പരിസ്ഥിതിയെക്കുറിച്ച് ചില തവളക്കാര്യങ്ങള്‍

ഇന്നലെ വരെ പാടത്തും പറമ്പത്തും തൊടിയിലും കണ്ടിരുന്ന നാനാജാതി തവളകളില്‍ പലതും നമ്മുടെ കണ്‍വെട്ടത്ത് നിന്നും മറയുന്നത് നാം അറിഞ്ഞിരുന്നില്ല. രോഗം വിതക്കുന്ന കീടങ്ങളെ തിന്നുതീര്‍ത്ത് മനുഷ്യന് എക്കാലത്തും സഹായകമായി മാറിയിരുന്ന ഒരു ജീവി വര്‍ഗമെന്നതിലുപരി നമ്മുടെ പരിസ്ഥിതിയുടെ സൂചകമായിരുന്ന ഒരു ജീവി നമുക്ക് മുന്നിലൂടെ നാം കാണാതെയാണ് കടന്നുപോകുന്നത്. കാല്‍ നൂറ്റാണ്ട് മുമ്പ് വിദേശ മാര്‍ക്കറ്റുകളിലേക്ക് തവളക്കാലുകള്‍ കയറ്റുമതി ചെയ്ത് ഡോളര്‍ സമ്പാദിക്കാന്‍ ഈ ഉഭയജീവികളെ കണ്ടമാനം കൊന്നൊടുക്കിയിരുന്നു. കിട്ടിയ ഡോളറുകളേക്കാള്‍ പതിന്മടങ്ങ് നല്‍കി ഡി ഡി ടി അടക്കമുള്ള കീടനാശിനികള്‍ ഇറക്കേണ്ടിവന്നതിന് പിന്നിലെ ചതി വളരെ വൈകിയാണ് നാം തിരിച്ചറിഞ്ഞത്. വിദേശ നാണ്യം നേടലാണ് വികസനമെന്ന് വിശ്വസിപ്പിച്ച് എന്തിനെയും കൊല്ലുകയും വളര്‍ത്തുകയും കയറ്റിയയക്കുകയും ചെയ്യുന്നത് ദാരിദ്ര്യവും അനാരോഗ്യവും വിളയിക്കുകയാണെന്ന് ഏറെ കാലത്തിന് ശേഷമാണ് നാം അടുത്ത് കണ്ടത്.
Posted on: June 12, 2016 4:54 am | Last updated: June 11, 2016 at 11:57 pm

environment day#സി വി സാജു
മഞ്ഞ വെളിച്ചമുള്ള മണ്ണെണ്ണ വിളക്ക് കിണ്ണത്തിലെ വെള്ളത്തിലിറക്കിവെച്ച് മഴപ്പാറ്റകളെ കൊന്ന് കളഞ്ഞ, സന്ധ്യാ നിറമുള്ള കുട്ടിക്കാലം… വയല്‍ക്കരയിലെ വീട്ടിലെ തുറന്നിട്ട ജാലകത്തിനുള്ളിലൂടെ ഒന്നാം വിളകൊയ്‌തെടുത്ത കണ്ടത്തിലെ ചേറിന്റെ മണം തേവിത്തരുന്ന ഇരുട്ടത്തെ കാറ്റ്. ഇടക്കെപ്പോഴോ ആര്‍ത്തലച്ച് വന്ന് വെപ്രാളത്തോടെ പെയ്‌തൊഴിഞ്ഞ മഴ. കണ്ടത്തിലെ പതഞ്ഞ് മറഞ്ഞ ചെളിക്കുണ്ടിനിടയില്‍ നിന്ന് മാനം നോക്കി ആര്‍പ്പുവിളിക്കുന്ന മാക്രികള്‍. കണ്ണെത്താ ദൂരം നീണ്ട് കിടക്കുന്ന വയലിന്റെ മാറില്‍ നിന്ന് മുഴങ്ങുന്ന തവളകളുടെ വിജയഭേരി ഗാനമായി മുഴങ്ങി. ഒടുവിലത് സുഖകരമായ സുഷുപ്തിക്ക് വഴിതുറന്നു.
