെ തുടര്‍ന്നാണ് അസംബ്ലി അംഗങ്ങള്‍ നിയമം പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സിഖ് തലപ്പാവ് ധരിച്ച് രാജ്യത്തെ വിവിധ സ്‌കൂളുകളിലെത്തുന്ന നിരവധി വിദ്യാര്‍ഥികള്‍ കടുത്ത വിവേചനം അനുഭവിക്കുന്നതായി സിഖ് സമുദായ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവേചനത്തെ പ്രതിരോധിക്കുക, കുറ്റം ചെയ്തവരെ തിരിച്ചറിയുക, അതിനുള്ള പരിഹാരം തുടങ്ങിയവയാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പുറമെ അധ്യാപകര്‍ക്കും സ്‌കൂള്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും നിയമം വഴി പരിരക്ഷ ലഭിക്കും. കാലിഫോര്‍ണിയന്‍ അസംബ്ലിയിലും സെനറ്റിലും ഐക്യകണ്ഠമായാണ് നിയമം പാസാക്കിയത്.