Connect with us

Gulf

രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ 14 മലയാളികള്‍; ഒന്നാം സ്ഥാനത്ത് യൂസുഫലി

Published

|

Last Updated

ദുബൈ: തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി മുകേഷ് അംബാനി തന്നെ. മലയാളികളില്‍ ഒന്നാം സ്ഥാനത്ത് എം എ യൂസുഫലി. ചൈന ആസ്ഥാനമായ ഹുരൂണ്‍ മാസികയുടെ 2016ലെ ആഗോള സമ്പന്നരുടെ പട്ടികയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 1.63 ലക്ഷം കോടി രൂപയുടെ ആസ്തിയോടെയാണ് മുകേഷ് ഈ സ്ഥാനത്തെത്തിയത്.
സണ്‍ ഫാര്‍മയുടെ ദിലീപ് സംഗ്‌വിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നന്‍ ആസ്തി 1.21 ലക്ഷം കോടി രൂപ. ഈ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിയാണ്. അതിസമ്പന്നരുടെ പട്ടികയില്‍ ഇത്തവണ 14 മലയാളികളാണ് ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യക്കാരില്‍ കഴിഞ്ഞവര്‍ഷം നാലാം സ്ഥാനത്തുണ്ടായിരുന്ന അസീം പ്രേംജി ഇത്തവണ 74,700 കോടി രൂപയൂടെ ആസ്തിയുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഷാപൂര്‍ജിയുടെ ചെയര്‍മാനായ പല്ലോണ്‍ജി മിസ്ത്രി മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഇദ്ദേഹത്തിന്റെ ആസ്തി 1.01 ലക്ഷം കോടി രൂപയാണ്. ഹിന്ദുജ സഹോദരന്മാരാണ് ഒരു ലക്ഷം കോടി രൂപയുടെ ആസ്തിയുമായി നാലാം സ്ഥാനത്ത് ഉള്ളത്.
36,600 കോടി രൂപയുടെ ആസ്തിയുള്ള എം എ യൂസുഫലി ഇന്ത്യയിലെ സമ്പന്നരില്‍ പതിനാറാം സ്ഥാനത്താണുള്ളത്. വിദേശത്ത് വസിക്കുന്ന ഇന്ത്യക്കാരില്‍ മൂന്നാം സ്ഥാനവും യൂസുഫലിക്കാണ്. ഇന്ത്യക്ക് വെളിയിലുള്ള സമ്പന്നരില്‍ ഒന്നാം സ്ഥാനത്ത് എസ് പി ഹിന്ദുജയും രണ്ടാം സ്ഥാനത്ത് ലക്ഷ്മി മിത്തലുമാണുള്ളത്. ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയാണ് 18,800 കോടി രൂപയുടെ ആസ്തിയുമായി മലയാളികളില്‍ യൂസുഫലിക്ക് തൊട്ടുപിന്നില്‍. ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (14,200 കോടി രൂപ), ഇന്‍ഫോസിസിന്റെ എസ് ഗോപാലകൃഷ്ണന്‍ (8,400 കോടി), ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി എന്‍ സി മേനോന്‍ (7,000 കോടി) എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍. ഇതാദ്യമായി പതഞ്ജലി ഗ്രൂപ്പ് സി ഇ ഒ ആചാര്യം ബാലകൃഷ്ണ 25,600 കോടി രൂപയുടെ ആസ്തിയുമായി പട്ടികയില്‍ ഇരുപത്തിയാറാമനായി ഇടം പിടിച്ചു. ശിവ് നാടാര്‍ (73,000 കോടി), ലക്ഷ്മി മിത്തല്‍ (66,900 കോടി), സുനില്‍ മിത്തല്‍ (50,300 കോടി), ഗൗതം അദാനി (42,400 കോടി), ഡാബര്‍ ചെയര്‍മാന്‍ ആനന്ദ് ബര്‍മ്മന്‍ (41,800 കോടി), എന്നിവരാണ് പട്ടികയിലുള്ള മറ്റ് പ്രമുഖര്‍.

---- facebook comment plugin here -----

Latest