വര്‍ഗീയതയുടെ ആശ്രയ സ്രോതസ്സുകള്‍ക്ക് ഇസ്‌ലാമിന്റെ പാരമ്പര്യമറിയില്ല: ഫാറൂഖ് നഈമി

Posted on: August 17, 2016 10:22 am | Last updated: August 17, 2016 at 10:22 am

കോഴിക്കോട്: ഇസ്‌ലാം പ്രചരിച്ചത് രാഷ്ട്രീയാധിപത്യത്തിലൂടെയും സായുധ പോരാട്ടങ്ങളിലൂടെയും അല്ലെന്നും മാതൃകാ ജീവിതം നയിച്ച സാത്വികരിലൂടെയാണെന്നും എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ പി എ ഫാറൂഖ് നഈമി കൊല്ലം പ്രസ്താവിച്ചു.
ഡല്‍ഹി അടക്കി ഭരിച്ച മുസ്‌ലിം ഭരണാധികാരികളുടെ പ്രതാപത്തില്‍ ഇസ്‌ലാം വളര്‍ച്ച പ്രാപിച്ചിട്ടില്ല. അജ്മീര്‍ ഖാജ മുഈനുദ്ദീന്‍ ചിശ്തി (റ) വിന്റെ മാതൃകാജീവിതം ഒട്ടനവധി പേരെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാനിടയായിട്ടുണ്ട്. ആയുധങ്ങളിലൂടെ ഇസ്‌ലാമിനെ വളര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് പറയുന്നവര്‍ ഇസ്‌ലാമിന്റെ പാരമ്പര്യത്തെ അറിയാത്തവരാണ്. ഐ എസിനെയും അവരുടെ ആശ്രയ സ്രോതസ്സുകളെയും മുസ്‌ലിംകള്‍ എതിര്‍ക്കാന്‍ കാരണവും ഇതുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് എസ് എഫ് ജില്ലാ കമ്മിറ്റി കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദലി കിനാലൂര്‍, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി, ശഫീഖ് ബുഖാരി കാന്തപുരം സംബന്ധിച്ചു.