Connect with us

Editorial

നിയമസഭയിലെ ബി ജെ പി സാന്നിധ്യം

Published

|

Last Updated

ഈ തിരഞ്ഞെടുപ്പിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന പല ഘടകങ്ങളിലൊന്ന് ബി ജെ പിക്ക് അംഗത്വം ലഭിച്ചുവെന്നതാണ്. നേമത്ത് ഒ രാജഗോപാലിലൂടെ ബി ജെ പി അക്കൗണ്ട് തുറന്നത് 8671 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. മഞ്ചേശ്വരത്ത് 89 വോട്ടുകളുടെ അകലത്തില്‍ വെച്ചാണ് നിയമസഭാ അംഗത്വം നഷ്ടമായത്. മഞ്ചേശ്വരം കൂടാതെ കാസര്‍കോട്, പാലക്കാട്, മലമ്പുഴ, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചാത്തന്നൂര്‍ എന്നിങ്ങനെ ആറിടങ്ങളില്‍ ബി ജെ പി രണ്ടാമതെത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 6.3 ശതമാനം വോട്ടുണ്ടായിരുന്ന ബി ജെ പിക്ക് ഇത്തവണ സഖ്യമായി മത്സരിച്ചപ്പോള്‍ വോട്ട് വിഹിതം 15.01 ശതമാനമായി ഉയര്‍ന്നു. ബി ജെ പിക്ക് മാത്രം 10.5 ശതമാനം വോട്ട് ലഭിച്ചു. ഘടകകക്ഷിയായ ബി ഡി ജെ എസിന് ലഭിച്ചത് 3.9 ശതമാനം വോട്ടുകള്‍. ബി ജെ പിയുടെ വോട്ട് വിഹിതം കുതിച്ചുയര്‍ന്നപ്പോള്‍ ഇടത് വലത് മുന്നണികളുടെ വിഹിതം ഇടിഞ്ഞു. 2011ല്‍ 45.83 ശതമാനം കിട്ടിയ യു ഡി എഫിന് ഇത്തവണ ലഭിച്ചത് 38.86 ശതമാനം മാത്രം. അന്ന് 45.19 ശതമാനം വോട്ടുണ്ടായിരുന്ന എല്‍ ഡി എഫിന് ഇത്തവണ 43.31 ശതമാനം വോട്ടേ നേടാനായുള്ളൂ.
ചരിത്രത്തിലെ ഏറ്റവും വലിയ പ്രചാരണ മഹാമഹമാണ് ഇത്തവണ ബി ജെ പി അഴിച്ചു വിട്ടത്. പണം ഇടിച്ച് തള്ളി. കേന്ദ്ര ഭരണം തന്നെയായിരുന്നു ഈ ധനസ്രോതസ്സ്. പ്രധാനമന്ത്രി പല തവണ കേരളത്തിലെത്തി. കേന്ദ്ര മന്ത്രിമാര്‍ തലങ്ങും വിലങ്ങും പാഞ്ഞു. ആരൊക്കെ എവിടെയൊക്കെ മത്സരിക്കണം, ആരെ കൂട്ടുപിടിക്കണം, ആരെ അകറ്റി നിര്‍ത്തണം, എന്ത് മുദ്രാവാക്യം വേണം എല്ലാം മുകളില്‍ നിന്ന് തീരുമാനിക്കപ്പെട്ടു. വെള്ളാപ്പള്ളി നടേശന്റെ ബി ഡി ജെ എസ് രൂപവത്കരിച്ചത് തന്നെ ബി ജെ പി കേന്ദ്ര നേതൃത്വമാണെന്ന് പറയാം. പുറത്ത് ഇടത് വലത് മുന്നണികളെ നയപരമായി കടന്നാക്രമിക്കുമ്പോഴും അകത്ത് വര്‍ഗീയ പ്രചാരണത്തിനും ബി ജെ പി മുതിര്‍ന്നു. സാമൂഹിക സന്തുലനം തകര്‍ന്നുവെന്ന പ്രചാരണത്തിന്റെ കാതല്‍ വര്‍ഗീയമായിരുന്നു. ഗോത്ര വര്‍ഗക്കാരോടും ദളിതരോടുമുള്ള ബി ജെ പിയുടെ സമീപനം കൃത്യമായി മറച്ച് വെക്കാന്‍ കാളിദാസ ഭട്ടതിരിപ്പാട് മുതല്‍ സി കെ ജാനു വരെയുള്ളവരെ അണിനിരത്തിയതിലൂടെ അവര്‍ക്ക് സാധിച്ചു. തന്ത്രപരമായ ഈ നീക്കങ്ങളുടെയെല്ലാം ആകെത്തുകയാണ് ബി ജെ പി നേടിയ വിജയം. അങ്ങനെ നോക്കുമ്പോള്‍ കാവി പാര്‍ട്ടി സംതൃപ്തരല്ല. അവര്‍ ഇതിനേക്കാളെ പ്രതീക്ഷിച്ചിരുന്നു.
