പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ശരീരത്തില്‍ തറച്ച മുള്ള്:വ്യോമസേന മേധാവി

Posted on: September 1, 2016 10:57 pm | Last updated: September 2, 2016 at 10:09 am

airന്യൂഡല്‍ഹി:സൈനിക നടപടികള്‍ ശക്തമാക്കിയിരുന്നുങ്കില്‍ പാക് അധീന കാഷ്മീര്‍ ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമായിരുന്നേനെയെന്ന് വ്യോമസേനാ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ. പാക് അധിനിവേശ കശ്മീരിനെ ‘ഇന്ത്യയുടെ ശരീരത്തില്‍ തറച്ച മുള്ള്’ എന്നാണ് റാഹ വിശേഷിപ്പിച്ചത്. 1971ലെ ഇന്ത്യ-പാക്ക് യുദ്ധം വരെ ഇന്ത്യ തങ്ങളുടെ സൈനിക ശക്തി അതിന്റെ പൂര്‍ണതോതില്‍ കാഷ്മീര്‍ വിഷയത്തില്‍ പ്രയോഗിച്ചിട്ടില്ലെന്നും ഡല്‍ഹിയില്‍ ഒരു സെമിനാറില്‍ പ്രസംഗിക്കവെ അരൂപ് രാഹ പറഞ്ഞു.

പാക് അധീന കാഷ്മീരിനെ ഇന്ത്യയുടെ ശരീരത്തില്‍ തറച്ചിരിക്കുന്ന മുള്ളെന്നാണ് രാഹ വിശേഷിപ്പിച്ചത്. സുരക്ഷാ കാര്യങ്ങളില്‍ പ്രായോഗിക നിലപാട് മാത്രം എന്നത് ശരിയല്ലെന്നതാണ് തന്റെ നിലപാട് . രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളുണ്ടായപ്പോഴെല്ലാം അതിനെ നേരിടുന്നതിനും പരിഹരിക്കുന്നതിനും ഇന്ത്യയുടെ സൈനിക ശക്തി പൂര്‍ണമായും ഉപയോഗിക്കുന്നതില്‍, പ്രത്യേകിച്ചും വ്യോമസേനയുടെ കരുത്ത് ഉപയോഗിക്കുന്നതില്‍ ഇന്ത്യ മടി കാണിക്കുകയായിരുന്നു. 1971ലെ യുദ്ധത്തില്‍ മാത്രമാണ് കാര്യമായി ഉപയോഗിച്ചതെന്നും ഇന്ന് കാര്യങ്ങള്‍ ഒരുപാട് മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വ്യോമശക്തി സ്വയം പ്രതിരോധിക്കാനും മറ്റുള്ളവരെ ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും കെല്‍പ്പുള്ളതാണെന്നും അരൂപ് റാഹ പറഞ്ഞു.

ഇന്ത്യയുടെ സുരക്ഷാ സാഹചര്യങ്ങള്‍ ഇപ്പോഴും മോശമാണ്. രാജ്യത്തിന്റെ സൈനിക ശക്തിയുടെ ഭാഗമായ വ്യോമസേനയുടെ കരുതല്‍, പാക്ക് അധീന കാഷ്മീരിലെ ഭീഷണികള്‍ നേരിടുന്നതിനും സമാധാനവും ശാന്തതയും ഉറപ്പുവരുത്തുന്നതിനും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.