പച്ചപാവാടയിട്ട പാടങ്ങളില്‍ തുമ്പികള്‍ക്കൊപ്പം പാറിനടന്ന നാളുകളിലും, പുഞ്ചനെല്ലിന്റെ കറ്റയേറ്റി തളര്‍ന്ന പകലുകളിലും കണ്ണിമാങ്ങ പെറുക്കാനെത്തിയ പുളിയന്‍മാവിന്റെ തണലിന്റെ തണുപ്പിലും വലിയ ഉണ്ടക്കണ്ണുള്ള അവയെ നാം യഥേഷ്ടം അന്ന് കാണാറുണ്ടായിരുന്നു. പല നിറത്തിലും രൂപത്തിലും ഭാവത്തിലും….ഇന്ന് കാലം തെറ്റി മഴപെയ്തു, പുഞ്ചനെല്ല് ചെളിയില്‍ കുതിര്‍ന്ന് വീണ് മുളപൊട്ടി, കൃഷി നഷ്ടത്തിന്റെ കണക്കുകള്‍ പിന്നെയും പിന്നെയും കൂടി വന്നു. നഷ്ടക്കണക്കുകള്‍ ആകാശത്തോളം വളര്‍ന്നപ്പോള്‍ കുന്നിടിച്ച് പാടം നികത്തി. കോണ്‍ക്രീറ്റ് കൂടാരങ്ങളുടെ എണ്ണം പെരുകി. ഞാറ്റു പച്ചയുടെ കടലിരമ്പുന്ന കാഴ്ചകള്‍ കണ്‍മറഞ്ഞു. കാലവും നമ്മളും മാറിയപ്പോള്‍ പാടത്തും പറമ്പിലും പ്രകൃതിക്ക് വേണ്ടി പാട്ടുപാടിയ ആ ‘ഉണ്ടകണ്ണന്‍മാരെ’ കണ്ടില്ല. ആരും അവരെ ഓര്‍ത്തതുമില്ല. കൊടും ചൂട് തീക്കാറ്റായി മാറിയപ്പോള്‍, എയര്‍കണ്ടീഷനും ഫാനുമില്ലാതെ ഒരു നിമിഷം പോലും കഴിയാനാകില്ലെന്ന് അനുഭവം പഠിപ്പിച്ചപ്പോള്‍ തവളകളുടെ നാശം പാരിസ്ഥിതിക മാറ്റങ്ങളുടെ ഒരു ലക്ഷണമായിരുന്നെന്ന് ഒടുവില്‍പ്പോലും നാം തിരിച്ചറിഞ്ഞില്ല.
കോടിക്കണക്കിന് കൊല്ലങ്ങള്‍ക്ക് മുന്‍പ് ഭൂമിയിലുടലെടുത്ത, നട്ടെല്ലുള്ള ആദ്യ ഉഭയജീവിയെന്ന് ശാസ്ത്രം പറഞ്ഞു തന്ന തവളകള്‍ വംശനാശം അഭിമുഖീകരിക്കുന്ന ജീവി വര്‍ഗങ്ങളില്‍ മുഖ്യ സ്ഥാനത്തെത്തിയെന്ന് അറിയുമ്പോള്‍ ആരും ഇന്ന് ഒന്നമ്പരന്നേക്കാം. ഇന്നലെ വരെ പാടത്തും പറമ്പത്തും തൊടിയിലും കണ്ടിരുന്ന നാനാജാതി തവളകളില്‍ പലതും നമ്മുടെ കണ്‍വെട്ടത്ത് നിന്നും മറയുന്നത് നാം അറിഞ്ഞിരുന്നില്ല. രോഗം വിതക്കുന്ന കീടങ്ങളെ തിന്നുതീര്‍ത്ത് മനുഷ്യന് എക്കാലത്തും സഹായകമായി മാറിയിരുന്ന ഒരു ജീവി വര്‍ഗമെന്നതിലുപരി നമ്മുടെ പരിസ്ഥിതിയുടെ സൂചകമായിരുന്ന ഒരു ജീവി നമുക്ക് മുന്നിലൂടെ നാം കാണാതെയാണ് കടന്നുപോകുന്നത്. കാല്‍ നൂറ്റാണ്ട് മുമ്പ് വിദേശ മാര്‍ക്കറ്റുകളിലേക്ക് തവളക്കാലുകള്‍ കയറ്റുമതി ചെയ്ത് ഡോളര്‍ സമ്പാദിക്കാന്‍ ഈ ഉഭയജീവികളെ കണ്ടമാനം കൊന്നൊടുക്കിയിരുന്നു. കിട്ടിയ ഡോളറുകളേക്കാള്‍ പതിന്മടങ്ങ് നല്‍കി ഡി ഡി ടി അടക്കമുള്ള കീടനാശിനികള്‍ ഇറക്കേണ്ടിവന്നതിന് പിന്നിലെ ചതി വളരെ വൈകിയാണ് നാം തിരിച്ചറിഞ്ഞത്. വിദേശ നാണ്യം നേടലാണ് വികസനമെന്ന് വിശ്വസിപ്പിച്ച് എന്തിനെയും കൊല്ലുകയും വളര്‍ത്തുകയും കയറ്റിയയക്കുകയും ചെയ്യുന്നത് ദാരിദ്ര്യവും അനാരോഗ്യവും വിളയിക്കുകയാണെന്ന് ഏറെ കാലത്തിന് ശേഷമാണ് നാം അടുത്ത് കണ്ടത്. പ്രചാരണ മാധ്യമങ്ങളുടെ മാന്ത്രിക വലയില്‍പ്പെട്ട് കാര്‍ഷികോത്പാദനം കൂട്ടാനായി കീടനാശിനികള്‍ വാരിവിതറിയപ്പോള്‍ ഭൂമിയെ മാത്രമല്ല മനുഷ്യനെ തന്നെ അത് കാര്‍ന്നു തിന്നുന്നുവെന്ന് നമ്മള്‍ ഒടുവിലെങ്കിലും മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്.
1948-49 കാലഘട്ടങ്ങളില്‍ ബി എച്ച് സി, ഡി ഡി ടി പോലുള്ള കീടനാശിനികള്‍ കാര്‍ഷിക രംഗത്ത് കാതലായ വിപ്ലവം സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്നതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് കീടനാശിനികളുടെ കുത്തൊഴുക്കുണ്ടായത്. 1968-71 കാലഘട്ടങ്ങളില്‍ 144 വ്യത്യസ്ത കീടനാശിനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. പിന്നീട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും കീടനാശിനി പ്രയോഗത്തില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ നാം മുന്നിലെത്തുകയും ചെയ്തു. അമിത കീടനാശിനി പ്രയോഗം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് ബോധവാന്മാരായപ്പോഴേക്കും ഏറെ വൈകിയിരുന്നുവെന്ന് മാത്രമല്ല നമുക്ക് ചുറ്റുമുള്ള പലതും നഷ്ടപ്പെടുകയും ചെയ്തിരുന്നു. മനുഷ്യന്റെ ചുറ്റുപാടുകളില്‍ ചിരപരിചിതമായ പുല്‍കളും പുഴുക്കളും തൊട്ട് എണ്ണിയാല്‍ ഒടുങ്ങാത്തത്ര ജീവി വര്‍ഗങ്ങളാണ് അപ്രത്യക്ഷമായത്. വിശേഷ സിദ്ധിയുള്ള ഉഭയജീവിയെന്ന് ശാസ്ത്രം വിശേഷിപ്പിച്ച തവളകളും അതീവ ഗുരുതരമായ ഈ പരിസ്ഥിതി നശീകരണത്തിന്റെ പിടിയിലമര്‍ന്നു.
