Connect with us

Gulf

അറബ്‌നെറ്റ് ഡിജിറ്റല്‍ ഉച്ചകോടിയില്‍ സ്മാര്‍ട് ദുബൈ ഓഫീസ് സഹകരിക്കും

Published

|

Last Updated

ബൈ: പൊതു-സ്വകാര്യ മേഖലയില്‍ സ്മാര്‍ട് സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി അറബ്‌നെറ്റ് ഡിജിറ്റല്‍ ഉച്ചകോടിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്മാര്‍ട് ദുബൈ ഓഫീസ് സഹകരിക്കും. ഈ മാസം 30, 31 തിയതികളില്‍ മദീനത്ത് ജുമൈറയിലാണ് ഉച്ചകോടി നടക്കുന്നത്.
ഇന്ന് ഞങ്ങള്‍ ദുബൈക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ മറ്റു നഗരങ്ങള്‍ക്ക് പഠിച്ചുമനസ്സിലാക്കാവുന്ന ഒരു പ്ലാറ്റ്‌ഫോമാണെന്ന് സ്മാര്‍ട് ദുബൈ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ആഇശ ബിന്‍ ബിശ്ര്‍ പറഞ്ഞു. ദുബൈയുടെ സ്വപ്‌നങ്ങളിലേക്കും പദ്ധതികളിലേക്കും വെളിച്ചം വീശുന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അറബ്‌നെറ്റ് ഡിജിറ്റല്‍ ഉച്ചകോടി. ബിസിനസുകള്‍ക്കും സംരംഭങ്ങള്‍ക്കുമായി നൂതനമായ സേവനങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതായിരുന്നു ആ ഉച്ചകോടി.
സ്വകാര്യമേഖലയില്‍ സ്മാര്‍ട് സേവനങ്ങള്‍ 80 ശതമാനം വരെയാണ് പ്രതീക്ഷിക്കുന്നത്. ബിസിനസ് വളര്‍ച്ച കൂട്ടാനും സാങ്കേതിക വിദ്യകള്‍ ഉയര്‍ത്താനും ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള വിഭിന്നാശയങ്ങളാണ് ഉച്ചകോടിയില്‍ പങ്കുവെക്കുക. ആര്‍ ടി എ, ദിവ, ദുബൈ പോലീസ്, ഡി ഇ ഡി, ഡി എച്ച് എ, ദുബൈ ഡാറ്റ എസ്റ്റാബ്ലിഷ്‌മെന്റ്, ഡി എസ് ഒ തുടങ്ങി ദുബൈ സര്‍ക്കാരിന് കീഴിലുള്ള 11 സ്ഥാപനങ്ങള്‍ സ്മാര്‍ട് ദുബൈ ഓഫീസിനൊപ്പം ചേര്‍ന്ന് ഉച്ചകോടിയില്‍ സംബന്ധിക്കും.
സ്മാര്‍ട് ദുബൈ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ആഇശ ബിന്‍ ബിശ്ര്‍, ദുബൈ ഡാറ്റ എസ്റ്റാബ്ലിഷ്‌മെന്റ് സി ഇ ഒ യൂനുസ് അല്‍ നാസര്‍, ദുബൈ സാമ്പത്തിക വികസന വകുപ്പ് ബിസിനസ് ഡവലപ്‌മെന്റ് ആന്‍ഡ് സ്ട്രാറ്റജി സെക്ടര്‍ സി ഇ ഒ മുഹമ്മദ് അബ്ദുല്ല ശാഇല്‍ അല്‍ സഅദി, ആര്‍ ടി എ കോര്‍പറേറ്റ് ടെക്‌നോളജി സപ്പോര്‍ട് സര്‍വീസ് അബ്ദുല്ല അലി അല്‍ മദനി, ദുബൈ പോലീസ് സ്മാര്‍ട് സര്‍വീസ് ഡിപ്പാര്‍ട്‌മെന്റ് ജനറല്‍ ഡയറക്ടര്‍ കേണല്‍ ഖാലിദ് അല്‍ റസൂഖി തുടങ്ങിയവര്‍ സംസാരിക്കും. ജനങ്ങള്‍ക്കായുള്ള സേവനങ്ങള്‍ മുഴുവന്‍ ദുബൈ പോലീസ് മൊബൈല്‍ വഴി സാധ്യമാക്കിയിട്ടുണ്ടെന്ന് കേണല്‍ ഖാലിദ് അല്‍ റസൂഖി പറഞ്ഞു. ദുബൈ പോലീസിന്റെ വിവിധ ആപ്ലിക്കേഷനുകള്‍ ഒരു മില്യണിലധികം ജനങ്ങളാണ് ആപ്പിള്‍ സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.
അറബ് സമ്മിറ്റ് ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സ്മാര്‍ട് എന്റര്‍പ്രണര്‍ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആണ് ഇതിന്റെ സംഘാടകര്‍. വിജയികള്‍ക്ക് സമാപന ദിവസമായ മെയ് 31ന് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Latest