താമരശ്ശേരിയില്‍ അനധികൃത കുന്നിടിക്കലും വയല്‍ നികത്തലും തടയാന്‍ റവന്യൂ വകുപ്പ് രംഗത്ത്

Posted on: September 29, 2016 10:27 pm | Last updated: September 29, 2016 at 10:27 pm
റവന്യൂ വകുപ്പ് പിടികൂടിയ ടിപ്പറുകളും ജെ സി ബി കളും താമരശ്ശേരി താലൂക്കോഫീസിനു മുന്നില്‍.
റവന്യൂ വകുപ്പ് പിടികൂടിയ ടിപ്പറുകളും ജെ സി ബി കളും താമരശ്ശേരി താലൂക്കോഫീസിനു മുന്നില്‍.

താമരശ്ശേരി: അനധികൃത കുന്നിടിക്കലും വയല്‍ നികത്തലും തടയാന്‍ റവന്യൂ വകുപ്പ് രംഗത്ത്. താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍നിന്നായി അഞ്ച് ജെ സി ബി യും അഞ്ച് ടിപ്പറും പിടിച്ചെടുത്തു. തമരശ്ശേരി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ അനധികൃത കുന്നിടിക്കലും വയല്‍ നികത്തലും വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് തഹസില്‍ദാറുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയത്. കൂടത്തായി ചാമോറ ഭാഗത്ത് ഇന്നലെ രാവിലെ നടന്ന പരിശോധനയില്‍ അനധികൃതമായി കുന്നിടിക്കുകയായിരുന്ന ഒരു ജെ സി ബിയും മണ്ണ് കടത്തുകയായിരുന്ന രണ്ട് ടിപ്പറുകളും തഹസില്‍ദാര്‍ പിടിച്ചെടുത്തു. ലാന്റ് റവന്യൂ കമ്മീഷ്ണറുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് പുതുപ്പാടി, കട്ടിപ്പാറ ഭാഗങ്ങളില്‍ അവധി ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാല് ജെ സി ബി യും മൂന്ന് ടിപ്പറുകളും പിടിച്ചെടുത്തിരുന്നു.
വീട് നിര്‍മാണത്തിനുള്ള ഗ്രാമപഞ്ചായത്തിന്റെ അനുമതി ഉപയോഗിച്ചും യാതൊരു രേഖകളും ഇല്ലാതെയും വലിയ കുന്നുകള്‍ ഇടിച്ച് നിരത്തുകയാണ് പതിവ്. ജീവന്‍പോലും പണയപ്പെടുത്തി പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ കോടതിയില്‍ നിന്നും ഉത്തരവ് സമ്പാധിക്കുന്നതാണ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിയാവുന്നത്. കോടതിയില്‍ നിന്നും എളുപ്പത്തില്‍ അനുകൂല വിധി സമ്പാധിക്കാന്‍ ചില അഭിഭാഷകരുടെ സഹായം ലഭിക്കുന്നതായും സൂചനയുണ്ട്. കുന്നിടിക്കലും വയല്‍ നികത്തലും സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതായി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് പറഞ്ഞു. ഇതിന്ന് ഭൂ മാഫിയയുടെ പിന്തുണയുള്ളതായും ഇതിന്നെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.