ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകാന്‍ തന്നെ നിയോഗിച്ചത് മയക്കുമരുന്ന് മാഫിയ: അഡ്വ. ബി എ ആളൂര്‍

Posted on: October 1, 2016 11:57 pm | Last updated: October 1, 2016 at 11:57 pm

തിരുവനന്തപുരം: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകാന്‍ തന്നെ നിയോഗിച്ചത് മയക്കുമരുന്ന് മാഫിയയാണെന്ന് അഡ്വ. ബി എ ആളൂരിന്റെ വെളിപ്പെടുത്തല്‍. ഗോവിന്ദച്ചാമിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുംബൈയില്‍ സജീവമാണെന്നും ഇയാള്‍ മയക്കുമരുന്ന് മാഫിയയിലെ കണ്ണിയാണെന്നും ആളൂര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതില്‍ കുറ്റബോധമില്ല. സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തു എന്നത് പോലീസ് കെട്ടിച്ചമച്ച കഥയാണ്. മോഷണം മാത്രമായിരുന്നു അയാളുടെ ഉദ്ദേശം. ബലാത്സംഗ കുറ്റത്തിനായി പോലീസ് ഹാജരാക്കിയ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണ്.
മുംബൈയുടെ പലഭാഗങ്ങളില്‍ ലഹരി മരുന്ന് കേസുകളില്‍ പിടിയിലായ ആളുകളാണ് ഗോവിന്ദച്ചാമിക്ക് വേണ്ടി തന്നെ സമീപിച്ചത്. ഇവര്‍ മുംബൈ, പനവേല്‍ പ്രദേശങ്ങളില്‍ നിന്നുള്ള മയക്കുമരുന്നു സംഘമാണ്. ഇവരില്‍ തമിഴ്‌നാട് സ്വദേശികളും ഉണ്ടെന്നും ആളൂര്‍ വെളിപ്പെടുത്തി. മറ്റ് പല കേസുകളിലുമെന്നപോലെ ഇക്കാര്യത്തിലും തങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ആളൂരിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പ്രതപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ വെളിപ്പെടുത്തല്‍ കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാണെന്നാണ് നിയമവിദഗ്ധരും സൗമ്യയുടെ അമ്മയും പ്രതികരിച്ചത്.