സംഘ് മുന്നേറ്റത്തോടും ബി ഡി ജെ എസിന്റെ സാന്നിധ്യത്തോടും കോണ്‍ഗ്രസ് പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടി നടത്തിയ മൃദു സമീപനത്തെയാണ് ഈ പശ്ചാത്തലത്തില്‍ ശക്തമായി തുറന്ന് കാട്ടേണ്ടത്. അഞ്ച് വര്‍ഷക്കാലത്തെ ഭരണത്തിലുടനീളം ഈ മൃദു സമീപനം കാണാന്‍ സാധിക്കും. സംഘ് നേതാക്കള്‍ക്കെതിരായ കേസുകള്‍ നിയമത്തിന്റ വഴിക്ക് പോയില്ല. സി പി എമ്മിനതിരായ കേസുകളില്‍ കേന്ദ്രവും കേരളവും കൈകോര്‍ത്തു. ബി ഡി ജെ എസിന്റെ സാന്നിധ്യം ഇടത് പക്ഷത്തെയാണ് ക്ഷീണിപ്പിക്കാന്‍ പോകുന്നതെന്ന് ഉമ്മന്‍ ചാണ്ടി മനപ്പായസമുണ്ടു. അഡ്ജസ്റ്റ്‌മെന്റ് സമരമെന്ന പഴി പറച്ചിലിനെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ അദ്ദേഹം നടത്തിയ അരുവിക്കര മോഡല്‍ പ്രസംഗം ബി ജെ പിക്ക് നല്‍കിയ ആത്മവിശ്വാസം ചില്ലറയല്ല. ബി ജെ പിക്ക് പൊതുസമ്മതിയുണ്ടാക്കി കൊടുക്കുന്നതില്‍ കെ എം മാണിയും ചില സഭാ നേതൃത്വും പങ്കു ചേര്‍ന്നു. കോ ലീ ബി സഖ്യമെന്ന ചരിത്രത്തോളം നീളുന്ന ബാന്ധവം ചിലയിടങ്ങളിലെങ്കിലും ഇത്തവണയും സംഭവിച്ചുവെന്ന് വോട്ടിംഗ് പാറ്റേണ്‍ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ മനസ്സിലാകും. നേമത്ത് കോണ്‍ഗ്രസുകാര്‍ തനിക്ക് വോട്ട് ചെയ്തില്ലെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി സുരേന്ദ്ര പിള്ള പറഞ്ഞുകഴിഞ്ഞു. മണ്ണാര്‍ക്കാട്ട് ബി ജെ പി വോട്ടുകള്‍ ലീഗ് സ്ഥാനാര്‍ഥിക്ക് ഒഴുകി. ഉദുമയില്‍ കെ സുധാകരന് വോട്ട് കൂടിയപ്പോള്‍ ബി ജെ പിക്ക് വോട്ട് കുറഞ്ഞു.
ബി ജെ പിയോട് കേരളം പാലിച്ചിരുന്ന അകലം മെല്ലെ അസ്തമിക്കുകയാണ്. കേന്ദ്ര ഭരണം കൈയിലുള്ള പാര്‍ട്ടിയെന്ന നിലയില്‍ വര്‍ഗീയ ധ്രുവീകരണ ഫാസിസ്റ്റ് പദ്ധതികള്‍ കൂടുതല്‍ എളുപ്പത്തിലും വ്യാപകമായും നടപ്പാക്കാന്‍ അവര്‍ക്കിപ്പോള്‍ സാധിക്കും. അടുത്ത അഞ്ച് വര്‍ഷം അവര്‍ അപകടകരമായ പ്രതിപക്ഷമായിരിക്കും. ഇടത്, വലത് പക്ഷങ്ങളിലെ പ്രമുഖ പാര്‍ട്ടികള്‍ ഈ സ്ഥതി വിശേഷത്തെ അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഫാസിസ്റ്റുകളുടെ മുന്നേറ്റത്തിനെതിരെ രൂപപ്പെടുന്ന ന്യൂനപക്ഷ ഐക്യം പോലും അവര്‍ക്ക് ശക്തി പകരുകയാണ് ചെയ്യുകയെന്നതാണ് വിരോധാഭാസം. പത്ത് വോട്ടിന് അവിശുദ്ധ ബാന്ധവം ഉണ്ടാക്കാന്‍ പോയാല്‍ ഉപ്പു വെച്ച കലം പോലെയാകുക വലിയ പാര്‍ട്ടികള്‍ തന്നെയാണെന്ന് മനസ്സിലാക്കണം. ജനാഭിലാഷം ഉയര്‍ത്തിപ്പിടിക്കുന്ന, സന്തുലിതവും അഴിമതിരഹിതവുമായ ഭരണം കാഴ്ചവെക്കുകയെന്ന ഉത്തരവാദിത്വം നിറവേറ്റാന്‍ സി പി എമ്മിനും സഖ്യ ശക്തികള്‍ക്കും സാധിക്കണം. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റ പ്രവര്‍ത്തന പാരമ്പര്യം ഈ ദിശയില്‍ പ്രതീക്ഷ പകരുന്നുണ്ട്. ദളിത് സമൂഹത്തിനും പിന്നാക്ക വിഭാഗങ്ങള്‍ക്കും പരിരക്ഷ നല്‍കുക വഴി അവരെ മതേതര ധാരയോട് ചേര്‍ത്ത് നിര്‍ത്തണം. മൃദു ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന് പകരം ഫലപ്രദമായ മതേതര പ്രത്യയ ശാസ്ത്രം പ്രയോഗവത്കരിക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ക്ക് സാധിച്ചാല്‍ മാത്രമേ കാവി പാര്‍ട്ടിയുടെ തേരോട്ടം പിടിച്ചു കെട്ടാനാകൂ.