ലോകത്താകമാനം കണ്ടെത്തപ്പെട്ട 206 തരം ഉഭയജീവികളില്‍ 150 ഇനങ്ങള്‍ തവളകളാണ്. ഇരുണ്ട മഴക്കാടുകളിലും മലകളിലും ചതുപ്പ് നിലങ്ങളിലും നാട്ടിന്‍പുറങ്ങളിലും നദികളിലും കുളങ്ങളിലും മരുഭൂമികളില്‍ പോലും തവളകളെ കാണാമായിരുന്നു. ലോകത്താകെ 3900 വ്യത്യസ്ത ജാതി തവളകളുണ്ടെന്നാണ് ശാസ്ത്രജ്ഞ മതം. ഇതില്‍ 200ഓളം ഇനങ്ങള്‍ ഇന്ത്യയിലുണ്ട്. കോയമ്പത്തൂരിന് സമീപമുള്ള നീലഗിരി റിസര്‍വ് വനങ്ങളില്‍ 20 ഇനത്തിലധികം തവളകള്‍ വസിക്കുന്നുണ്ട്. ഇതുള്‍പ്പെടെ പശ്ചിമഘട്ട പ്രദേശത്തെ ഉഷ്ണമേഖലാ വനങ്ങളിലും തവളകള്‍ ഏറെയുണ്ട്. എന്നാല്‍ കാടിന് നേരിടുന്ന നാശം തവളകളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുകയാണ്.
ഒരുകാലത്ത് നമ്മുടെ നാടെങ്ങും നീര്‍ത്തടങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. നീര്‍ത്തടങ്ങള്‍ വെറും ജലാശയങ്ങള്‍ മാത്രമായി അന്ന് കണക്കാക്കിയിരുന്നില്ല. അവ ജീവന്‍ തുടിക്കുന്ന ആവാസവ്യവസ്ഥയും ജൈവ വൈവിധ്യത്തിന്റെ നേര്‍ക്കാഴ്ചയുമായിരുന്നു. പാരിസ്ഥിതികമായി ഇതിനേറെ പ്രാധാന്യമുണ്ട്. എന്നാല്‍, നമ്മളതിന്റെ പ്രാധാന്യം കാണാതെ പോയി. വയലുകള്‍, ചതുപ്പുകള്‍, തടാകങ്ങള്‍, കുളങ്ങള്‍ തുടങ്ങി പലതരം നീര്‍ത്തടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. നീര്‍ത്തടങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളത് വയലുകളാണ്. വയലേലകള്‍ അനേകതരം ജീവികളുടെ ആവാസകേന്ദ്രങ്ങള്‍ കൂടിയാണ്. വെള്ളക്കെട്ടുള്ളപ്പോഴും കൃഷിക്ക് വയലൊരുക്കുമ്പോഴും കൃഷിയിറക്കിയതിനുശേഷവും കൊയ്ത്ത് കഴിഞ്ഞുകിടക്കുമ്പോഴും അങ്ങനെ വിവിധ ഘട്ടങ്ങളില്‍ പലതരം ജീവികളാണ് ഈ നീര്‍ത്തടങ്ങളെ ആശ്രയിച്ചു കഴിയുന്നത്. തവളകള്‍, മത്സ്യങ്ങള്‍, ഒച്ചുകള്‍, നത്തയ്ക്കകള്‍, വിവിധതരം നീര്‍പാമ്പുകള്‍, പക്ഷികള്‍, കീരി തുടങ്ങി ചെറിയതരം സസ്തനികളടക്കം അനേകതരം ജീവജാതികളെക്കൊണ്ട് വയലേലകള്‍ സമൃദ്ധമാണ്. ഏറ്റവും വലിയ ഈ നീര്‍ത്തടങ്ങളുടെ നാശം ഈ വര്‍ഗം ജീവജാതികളുടെ നിലനില്‍പ്പിനെ ബാധിക്കുമ്പോള്‍ അത് ജൈവസന്തുലനത്തിന് പ്രതികൂലമാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പുതുമഴയില്‍ തുള്ളിക്കളിച്ച് ആകാശം നോക്കി ആര്‍ത്തു കരയുന്ന തവളകളുടെ നാശം നമ്മുക്ക് മുന്നില്‍ വലിയ ചോദ്യ ചിഹ്നമാണുയര്‍ത്തുന്നത്.
