താലത്തില്‍ വെച്ചുകൊടുത്ത താമര

നേമത്തെ ജയത്തിന് പുറത്ത് സംസ്ഥാനത്തെ ഏഴ് മണ്ഡലങ്ങളില്‍ ബി ജെ പിയോ സഖ്യകക്ഷിയോ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ഇടതുപക്ഷ വിജയത്തിനും ബി ജെ പിയുടെ വലിയ മുന്നേറ്റത്തിനും മുഖ്യ ഉത്തരവാദി അഞ്ച് വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായി യു ഡി എഫിനെയും കോണ്‍ഗ്രസിനെയും നയിച്ച ഉമ്മന്‍ ചാണ്ടിയാണ്. പാളിച്ചകളില്‍ വലിയൊരു പങ്കില്‍ ഭാഗഭാക്കായ കേരള കോണ്‍ഗ്രസും അതിന്റെ നേതാവ് കെ എം മാണിയും പാളിച്ചകളിലൊക്കെ ഉമ്മന്‍ ചാണ്ടിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച ലീഗ് നേതൃത്വവും കൂട്ടുത്തരവാദികളും.
Posted on: May 20, 2016 9:22 am | Last updated: May 20, 2016 at 9:22 am

അഞ്ചാണ്ട് കൂടുമ്പോള്‍ മുന്നണിയെ മാറിപ്പരീക്ഷിക്കുക എന്ന പതിവ് കേരളം ഇത്തവണയും തെറ്റിച്ചില്ല. ഒ രാജഗോപാലിലൂടെ ബി ജെ പി നിയമസഭയില്‍ ആദ്യമായി പ്രാതിനിധ്യം നേടിയെന്ന നിര്‍ണായകവും അപകടകരവുമായ മാറ്റം മാത്രം. ഇടതുപക്ഷത്തിന്റെ വിജയത്തിനും ബി ജെ പിയുടെ നിയമസഭാ പ്രവേശനത്തിനും അവരുടെ വലിയ മുന്നേറ്റത്തിനും മുഖ്യ ഉത്തരവാദി അഞ്ച് വര്‍ഷം കേരളത്തിന്റെ മുഖ്യമന്ത്രിയായി യു ഡി എഫിനെയും കോണ്‍ഗ്രസിനെയും നയിച്ച ഉമ്മന്‍ ചാണ്ടിയാണ്. പാളിച്ചകളില്‍ വലിയൊരു പങ്കില്‍ ഭാഗഭാക്കായ കേരള കോണ്‍ഗ്രസും അതിന്റെ നേതാവ് കെ എം മാണിയും പാളിച്ചകളിലൊക്കെ ഉമ്മന്‍ ചാണ്ടിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച മുസ്‌ലിം ലീഗ് നേതൃത്വവും കൂട്ടുത്തരവാദികളും.

നേമത്തെ ജയത്തിന് പുറത്ത് സംസ്ഥാനത്തെ ഏഴ് മണ്ഡലങ്ങളില്‍ ബി ജെ പിയോ അവരുടെ സഖ്യകക്ഷിയോ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. അതില്‍ മഞ്ചേശ്വരമൊഴിച്ചുള്ളിടത്തൊക്കെ യു ഡി എഫിന്റെ വോട്ടാണ് ചോര്‍ന്നത്. മഞ്ചേശ്വരത്ത് ബി ജെ പി രണ്ടാം സ്ഥാനത്തെത്താന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായെന്നത് ഓര്‍ക്കുക. അവിടെ ബി ജെ പിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരുന്നത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിക്ക് വോട്ട് മറിച്ച സി പി എമ്മായിരുന്നുവെന്നതും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിച്ച മലമ്പുഴയിലും ചാത്തന്നൂരിലും അവര്‍ക്ക് കിട്ടിയത് മൂന്നാം സ്ഥാനമാണ്. പുതുക്കാട്, കുണ്ടറ പോലുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് രണ്ടാം സ്ഥാനം നിലനിര്‍ത്താനായത് ആയിരത്തോളം വോട്ടുകളുടെ ബലത്തില്‍ മാത്രം.

