വെല്ലുവിളികളെ ഒന്നിച്ചു നിന്നു ചെറുക്കണം: കാന്തപുരം

Posted on: October 3, 2016 9:07 am | Last updated: October 3, 2016 at 9:07 am
SHARE

sys-state-council-meetകോഴിക്കോട്: സ്വന്തം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും സമാധാനത്തിനും പുരോഗതിക്കും സമയം കണ്ടത്തേണ്ട അയല്‍ രാജ്യത്തെ ഭരണാധികാരികള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയില്ലന്ന് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. രാജ്യത്തിനെതിരെ വരുന്ന ഏതു വെല്ലുവിളികളെയും ഒന്നിച്ചു നിന്ന് ചെറുക്കാന്‍ നാം തയ്യാറാവണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. എസ് വൈ എസ് സംസ്ഥാന പ്രതിനിധി സമ്മേളനം മര്‍കസ് നോളജ് സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയല്‍ രാജ്യങ്ങളില്‍ കലാപം സൃഷ്ടിക്കാനുള്ള പാക്കിസ്ഥാനിന്റെ സമീപനത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണം.ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ഇസ്‌ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാജ്യത്തെ മതപണ്ഡിതരുമായി കൂടിയാലോചിച്ച് നിലപാടുകള്‍ സ്വീകരിക്കാര്‍ തയ്യാറാവണം. ഏക സിവില്‍ കോഡ്, മുത്വലാഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ട്. രാഷ്ടത്തിന്റെ നന്മക്കും പുരോഗതിക്കും വ്യത്യസ്ഥ മതവിഭാഗങ്ങളെ ഒന്നിച്ചു നയിക്കാന്‍ കഴിയുമ്പോഴാണ് ഭരണാധികാരികള്‍ക്ക് വിജയിക്കാന്‍ കഴിയുകയെന്നും കാന്തപുരം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകള്‍ക്ക് പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, മജീദ് കക്കാട്, സി പി സൈദലവി, സയ്യിദ് ത്വാഹാതങ്ങള്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി ഡോ.അബ്ദുല്‍ ഹകീം അസ്ഹരി പി കെ എം ഇരിങ്ങല്ലൂര്‍, അബ്ദുല്ലത്വീഫ് സഅദി, റഹ്മത്തുല്ല സഖാഫി, മുഹമ്മദ് പറവൂര്‍, എം മുഹമ്മദ് സ്വാദിഖ, എസ് ശറഫുദ്ദീന്‍, എം വി സിദ്ദീഖ് സഖാഫി, ജബ്ബാര്‍ സഖാഫി നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here