ഡീന്‍ കുര്യക്കോസിനെ രൂക്ഷമായി വിമര്‍ശിച്ച് ടി.എന്‍ പ്രതാപന്‍

Posted on: May 18, 2016 9:34 pm | Last updated: May 18, 2016 at 9:34 pm

tn-prathapan-784.jpg.image.784.410തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസിനെ രൂക്ഷമായി വിമര്‍ശിച്ച് ടി.എന്‍ പ്രതാപന്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കയ്പമംഗലം സീറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പിന്തുടര്‍ച്ചയായാണ് പ്രതാപന്റെ പോസ്റ്റ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച ശേഷം കയ്പമംഗലം സീറ്റ് ആവശ്യപ്പെട്ട് പ്രതാപന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കത്ത് സംബന്ധിച്ച് പ്രതാപനെതിരെ ഡീന്‍ കുര്യാക്കോസ് പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്റെ പ്രസ്താവന തെറ്റായിപ്പോയെന്ന് കാണിച്ച് ഡീന്‍ പ്രതാപനെ നേരിട്ട് കണ്ട് മാപ്പു ചോദിച്ചിരുന്നു. ഏപ്രില്‍ 21ന് അര്‍ദ്ധരാത്രി ഡീന്‍ തന്നെ കണ്ട് മാപ്പു ചോദിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതാപന്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…….
ആ രാത്രി…
കഴിഞ്ഞ ഏപ്രില്‍ 21.
അന്ന് ഞാന്‍ വീട്ടിലെത്താന്‍ പതിവിലും ഒരു മണിക്കൂറോളം വൈകി.
രാവിലെ ആരംഭിച്ച തിരക്കുപിടിച്ച യാത്രകളും, തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളും കഴിഞ്ഞ് പാര്‍ട്ടി തല അവലോകന യോഗങ്ങള്‍ അര്‍ദ്ധരാത്രി കഴിഞ്ഞും തുടര്‍ന്നു.
മാളയിലെ എന്റെ എം.എല്‍.എ. ഓഫീസില്‍ കൊടുങ്ങല്ലൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.ധനപാലന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗം കഴിഞ്ഞപ്പോള്‍ പുലര്‍ച്ചെ രണ്ടു മണി കഴിഞ്ഞു. മണിക്കൂറുകളായി എന്നെ കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകരുടെ അഭിമുഖവും കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മണി പുലര്‍ച്ചെ മൂന്നര.
തളിക്കുളത്തെ എന്റെ വീട്ടിലെക്കുള്ള ഇടവഴിയില്‍ ആ നേരത്തും രണ്ടു പേര്‍ കാറില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
എന്റെ പുറകെ തെല്ലു മടിയോടെ അവര്‍ വീട്ടിലേക്ക് കയറി വന്നു.
ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുനീറായിരുന്നു. മറ്റേയാളെ ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല.
അത് സാക്ഷാല്‍ ഡീന്‍ കുര്യാക്കോസായിരുന്നു.
എന്റെ ഫോണില്‍, എന്നെയൊന്ന് നേരിട്ട് വിളിച്ചിരുന്നെങ്കില്‍, ഡീന്‍… താങ്കള്‍ക്ക് രാത്രി പതിനൊന്ന് മണി മുതല്‍ ഈ നേരം വരെ ഈ ഇരുള്‍ മൂടിയ ഇടവഴിയില്‍ എന്നെ കാത്ത് കാറിലിരിക്കേണ്ടി വരില്ലായിരുന്നു.
