Connect with us

Kerala

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ; വ്യാപക നാശം

Published

|

Last Updated

തിരുവനന്തപുരം: ശക്തമായ മഴയില്‍ തെക്കന്‍ കേരളത്തില്‍ വ്യാപക നാശം. തെക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രിമുതല്‍ ശക്തമായ മഴ തുടരുകയാണ്. ആലപ്പുഴയിലെയും തിരുവനന്തപുരത്തെയും തീരദേശമേഖലകളില്‍ ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച കടല്‍ക്ഷോഭം ഇന്നും തുടരുകയാണ്. തിരുവനന്തപുരത്ത് ചെറിയതുറ, വലിയതുറ എന്നിവിടങ്ങളില്‍ കടലാക്രമണം ശക്തമായി.

വലിയതുറയില്‍ ശക്തമായ കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. വലിയതുറ പ്രദേശത്ത് നാല്‍പ്പതോളം കുടുംബങ്ങളെ വലിയതുറ എല്‍.പി, യു.പി സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കോവളം മുതല്‍ വലിയതുറവരെയുള്ള തീരദേശത്താണ് കടല്‍ക്ഷോഭം വ്യാപകമായ നാശം വിതച്ചത്. ആര്‍ത്തലച്ച് കരയിലേക്ക് കടല്‍ ഇരമ്പിക്കയറി വീടുകള്‍ ഭാഗികമായും പൂര്‍ണമായും തകര്‍ന്നു. ഇന്നലെ രാത്രി മുഴുവന്‍ അതിശക്തമായ കടല്‍ക്ഷോഭമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. തീരദേശത്തെ നിരവധി വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി. വീടുകള്‍ക്കുള്ളില്‍ വെള്ളം നിറഞ്ഞു. വീടുകള്‍ അപകട സ്ഥിതിയിലാതോടെയാണ് വീട്ടുകാരെ പൊലീസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണമെന്നും വരുന്ന 24 മണിക്കുര്‍കൂടി ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്‍കരുതലുകള്‍ എടുക്കണമെന്ന് കലക്ടര്‍മാര്‍ക്ക് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശനം നല്‍കി.

ആലപ്പുഴ, കൊല്ലം ജില്ലകളിലും കടലാക്രമണം വ്യാപക നാശത്തിനിടയാക്കിയിട്ടുണ്ട്. ആലപ്പുഴയില്‍ രണ്ട് വീടുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. കൊല്ലം തീരത്ത് ഇരവിപുരം താന്നി ഭാഗത്ത് ചില വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം മുതല്‍ ഇടതടവില്ലാതെ പെയ്ത കനത്ത മഴയില്‍ തലസ്ഥാനനഗരത്തിലെ താഴ്ന്ന സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലായി. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.