സംസ്ഥാനത്തെ 37 മണ്ഡലങ്ങളില്‍ ബി ജെ പിക്ക് 25,000ത്തില്‍ അധികം വോട്ടുണ്ട്. അമ്പതോളം മണ്ഡലങ്ങളില്‍ 15,000ത്തിനും 25,000ത്തിനും ഇടയില്‍ വോട്ട് കിട്ടി. 28 മണ്ഡലങ്ങളില്‍ പതിനായിരത്തിലേറെ വോട്ട് നേടാന്‍ ബി ജെ പിക്ക് സാധിച്ചു. ഇതില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും ചോര്‍ന്നത് കോണ്‍ഗ്രസ് വോട്ടുകളാണ്. കൊല്ലം, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വലിയ ഭൂരിപക്ഷം നേടിക്കൊടുത്തത് ബി ജെ പിയോ അവരുടെ സഖ്യകക്ഷികളോ പിടിച്ച കോണ്‍ഗ്രസ്/യു ഡി എഫ് വോട്ടുകളാണ്. ചാലക്കുടി മണ്ഡലം ഉദാഹരണമായി എടുക്കാം. പൊതുവില്‍ കോണ്‍ഗ്രസ് അനുകൂല മണ്ഡലമായ ഇവിടെ 2006ലും 2011ലും സി പി എമ്മിലെ ബി ഡി ദേവസ്യയാണ് വിജയിച്ചത്. ഇക്കുറി ബി ഡി ദേവസ്സി ഇരുപതിനായിരത്തിലേറെ വോട്ടിന്റെ വിജയം നേടുമ്പോള്‍ അവിടെ മത്സരിച്ച ബി ഡി ജെ എസ് (എന്‍ ഡി എ) സ്ഥാനാര്‍ഥി നേടിയത് 26,229 വോട്ടാണ്. 2006ലും 2011ലും അയ്യായിരത്തില്‍ താഴെ വോട്ടിന് വിജയിച്ച ദേവസ്സിക്ക് ഇരുപതിനായിരത്തിലേറെ ഭൂരിപക്ഷം ഇക്കുറി കിട്ടിയത് കോണ്‍ഗ്രസ് വോട്ടുകള്‍ എന്‍ ഡി എ പക്ഷത്തേക്ക് ഒഴുകിയതു കൊണ്ട് കൂടിയാണ്. ഇതേ പ്രതിഭാസം മറ്റ് പല മണ്ഡലങ്ങളിലും കാണാം.

ഇടുക്കിയിലും കോട്ടയം ജില്ലയിലെ ചില മണ്ഡലങ്ങളിലും ഇടത് വോട്ടുകള്‍ എന്‍ ഡി എയിലേക്ക് ചോര്‍ന്നിട്ടുണ്ട്. ഇതുപക്ഷേ, കുറച്ചൊക്കെ തിരിച്ചെടുക്കാന്‍ അധികാരം ഇടത് മുന്നണിയെയും സി പി എമ്മിനെയും സഹായിച്ചേക്കും. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് സ്ഥിതി അതല്ല. അധികാരം നഷ്ടപ്പെടുകയും ഇനി അധികാരത്തിലെത്താനുള്ള സാധ്യത കുറവാണെന്ന് തിരിച്ചറിയുകയും ചെയ്താല്‍ അവിടെ നിന്നുള്ള മണ്ണൊലിപ്പിന് വേഗം കൂടും. നേമത്ത് ജയിക്കുകയും ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത ബി ജെ പി, തോല്‍ക്കാന്‍ മത്സരിക്കുന്ന പാര്‍ട്ടിയെന്ന പഴയ പ്രതിച്ഛായ മാറ്റിയിരിക്കുന്നു. അതും കോണ്‍ഗ്രസില്‍ നിന്നുള്ള ഒഴുക്കിന്റെ വേഗം കൂട്ടും. ഇത് തത്കാലം കോണ്‍ഗ്രസിനെ മാത്രമേ ബാധിക്കൂവെങ്കിലും വൈകാതെ ലീഗിനെയും കേരള കോണ്‍ഗ്രസിനെയുമൊക്കെ പിടികൂടാം. യു ഡി എഫിന്റെ ഭാഗമായി അധികാരത്തിലെത്തുന്നുവെന്നത് കൊണ്ടുകൂടിയാണ് മുസ്‌ലിം ലീഗിന്റെ പിന്നില്‍ ജനം അണിനിരക്കുന്നത്. അതില്ലാതാകുന്നുവെന്ന് കണ്ടാല്‍, അവിടെ നിന്നും ഒഴുക്കുണ്ടാകും. കേരള കോണ്‍ഗ്രസാകട്ടെ ബി ജെ പിയുമായി സഖ്യമുണ്ടാക്കാന്‍ എത്രകാലം കാത്തിരിക്കുമെന്നതേ അറിയാനുള്ളൂ.

