എത്യോപ്യയില്‍ വാര്‍ഷിക മതചടങ്ങിനിടെ വെടിവെപ്പ്; 50 മരണം

Posted on: October 3, 2016 9:17 am | Last updated: October 3, 2016 at 9:17 am

ethyopiaഅഡിസ് അബാബ: എത്യോപ്യയിലെ ഓറോമിയ മേഖലയില്‍ മത ചടങ്ങിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു.
തലസ്ഥാന നഗരിയായ അഡിസ് അബാബയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ബിഷോഫ്തു നഗരത്തിലാണ് സംഭവം. വാര്‍ഷികാഘോഷമായ ഇറീച്ച ഫെസ്റ്റിവലിന്റെ ഭാഗമായി പതിനായിരക്കണക്കിന് പേരാണ് ഇവിടെ സംഘടിച്ചിരുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇവിടെ കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നു വരികയാണ്. ഈ പ്രതിഷേധം ഇന്നലെ നടന്ന വാര്‍ഷികാഘോഷ പരിപാടിക്കിടെ ആളിക്കത്തുകയായിരുന്നു. മരണ സംഖ്യയില്‍ സര്‍ക്കാര്‍ ഔദ്യോഗികമായ കണക്കുകള്‍ പറയുന്നില്ല.
വാര്‍ഷികാഘോഷ പരിപാടിയില്‍ ഉദ്ഘാടന പ്രസംഗം നടക്കുന്നതിനിടെ, തങ്ങള്‍ക്ക് നീതി വേണമെന്നും സ്വാതന്ത്ര്യം വേണമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ ജനക്കൂട്ടം മുഴക്കുകയായിരുന്നു. സര്‍ക്കാര്‍ ഭീകരവാദ സംഘടനയെന്ന് മുദ്ര കുത്തപ്പെട്ട ഓറോമൊ ലിബറേഷന്‍ സംഘടനയുടെ പതാകകള്‍ ചിലര്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്തിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രക്ഷോഭകാരികള്‍ക്ക് നേരെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചതോടെ ജനം ഭയന്നോടുകയും ചിലര്‍ വീഴുകയും ചെയ്യുകയായിരുന്നു. മരിച്ചെന്ന് സംശയിക്കുന്ന നിരവധി പേരെ വലിച്ചിഴച്ചു കൊണ്ടു പോകുന്നത് കണ്ടതായും ഇവരില്‍ പലര്‍ക്കും ജീവനില്ലെന്ന് ഉറപ്പാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
ടിയര്‍ ഗ്യാസ് പ്രയോഗിച്ചതോടെ ജനം ചിതറിയോടിയതാണ് അപകട കാരണമെന്ന് കമ്മ്യൂണിക്കേഷന്‍ ഓഫീസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രക്ഷോഭത്തില്‍ 50 പേരെങ്കിലും കൊല്ലപ്പെട്ടതായി പ്രതിപക്ഷ പാര്‍ട്ടിയായ ഓറോമൊ ഫെഡറേഷന്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ മെരേര ദുധീന പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളുമായി തന്റെ പാര്‍ട്ടി ചര്‍ച്ച നടത്തുമെന്നും ഓറോമിയയില്‍ പ്രശ്‌നമില്ലെന്ന് വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 25 വര്‍ഷമായി റെവല്യൂഷനറി ഡെമോക്രാറ്റിക് മുന്നണിയാണ് എത്യോപ്യയില്‍ ഭരണം നടത്തുന്നത.് കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലൂം നേടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ ഒരു സീറ്റാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേടാനായത്.
ഒറോമിയ പ്രവിശ്യയിലേക്ക് തലസ്ഥാന നഗരിയുടെ പരിധി കൊണ്ടു വരികയും ഇവിടെ വികസന പ്രവൃത്തികള്‍ കൊണ്ടു വരാന്‍ സര്‍ക്കാര്‍ 2014ല്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഈ ഭൂമി കൃഷിഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഓറോമിയക്കാര്‍ പ്രക്ഷോഭം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം നടന്ന പ്രക്ഷോഭങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.