ഒരു നിമിഷം പോലും പാഴാക്കാനില്ലാത്ത അതി നിര്‍ണായകമായ തെരഞ്ഞെടുപ്പ് വേളയില്‍ പ്രത്യേകിച്ച്…
ഞാന്‍ മാളയിലെ എം.എല്‍.എ ഓഫീസിലേക്ക് വരാന്‍ പറഞ്ഞേനെ, അല്ലെങ്കില്‍ ഡീനിനടുത്തേക്ക് ഞാന്‍ വരുമായിരുന്നല്ലോ…? അത്രയേറെ ആദരവുണ്ട് താങ്കള്‍ ‘അലങ്കരിക്കുന്ന’ ആ പദവിയോട്, എന്നെപ്പോലുള്ള സാധാരണക്കാരായ കോണ്‍ഗ്രസ്സുകാര്‍ക്ക്. കാരണം ഏ.കെ.ആന്റണിയും വി.എം.സുധീരനും പോലുള്ള മഹാരഥന്മാര്‍ യുവാക്കളുടെ ശബ്ദമെന്താണെന്ന് കാണിച്ചു കൊടുത്ത് മാറ്റുകൂട്ടിയ പദവിയാണത്.
ഡീന്‍ ഉറക്കച്ചടവോടെ ഏറെ സംസാരിച്ചു. ‘ആവേശം കൊണ്ടും വികാരം കൊണ്ടും, എടുത്തു ചാടി നടത്തിയതാണ് ആ പ്രസ്താവന… തെറ്റുപറ്റിപ്പോയി…… ക്ഷമിക്കണം…. ‘ അങ്ങനെ എന്തൊക്കെയോ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു., വീടിന്റെ തൊട്ടു കിഴക്കുള്ള തളിക്കുളങ്ങര ക്ഷേത്രത്തില്‍ നിന്ന് സുപ്രഭാതം കേള്‍ക്കുന്നവരെ.
ഞാനെന്റെ മനസു തുറന്നു: ‘ജീവിതത്തിലിന്നേ വരെ എന്നോട് കടുത്ത ക്രൂരത കാട്ടിയവരോട് പോലും മനസില്‍ പരിഭവം സൂക്ഷിക്കാനറിയാത്ത ദുര്‍ബലനാണു ഞാന്‍. ഞാനൊരു ദൈവവിശ്വാസിയാണ്. മുകളിലുള്ളയാള്‍ എല്ലാം കാണുന്നുണ്ടെന്നു മാത്രം വിശ്വസിക്കാനാഗ്രഹിക്കുന്ന ഒരാള്‍… ആ വിശ്വാസം തന്നെയാണ് ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി ഡീന്‍ ഏറ്റു പറച്ചിലുകള്‍ തുടരുമ്പോഴും, നിറഞ്ഞ ഉന്മേഷത്തോടെ, പുഞ്ചിരിയോടെ മറുപടി പറയാന്‍ എനിക്ക് ഊര്‍ജമാകുന്നത്…
പിന്നെ ഡീന്‍….
ആവേശത്തിെന്റയും ക്ഷുഭിത യൗവ്വനത്തിന്റെയും കാര്യം… യുവത്വത്തിന്റെ എടുത്തു ചാട്ടവും ചോരത്തിളപ്പും എനിക്കും ഏറെ ഇഷ്ടമാണ്.
മറ്റാരേക്കാളുമേറെ ഞാന്‍ അത്തരക്കാരെ പ്രോത്സാഹിപ്പിക്കാറും, പിന്‍തുണക്കാറുമുണ്ട്.
ഞങ്ങളുമെടുത്തിട്ടുണ്ട്, കഴിഞ്ഞ നാളുകളിലൊക്കെ ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ നിരവധി നിലപാടുകള്‍…
പക്ഷേ നിലപാടുകളെടുക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ഓര്‍മിപ്പിക്കട്ടെ..
ഒന്ന്:
ചാനല്‍ മൈക്കുകളുടെയും ക്യാമറ ഫ്‌ലാഷുകളുടെയും മുന്നില്‍ നെഞ്ചുവിരിച്ചെടുക്കുന്ന നിലപാടുകള്‍ തെറ്റാണെന്ന് തിരിച്ചറിഞ്ഞാല്‍ അതേ മാധ്യമപ്പടയ്ക്കു തന്നെ മുന്നില്‍ച്ചെന്ന് തെറ്റുപറ്റിയെന്ന് വിളിച്ചു പറയാനുള്ള ആര്‍ജ്ജവമുണ്ടാകണം. അല്ലാതെ ആര്‍ക്കെതിരെ നിലപാടെടുത്തോ, അവര്‍ക്കടുത്ത് ചെന്ന് രഹസ്യമായി തെറ്റ് ഏറ്റുപറയുകയല്ല, വേണ്ടത്.