ജോസ് കെ മാണിയുടെ കേന്ദ്ര മന്ത്രിസഭാ പ്രവേശനത്തിന് കളമൊരുങ്ങിയാല്‍ കെ എം മാണി, എന്‍ ഡി എ പാളയത്തിലെത്താന്‍ സാധ്യത ഏറെ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനോട്, തീവ്ര ഹിന്ദുത്വ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴും സമരസപ്പെട്ടു നില്‍ക്കാന്‍ മടിയില്ലാത്ത, സഭാ നേതൃത്വം മാണിയുടെ ഈ നീക്കത്തിന് കുട പിടിക്കുകയും ചെയ്യും. ഈ അവസ്ഥയിലേക്ക് കേരള രാഷ്ട്രീയത്തെ നയിക്കുക എന്ന ദൗത്യമാണ് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നിറവേറ്റിയത്. പാറ്റൂര്‍ മുതല്‍ ബാര്‍ വരെ നീളുന്ന അഴിമതികളും സോളാര്‍ തട്ടിപ്പിലെ പങ്കാളിത്തവും വലിയ കഥകളായപ്പോള്‍ തെളിവെവിടെ എന്ന് ചോദിച്ച് കേരളത്തിനു നേര്‍ക്ക് കൊഞ്ഞനം കുത്തുകയായിരുന്നു ഉമ്മന്‍ ചാണ്ടി. ഈ വക സംഗതികളെ ശക്തമായി എതിര്‍ക്കാനോ അഴിമതികളും ക്രമക്കേടുകളും യഥാസമയം പുറത്തുകൊണ്ടുവരാനോ ത്രാണിയില്ലാതെ നിന്നു പ്രതിപക്ഷം.

ഇത് ബി ജെ പിക്ക് അവസരം തുറന്നിട്ടു. വെള്ളാപ്പള്ളി നടേശനെക്കൊണ്ട് രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയും കാളിദാസ ഭട്ടതിരിപ്പാട് മുതല്‍ സി കെ ജാനു വരെയുള്ളവരെ അണിനിരത്തിയും ബി ജെ പി പുതിയ സമുദായ സമവാക്യം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ചു. അതിന് ബലമേകാനാണ് പല വിധത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിച്ചത്.
ഭൂരഹിതരായ ദളിത് പിന്നാക്ക വിഭാഗങ്ങളും പട്ടിക വിഭാഗങ്ങളും അവഗണിക്കപ്പെടുന്നുവെന്ന വസ്തുത നിലനില്‍ക്കെയാണ് വന്‍കിടക്കാര്‍ക്കും തോട്ടമുടമകള്‍ക്കുമൊക്കെ വഴിവിട്ട് ഭൂമി അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. തങ്ങള്‍ സൃഷ്ടിച്ചെടുത്ത പുതിയ സമുദായ സമവാക്യത്തിലൂടെ ഇതിനെ മുതലെടുക്കാന്‍ ബി ജെ പിക്ക് സാധിച്ചിട്ടുണ്ട്. അതിന്റെ കൂടി ഫലമാണ് പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ്/യു ഡി എഫ് വോട്ടുകളിലുണ്ടായ ചോര്‍ച്ച.

കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി കോണ്‍ഗ്രസും സഖ്യകക്ഷികളും പലേടത്തും ബാന്ധവമുണ്ടാക്കിയിരുന്നു. അതിന്റെ പരമാവധി പ്രയോജനം ബി ജെ പി ഉണ്ടാക്കിയെങ്കിലും ബി ജെ പി വോട്ടുകളൊന്നും കോണ്‍ഗ്രസിനോ സഖ്യകക്ഷികള്‍ക്കോ ലഭിച്ചിരുന്നില്ല. തൃപ്പൂണിത്തുറ, കൊടുങ്ങല്ലൂര്‍, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെല്ലാം കോണ്‍ഗ്രസ് വോട്ടുകളിലേക്ക് ബി ജെ പി കടന്നുകയറിയെന്നതും വ്യക്തമായിരുന്നു. എന്നാല്‍ ഇതൊന്നും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിച്ചാല്‍ തന്നെയും അതിനെയൊക്കെ ഇല്ലാതാക്കും വിധത്തിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനം. അഴിമതി ആരോപണം നേരിട്ടവരെ മത്സരരംഗത്തു നിന്ന് മാറ്റിനിര്‍ത്താനുള്ള ശ്രമം പോലും തടഞ്ഞ്, ഭരണ വിരുദ്ധ വികാരത്തെ ജ്വലിപ്പിച്ച് നിര്‍ത്താനും അതിലൊരു പങ്ക് ബി ജെ പിയുടെ പക്ഷത്തേക്ക് എത്തിക്കാനും ഉമ്മന്‍ ചാണ്ടി അക്ഷീണം യത്‌നിച്ചു.

ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസും എന്‍ ഡി എയും (ബി ജെ പി) തമ്മിലാണ് മുഖ്യമത്സരമെന്ന് അരുവിക്കര മാതൃകയില്‍ പ്രസംഗിച്ച് സംഘപക്ഷത്തെ കുറേക്കൂടി ‘നിയമവിധേയ’മാക്കുകയും ചെയ്തു ഉമ്മന്‍ ചാണ്ടി. അതിന്റെയൊക്കെ ഫലാണ് ബി ജെ പിയും സഖ്യകക്ഷികളും നേടിയെടുത്ത വോട്ട്. നേമത്തെ വിജയത്തിലും കോണ്‍ഗ്രസില്‍ നിന്ന് ചോര്‍ന്ന വോട്ട് വലിയ പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും അതില്‍ വലിയൊരു പങ്ക് ഒ രാജഗോപാല്‍ എന്ന വ്യക്തിക്കുണ്ട്. പലകുറി വിജയത്തോടടുത്ത പരാജയം അനുഭവിക്കേണ്ടി വന്ന മുതിര്‍ന്ന പൗരനോട് ജനങ്ങള്‍ക്കുണ്ടായ അനുതാപവും ആ വിജയത്തിലൊരു ഘടകമാണ്.

ജനവിധി അംഗീകരിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിക്കുന്നുണ്ട്. അതൊരു സ്വാഭാവിക പ്രതികരണം മാത്രമായി കൂട്ടിയാല്‍ മതിയാകും. ഉമ്മന്‍ ചാണ്ടി സ്വന്തം നിലപാടുകളില്‍ എന്തെങ്കിലും വിധത്തിലുള്ള മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ്. അതിനെ അംഗീകരിച്ചാണ് കോണ്‍ഗ്രസും യു ഡി എഫും ഇനിയും മുന്നോട്ടുപോകുന്നതെങ്കില്‍ കേരള സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും അവസാനത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നുവെന്ന ചരിത്രം അവശേഷിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് പഠിക്കേണ്ടിവരും. പശ്ചിമ ബംഗാളിലെ അവസാനത്തെ മുഖ്യമന്ത്രി സിദ്ധാര്‍ഥ ശങ്കര്‍ റേ ആയിരുന്നുവെന്ന് അവിടുത്തെ കോണ്‍ഗ്രസുകാര്‍ പഠിക്കുന്നത് പോലെ.

ചിലയിടങ്ങളിലെങ്കിലും വോട്ട് ചോര്‍ന്നത് ഇടതു പക്ഷത്തിന് പ്രത്യേകിച്ച് സി പി എമ്മിനുമുള്ള മുന്നറിയിപ്പാണ്. കോഴിക്കോട് കുറ്റിയാടിയിലുണ്ടായ പരാജയവും പേരാമ്പ്രയിലുണ്ടായ പരാജയത്തോടടുത്ത വിജയവും അവര്‍ക്കുള്ള പാഠമാണ്. ചെറുതല്ലാത്ത ഭരണ വിരുദ്ധ തരംഗമുണ്ടായിട്ടും പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിലെ അഴീക്കോട്ട് താരപദവിയുള്ള സ്ഥാനാര്‍ഥിക്കുണ്ടായ പരാജയവും അവരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുണ്ട്.

വിജയത്തിന്റെ ലഹരിയില്‍ അവരതിന് തയ്യാറാകുന്നില്ലെങ്കില്‍, മണ്ണൊലിപ്പിന്റെ സാധ്യതകള്‍ ഒരിടത്ത് മാത്രമുള്ളതല്ലല്ലോ? പലവിധത്തില്‍ പുറത്തുവന്ന ആരോപണങ്ങള്‍ ഏറ്റുപാടുക എന്ന ജോലിയാണ് പ്രതിപക്ഷത്തിരിക്കെ ഇടതു പക്ഷം കഴിഞ്ഞ അഞ്ച് വര്‍ഷം ചെയ്തത്. ഈ ആരോപണങ്ങളുടെയൊക്കെ വസ്തുതകള്‍ പുറത്തുകൊണ്ടുവരിക എന്ന ഉത്തരവാദിത്വം ഭരണത്തിലേറുമ്പോള്‍ അവര്‍ക്കുണ്ട്. പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളുടെ നീണ്ട പട്ടികയും. ഇതിലൊക്കെ എന്ത് നിലപാടെടുക്കുന്നുവെന്നതിനെക്കൂടി ആശ്രയിച്ചിരിക്കും അവിടെ നിന്നുള്ള മണ്ണൊലിപ്പിന്റെ ഗതിയും വേഗവും.