സി പി എമ്മിന് ദേശീയ പദവി നഷ്ടമായേക്കും

Posted on: May 21, 2016 9:20 am | Last updated: May 21, 2016 at 12:42 pm

ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയെങ്കിലും ദേശീയ തലത്തില്‍ രാഷ്ട്രീയ കുതിപ്പ് നടത്താന്‍ പറ്റാത്തതിനാല്‍ സി പി എമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടമായേക്കും.
ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ മൂന്ന് നിബന്ധനങ്ങളാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവെക്കുന്നത്. ഇതില്‍ കുറവു വന്നതാണ് ദേശിയ പദവി നഷടമാകുന്നതിലേക്ക് പാര്‍ട്ടിയെ നയിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളില്‍ ആറ് ശതമാനം വോട്ടുനേടുകയോ അല്ലെങ്കില്‍ മൂന്ന് സംസ്ഥാനങ്ങളില്‍നിന്ന് ലോക്സഭയിലേക്ക് രണ്ട് ശതമാനം സീറ്റുകളോ അതുമല്ലെങ്കില്‍ ഏതെങ്കിലും നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന പദവിയോ എന്നതാണ് ഇന്ത്യതിരഞ്ഞെടുപ്പ് കമ്മീഷന്‍ ദേശീയ പാട്ടി പദവി നല്‍കുന്നതിനുള്ള മാനദണ്ഡമായി നിര്‍ദേശിച്ചിരുന്നത്. നിലവില്‍ ഈ മൂന്ന് നിബന്ധനകളില്‍ ഒന്നുപോലും സി പി എമ്മിനില്ല.
കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളില്‍ നിലവില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം നിലനില്‍ക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ലഭിക്കാതെപോയതാണ് നിലവില്‍ സി പി എമ്മിന് ദേശീയ പദവി നഷ്ടമാകുന്നതിലേക്ക് നയിച്ചത്.
തമിഴ്‌നാട്ടില്‍ കുറഞ്ഞത് ഏഴ് സീറ്റെങ്കിലും നേടിയിരുന്നങ്കില്‍ ദേശീയ പാര്‍ട്ടി സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇവിടെ മത്സരിച്ച പത്ത് സീറ്റുകളില്‍ ഒന്നുപൊലും വിജിയിച്ചില്ല.
ക്യാപ്റ്റന്‍ വിജയകാന്ത് നേതൃത്വം നല്‍കിയ പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ട് എന്ന മുന്നണിയുടെ ഭാഗമായിട്ടാണ് സി പി എമ്മും സി പി ഐയും ഇത്തവണ തമിഴകത്ത് മത്സരത്തിനിറങ്ങിയത്. എന്നാല്‍ രണ്ട് പേര്‍ക്കും അക്കൗണ്ട് തുറക്കാനായില്ല. ഇത് രണ്ടാമത്തെ തവണയാണ് സി പി എമ്മിന് ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടപ്പെടുന്നത്.
2000 ത്തിന്റെ തുടക്കത്തില്‍ ദേശീയ പാര്‍ട്ടി പദവി നഷ്ടമായ സി പി എമ്മിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയതിനെ തുടര്‍ന്നാണ് ഈ സ്ഥാനം തിരിച്ചുകിട്ടിയത്.