മാള്‍ട്ടാപനി ബാധിച്ച ഉരുക്കള്‍ക്ക് ദയാവധം

Posted on: October 4, 2016 6:00 am | Last updated: October 3, 2016 at 11:36 pm
SHARE

cowമണ്ണാര്‍ക്കാട്: കാര്‍ഷിക സര്‍വകലാശാലയുടെ തിരുവിഴാംകുന്ന് കന്നുകാലി ഫാമില്‍ മാരക രോഗമായ ബ്രുസില്ലോസിസ് (മാള്‍ട്ടാ പനി) ബാധിച്ച 92 ഉരുക്കളെ ദയാവധം നടത്തി. ഇതില്‍ 15 കന്നുകുട്ടികളും ഉള്‍പ്പെടും. ഏറെ വിവാദങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ഇന്നലെ ദയാവധം നടത്തിയത്. രാവിലെ 9 മണിക്ക് ആരംഭിച്ച ദയാവധം വൈകുന്നേരം 7മണിയോടെയാണ് തീര്‍ന്നത്.
മയക്കാനുളള മരുന്ന് അമിത അളവില്‍ നല്‍കിയാണ് ദയാവധം നടത്തിയത്. തുടര്‍ന്ന് മൂന്ന് മീറ്റര്‍ താഴ്ചയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വലിയ ട്രഞ്ച് എടുത്ത് ഒരു ഉരുവിന് 50 കിലോ കുമ്മായം എന്ന കണക്കില്‍ നിരത്തിയാണ് കാലികളെ സംസ്‌കരിച്ചത്. ഒരേക്കറോളം വരുന്ന ഫാമിലെ സ്ഥലമാണ് ഇതിനുപയോഗിച്ചത്. ഈ പ്രദേശം പ്രത്യേക സംരക്ഷിത മേഖലയായി വേര്‍ത്തിരിച്ചിട്ടുണ്ട്.ഒമ്പത് അംഗങ്ങളുളള പത്ത് സംഘങ്ങളായാണ് ഉരുക്കളെ ഘട്ടം ഘട്ടമായി ദയാവധം നടത്തുകയും സംസ്‌കരിക്കുകയും ചെയ്തത്. ഓരോ സംഘത്തിലും ഒരു സീനിയര്‍ പ്രൊഫസര്‍, രണ്ട് അസി. പ്രൊഫസര്‍, രണ്ട് വെറ്ററിനറി ഡോക്ടര്‍മാര്‍, ആരോഗ്യ വകുപ്പില്‍ നിന്നും ഒരു ജീവനക്കാരന്‍, മൂന്ന് ഫാം തൊഴിലാളികള്‍ എന്നിവരാണുണ്ടായിരുന്നത്.
ദയാവധത്തിനും സംസ്‌കരണത്തിനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇല്ല്യാസിനെ കൂടാതെ പ്രദേശത്തെ മൂന്ന് ജനപ്രതിനിധികളും സന്നിഹിതരായിരുന്നു. കാര്‍ഷിക സര്‍വ്വകലാശാല ഉന്നതതല കമ്മിറ്റി അംഗങ്ങളായ ഡോ.ദേവത, ഡോ. ഉഷ, ഡോ.ലത, ഡോ.മിനി, ഡോ.ശ്യാംമോഹന്‍, തിരുവിഴാംകുന്ന് ഫാം ഹെഡ് ഷിബു സൈമണ്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. സര്‍വ്വകലാശാലയുടെ വിവിധ ഫാമുകളില്‍ നിന്നുളള ഉദ്ദ്യോഗസ്ഥരും സ്ഥലത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here