Connect with us

Eranakulam

പാലിയേക്കര സമാന്തര പാത ടോള്‍ പ്ലാസ വീണ്ടും അടച്ചുകെട്ടി

Published

|

Last Updated

പുതുക്കാട്: തൃശൂരിലെ പാലിയേക്കര സമാന്തര പാത ടോള്‍ പ്ലാസ വന്‍ പോലീസ് സാന്നിധ്യത്തില്‍ വീണ്ടും അടച്ചുകെട്ടി. ശനിയാഴ്ച രാത്രി സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുറന്ന പാതയാണ് ഇന്നലെ പുലര്‍ച്ചെ ഇരുമ്പ് റെയില്‍ ഉപയോഗിച്ച് അടച്ചത്. ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ ഇനി ഇതുവഴി കടന്നുപോകാന്‍ കഴിയൂ. ഇവിടെ പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ആരംഭിച്ച അടച്ചുകെട്ടല്‍ പ്രവൃത്തി ആറ് മണിക്കാണ് പൂര്‍ത്തീകരിച്ചത്. സമാന്തര പാതയില്‍ ടോള്‍ കമ്പനി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന തടസ്സം കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയിരുന്നു. ഇതോടെ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ടോള്‍ നല്‍കാതെ കടന്നുപോകുന്ന സ്ഥിതിയുണ്ടായി.
സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജന. സെക്ര. ജോയ് കൈതാരത്ത്, സുജിത്ത് ഇടശ്ശേരി എന്നിവര്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് തടസം മാറ്റാന്‍ ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കലക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ നാഷനല്‍ ഹൈവേ അധികൃതരോ ടോള്‍ കമ്പനിയോ പോലീസോ തയ്യാറായിരുന്നില്ല. ഈ ഘട്ടത്തിലാണ് നാട്ടുകാര്‍ രംഗത്തിറങ്ങി തടസങ്ങള്‍ നീക്കം ചെയ്തത്. എന്നാല്‍ ഇതിനിടയിലാണ് പാതയുടെ ഒരുഭാഗത്ത് കോണ്‍ക്രീറ്റില്‍ സ്ഥാപിച്ചിരുന്ന മൂന്ന് ഇരുമ്പ് റെയില്‍ പ്ലേറ്റുകള്‍ പൂര്‍ണമായും അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തിയത്. ഇതിനെതിരെ ടോള്‍ കമ്പനി പോലീസിലും മറ്റും പരാതി നല്‍കിയിരുന്നു.
പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ തന്നെ തൂണുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയെന്നാണ് പറയുന്നത്. ഇത് ടോള്‍ കുത്തകയും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ ഹാഷിം ചേന്ദംപിള്ളിയും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനും ആരോപിച്ചു.