തവളകളെ കുറിച്ചുള്ള പഠനങ്ങള്‍ ഏറെ ശ്രമകരമാണെന്നുള്ളത് കൊണ്ട് തന്നെ വളരെ കുറച്ച് ഗവേഷണങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ. ആഫ്രിക്കയിലും ഉത്തര അമേരിക്കയിലും നടന്ന പഠനങ്ങളില്‍ തവളകളുടെ പ്രത്യേക കഴിവുകളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചികിത്സിച്ച് ഭേദമാക്കാന്‍ ബുദ്ധിമുട്ടുള്ള നിരവധി രോഗങ്ങള്‍ക്ക് ഔഷധങ്ങള്‍ തയ്യാറാക്കാന്‍ ഇവിടെ തവളകള്‍ വഴികാട്ടിയായതായും നിരീക്ഷകര്‍ പറയുന്നു. ഹൃദ്രോഗ ചികിത്സക്ക് ഉപയോഗിക്കാന്‍ പര്യാപ്തമായ നിരവധി ഫലവത്തായ മരുന്നുകള്‍ ഉണ്ടാക്കാന്‍ ഈ ഉഭയജീവികള്‍ ഗവേഷകരെ സഹായിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ ചതുപ്പുകളില്‍ താമസിക്കുന്ന തവളകളില്‍ ചില പ്രത്യേക ഇനങ്ങള്‍ ഒരുതരം വിഷദ്രാവകം ഉത്പാദിപ്പിക്കുന്നുണ്ട്. സ്വന്തം വാസസ്ഥലത്തെ ഉപദ്രകാരികളായ രോഗാണുക്കളെയും വൈറസുകളെയും മറ്റ് പരാദങ്ങളെയും തടഞ്ഞുനിര്‍ത്താന്‍ സ്വയരക്ഷക്ക് വേണ്ടിയാണ് ഇവ ഈ വിഷ ദ്രാവകങ്ങള്‍ ഉത്പാദിപ്പിച്ച് വിസര്‍ജിക്കുന്നത്. തവളകളുടെയും ചൊറിത്തവളകളുടെയും പ്രതിരോധ അവയവങ്ങളായ ഗ്രാനുലര്‍ ഗ്രന്ധികളാണ് ഇവ ഉത്പാദിപ്പിക്കുന്നത്. ഇത്തരം സ്രവങ്ങള്‍ തവളയുടെ തൊലിക്ക് അനിതരസാധാരണമായ ഔഷധ ഗുണം പകര്‍ന്നു നല്‍കുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. ആഫ്രിക്കന്‍ വനാന്തരങ്ങളിലെ തവളകള്‍ ഉത്പാദിപ്പിച്ച പെപ്‌റ്റൈഡില്‍ നിന്ന് ലഭിച്ച മഗൈനിന്‍ എന്ന പദാര്‍ഥം പ്രമേഹ ചികിത്സയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. ഓര്‍മ ശക്തി ക്ഷയിക്കുന്നതുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന മാരകമായ അള്‍ഷിമേഴ്‌സ് രോഗ ചികിത്സക്ക് ‘അഡിനോറെഗുലിന്‍’ എന്ന പേരുള്ള മറ്റൊരു പെപ്‌റ്റൈഡ് ഔഷധമാക്കാനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തര അമേരിക്കയിലെ ശീതമേഖലയില്‍ കാണപ്പെടുന്ന തണുപ്പന്‍ തവളകളെ തണുപ്പ് അധികരിക്കുന്നത് നിമിത്തമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സക്കുള്ള മരുന്നുകള്‍ തയ്യാറാക്കാനും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ തവളകളുടെ ഈ അത്ഭുത സിദ്ധി പുറം ലോകമറിഞ്ഞത് ഈ ജിവികള്‍ക്ക് ഭീഷണിയായി മാറി.
