കേരള യൂനിവേഴ്‌സിറ്റി യൂനിയന്‍ എസ് എഫ് ഐക്ക്‌

Posted on: June 22, 2016 5:27 am | Last updated: June 22, 2016 at 12:28 am

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂനിയന്‍, സെനറ്റ് തിരഞ്ഞെടുപ്പുകളില്‍ എസ് എഫ് ഐ-എ ഐ എസ് എഫ് സഖ്യത്തിന് വിജയം. ചെയര്‍പേഴ്‌സണായി നെയ്യാര്‍ഡാം കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാന്‍നേജ്‌മെന്റിലെ കോ ളജിലെ എസ് ആഷിതയും ജനറല്‍ സെക്രട്ടറിയായി ശ്രീകാര്യം ലയോള കോളജിലെ ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ് എം എ നാലാംസെമസ്റ്റര്‍ വിദ്യാര്‍ഥി ആര്‍ അമലും തിരഞ്ഞെടുക്കപ്പെട്ടു. ആഷിത 113 വോട്ട് നേടിയപ്പോള്‍ എതിരാളി കെ എസ് യുവിലെ അമല്‍ വില്യമിന് 25 വോട്ടാണ് ലഭിച്ചത്. ജനറല്‍ സെക്രട്ടറിയായ ആര്‍ അമല്‍ 116 വേട്ട് നേടി.
മറ്റു ഭാരവാഹികള്‍ വൈസ് ചെയര്‍മാന്‍മാര്‍: എസ് ആര്‍ രമ്യ (ടികെഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കൊല്ലം), നിധിന്‍ സാംബശിവന്‍ (യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം), എ അഖില്‍രാജ് (എസ്ഡി കോളേജ് ആലപ്പുഴ), ജോയിന്റ് സെക്രട്ടറിമാര്‍: അക്ഷയ് അശോക് (ബി ജെ എം കോളേജ് ചവറ), ആര്‍ നന്ദുരാജ് (ഗവ. ലോ കോളേജ് തിരുവനന്തപുരം) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള 15 സീറ്റുകളില്‍ 12 ഉം എസ് എഫ് ഐ എ ഐ എസ് എഫ് സംഖ്യം തൂത്തുവാരി. അക്കൗണ്ട്‌സ് കമ്മിറ്റിയിലേക്കുള്ള അഞ്ചില്‍ നാലു സീറ്റും എസ് എഫ് ഐക്കാണ്.
സെനറ്റിലേക്കുള്ള വിദ്യാര്‍ഥി പ്രതിനിധി തിരഞ്ഞെടുപ്പില്‍ പത്തില്‍ ആറു സീറ്റും എസ് എഫ് ഐക്കാണ്. രാഹില്‍ ആര്‍ നാഥ് (തിരുവനന്തപുരം), ആര്‍ രവികുമാര്‍(കൊല്ലം), എസ് കൃഷ്‌ണേന്ദു (ആലപ്പുഴ), പി മനേഷ് (ഗവേഷകന്‍, കാര്യവട്ടം ക്യാമ്പസ്), ആദര്‍ശ്ഖാന്‍ (തിരുവനന്തപുരം) എന്നിവരാണ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്എഫ്‌ഐ നേതാക്കള്‍. എ ഐ എസ് എഫിലെ എ അന്‍വര്‍ഷയും തിരഞ്ഞെടുക്കപ്പെട്ടു. ബാഹുല്‍ കൃഷ്ണ, ഗോകുല്‍ കിളിമാനൂര്‍,ബിനു പ്രേം, ഡി സി അനൂപ് എന്നിവര്‍ കെ എസ് യു പ്രതിനിധികളായി സെനറ്റിലെത്തി.സ്റ്റുഡന്റ്‌സ് കൗണ്‍സിലില്‍ പത്തില്‍ എട്ടു സീറ്റും എസ് എഫ് ഐക്ക് ലഭിച്ചു. എ ബി വി പിക്ക് ഒരു സീറ്റും ലഭിച്ചില്ല.