മറ്റൊന്ന്:
സാധാരണക്കാരനെ ബാധിക്കുന്ന, നമ്മുടെ പരിസ്ഥിതിയെയും പ്രകൃതിയേയും… മണ്ണിനെയും മനുഷ്യനേയും ബാധിക്കുന്ന നാടിന്റെ ജീവല്‍പ്രശ്‌നങ്ങളില്‍ യുവാക്കളുടെ ശബ്ദം കേള്‍ക്കേണ്ട ഘട്ടങ്ങളിലൊന്നിലെങ്കിലും, പ്രതിരോധത്തിന്റെ ഒരു ചെറുവിരലെങ്കിലും അനക്കാന്‍, എപ്പോഴെങ്കിലുമൊരിക്കല്‍ താങ്കള്‍ പറഞ്ഞ ആവേശവും എടുത്തു ചാട്ടവുമെല്ലാം ഉപയോഗിക്കണമെന്നു കൂടി ഓര്‍മിപ്പിക്കട്ടെ.
ഈ കൂടിക്കാഴ്ചയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലെ നിറ സാന്നിദ്ധ്യമായ ഡീന്‍ അവിടെ എന്തെങ്കിലുമെഴുതുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു..
തെരഞ്ഞെടുപ്പ് തിരക്ക് കഴിഞ്ഞെങ്കിലും അതുണ്ടാകുമെന്ന് കരുതി…
ഒന്നും കാണാതിരുന്നതിനാലാണ് ഇപ്പോള്‍ എനിക്കിത് കുറിക്കേണ്ടി വന്നത്.
തെരഞ്ഞെടുപ്പിന് മുന്‍പായി നിറഞ്ഞ സദസ്സില്‍ ആടിയ ഈ കഥയ്ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരും മുമ്പേ തന്നെ തിരശീല വീഴട്ടെ എന്നു കരുതുന്നു.
വൃഥാ നമുക്കാര്‍ക്കും ഇനിയും ഇതൊക്കെ ഓര്‍ത്തും ചര്‍ച്ച ചെയ്തും സമയം കളയാനില്ലല്ലോ..
ഇതു തുറന്നെഴുതുന്നതിന് മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. നമ്മുടെ സമൂഹത്തിന് യുവാക്കളില്‍ ഏറെ പ്രതീക്ഷയുണ്ട്.
അതിനാല്‍ തന്നെ നമ്മുടെ കൊച്ചനുജന്മാരും അനുജത്തിമാരും നല്ല മാതൃകകളാണ് കണ്ട് പഠിക്കേണ്ടത്.
മറ്റൊന്ന് എന്നോട് സ്‌നേഹമുള്ള ചിലര്‍ക്കെങ്കിലും ഡീനിനോട് മനസ്സില്‍ പരിഭവം തോന്നിയിട്ടുണ്ടെങ്കില്‍, അവരിനിയും ആ പരിഭവം മനസ്സില്‍ സൂക്ഷിക്കാതിരിക്കുകയും വേണം എന്നതിനാലുമാണ്.
ഡീന്‍…. താങ്കളെ ആശ്ലേഷിച്ച് യാത്രയാക്കുമ്പോള്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ മാത്രമാണ് എനിക്കു പറയാനുള്ളത്…
താങ്കള്‍ ചെറുപ്പമാണ് …
വരും തലമുറകള്‍ക്ക് ഒരു നല്ല മാതൃകയാകാന്‍ ഇനിയെങ്കിലും താങ്കള്‍ക്ക് കഴിയട്ടെ…
താങ്കളുടെ നല്ല രാഷ്ട്രീയ ഭാവിക്ക് ഈ ജ്യേഷ്ഠ സഹോദരന്റെ എല്ലാ ആശംസകളും പിന്‍തുണയുമുണ്ടാകും…
സ്‌നേഹത്തോടെ ,
ടി.എന്‍. പ്രതാപന്‍