80 ഇനം തവളകള്‍ കേരളത്തിലുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവയില്‍ പലതിനെയും രണ്ട് ദശാബ്ദകാലം മുമ്പ് വരെ നാട്ടിന്‍പുറങ്ങളില്‍ യഥേഷ്ടം കണ്ടിരുന്നു. വിരലിലെണ്ണാവുന്ന തവളകളെ മാത്രമാണ് എത്ര നിരീക്ഷിച്ചാലും ഇപ്പോള്‍ കാണാനാകുക. ഒരു കാലത്ത് ധാരാളമായി കണ്ടിരുന്ന മണവാട്ടി തവളയും വയലുകളില്‍ ജീവിച്ചിരുന്ന പോക്കാം തവളയും ഇപ്പോള്‍ എണ്ണത്തില്‍ വളരെയധികം കുറഞ്ഞിട്ടുണ്ട്. പച്ചിലപാറാന്‍, പാറത്തവള, കുറുമൂക്കന്‍ തവള, പാറാന്‍ തവള തുടങ്ങിയ ഇനം തവളകള്‍ നാട്ടിന്‍ പുറങ്ങളില്‍ നിന്ന് ഏതാണ്ട് അപ്രത്യക്ഷമായിട്ടുണ്ട്. തവളകളുടെ കൂട്ടത്തിലും മരംകേറിയെന്ന് അറിയപ്പെടുന്ന പച്ചിലപ്പാറാന്‍ കാഴ്ചയില്‍ സുന്തരനാണ്. തിളങ്ങുന്ന പച്ചനിറമുള്ള ഈ തവള മറ്റ് തവളകളില്‍ നിന്ന് വ്യത്യസ്തമായി കാലും കൈകളും വിടര്‍ത്തി തെന്നി പറന്നാണ് മരത്തില്‍ നിന്ന് ഇറങ്ങുക. വെള്ളത്തിന് മുകളിലെ മരച്ചില്ലകളിലാണ് ഇവയെ കൂടുതലായും കാണാനാവുക. ചെങ്കല്‍ കുന്നുകളിലും പാറക്കെട്ടുകളിലും കാണപ്പെടുന്ന നാല് സെന്റീ മീറ്റര്‍ മാത്രം വലിപ്പമുള്ള തവളയാണ് പാറത്തവള. ഇരുണ്ട തവിട്ട് നിറവും ചെങ്കല്ലിന്റെ നിറവുമുള്ള ഇവയെ ഒക്‌ടോബര്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ് സാധാരണ കാണുക. മറ്റുസമയങ്ങളില്‍ ഇവ നനഞ്ഞ മണ്ണിനടിയിലും കാട്ടുപൊന്തക്കിടയിലും മറ്റും കയറിയിരുന്ന് സുഖമായുറങ്ങും. പാറപൊട്ടിക്കലും കുന്നുകള്‍ നികത്തലുമാണ് പാറത്തവളകളുടെ തിരോധാനത്തിന് പ്രധാന കാരണം. കേരളത്തിലെ കുന്നിന്‍ പ്രദേശങ്ങളില്‍ സ്ഥിരമായി കണ്ടുവന്നിരുന്ന മറ്റൊരു തവളയാണ് കുറിമൂക്കന്‍ തവള. രാത്രി കാലങ്ങളിലാണ് ഇവ ഇരതേടാനിറങ്ങുക. മറ്റ് തവളകളില്‍ വ്യത്യസ്തമായി ഒഴുകുന്ന വെള്ളത്തില്‍ മുട്ടയിടുമെന്ന പ്രത്യേകയും ഇതിനുണ്ട്. മനുഷ്യന്‍ ചുമക്കുന്നത് പോലെയുള്ള ശബ്ദമുണ്ടാക്കാന്‍ കഴിയുന്ന പാറാന്‍ തവളയും നാട്ടു കാഴ്ചകളില്‍ നിന്ന് മറഞ്ഞ ഒന്നാണ്. തവിട്ട് നിറമുള്ള ഈ തവളയുടെ ചലനങ്ങള്‍ പോലും അതീവ കൗതുകമുണര്‍ത്തുന്നതാണ്. വയലുകളിലും വര്‍ധിച്ച തോതിലുള്ള കീടനാശിനി പ്രയോഗം മൂലം ഇല്ലാതാകുന്ന മറ്റൊരു തവളയാണ് വയല്‍തവള. ചാരനിറം കലര്‍ന്ന ഇരുണ്ട തവിട്ട് നിറമുള്ള ശരീരവും മുതുകില്‍ മഞ്ഞ നിറത്തില്‍ കുത്തനെയുള്ള വരയും ചേര്‍ന്ന് കാണാനഴകുള്ള വയല്‍ത്തവള വയലുകളിലെ കീടങ്ങളെ തിന്നുതീര്‍ത്ത് കര്‍ഷകനെ ഏറ്റവുമധികം സഹായിക്കുന്ന ജീവികൂടിയാണ്.
ഏത് വിധത്തിലുള്ള പരിസ്ഥിതി നാശവും അതിന്റെ ഭാഗമായി വരുന്ന കാലാവസ്ഥാ പ്രശ്‌നങ്ങളും ഏറ്റവും കൂടുതല്‍ ബാധിച്ച ജീവിവര്‍ഗങ്ങളിലൊന്ന് തന്നെയാണ് തവളകള്‍. വളരെ നേര്‍ത്തതും നനുനനുത്തതുമായ പുറംതൊലിയാണ് ഇവക്ക് എന്നതിനാല്‍ കീടനാശിനികളും രാസ പദാര്‍ഥങ്ങളും നേരിയ അളവില്‍ പോലും വെള്ളത്തില്‍ കലര്‍ന്നാല്‍ അത് തവളകളുടെ ജീവിതത്തെ ദോഷകരമായാണ് ബാധിക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ചിലയിനം തവളകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെങ്കിലും ഇറച്ചിക്കായി തവളകളെ പിടികൂടുന്ന പ്രവണത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ വന്‍കിട ബാര്‍ ഹോട്ടലുകളിലേക്കും മറ്റുമായി നാട്ടിന്‍പുറങ്ങളില്‍ നിന്ന് തവളകളെ ഇപ്പോഴും പിടികൂടുന്ന സ്ഥിതിയുണ്ട്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര തവള ഇറച്ചി കച്ചവടം 20 കോടിയില്‍ നിന്ന് 100 കോടി തവളകള്‍ എന്ന തോതിലെത്തിയെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഏകദേശം 11,000 ടണ്‍ ഇറച്ചി വരും. ഫ്രാന്‍സിലേക്കാണ് തവളക്കാല്‍ ഏറ്റവും കൂടുതല്‍ കയറ്റിയക്കപ്പെടുന്നത്. അമേരിക്ക രണ്ടാം സ്ഥാനത്തുണ്ട്. ജന്തുശാസ്ത്ര പരീക്ഷണങ്ങള്‍ക്കായി തവളകളെ കീറിമുറിച്ച് പഠിക്കുന്നതും ഇവയുടെ വംശ നാശത്തിന് കാരണമാകുന്നുണ്ട്. 1987ല്‍ നടത്തിയ പഠനത്തില്‍ ലഭിച്ച കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം സ്‌കൂളിലും കോളജുകളിലും മറ്റു പരീക്ഷണ ശാലകളിലുമായി 200 ലക്ഷത്തോളം തവളകളെ കൊല്ലുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മനുഷ്യരില്‍ നിന്നുള്ള ഈ ഭീഷണികാരണമാണ് ലോകം മൊത്തം ഉഭയജീവകളുടെ എണ്ണം കുറയാന്‍ കാരണമാകുന്നത്. ആകെ ഉഭയജീവകളുടെ മുപ്പത് ശതമാനം സ്പീഷീസുകള്‍ വംശനാശ ഭീഷണിയിലാണ്. ആവാസ വ്യവസ്ഥയുടെ നാശമാണ് ഇവയുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. തവളയുടെ ആവാസ വ്യവസ്ഥ നശിക്കുന്നുവെന്ന് പറയുമ്പോള്‍ നമ്മുടെ ജീവിത ചുറ്റുപാടാണ് ഇല്ലാതാകുന്നതെന്ന് ഇതുവരെയായും നാം മനസ്സിലാക്കിയിട്ടില്ല.