കണ്ണൂരില്‍ പോളിംഗ് ഉയര്‍ന്നത് എല്‍ ഡി എഫിന് വിജയസാധ്യത കൂട്ടും

Posted on: May 17, 2016 6:00 am | Last updated: May 17, 2016 at 12:53 am

കണ്ണൂര്‍: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ കണിശതയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന പോളിംഗ്. മുന്‍ തിരഞ്ഞെടുപ്പുകളിലെ പോളിംഗ് ശതമാനത്തിന്റെ കണക്കില്‍ ഉയര്‍ന്ന പോളിംഗ് ശതമാനം കണ്ണൂരിലെ ഇടതുസ്ഥാനാര്‍ഥികളുടെ ജയസാധ്യതയെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. നിലവില്‍ എല്‍ ഡി എഫിന് സ്വാധീനമുള്ള കല്ല്യാശ്ശേരി, തളിപ്പറമ്പ്, മട്ടന്നൂര്‍, തലശ്ശേരി, പയ്യന്നൂര്‍, ധര്‍മടം എന്നീ മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനംകൂടിയത് എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്.
ഇരിക്കൂറിലും പേരാവൂരിലും പോളിംഗ് ശതമാനം യു ഡി എഫിനും അനുകൂലമായേക്കും. ഇത്തവണ കടുത്ത മത്സരം നടക്കുന്ന കൂത്തുപറമ്പ്, അഴീക്കോട് മണ്ഡലങ്ങളിലും ഇടതിന് സാധ്യത കൂടുതലാണെന്ന് പോളിംഗ് ശതമാനത്തിന്റെ ഏറ്റക്കുറിച്ചിലുകള്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂരില്‍ ഇക്കുറി എട്ട് മണ്ഡലങ്ങള്‍ എല്‍ ഡി എഫിനൊപ്പംമുണ്ടാകുമെന്നാണ് പോളിംഗ് ശതമാനം സൂചിപ്പിക്കുന്നത്.
ആദ്യത്തെ ഒരു മണിക്കൂറില്‍ ജില്ലയില്‍ ഒമ്പത് ശതമാനം വോട്ടാണ് രേഖപ്പെടുത്തിത്. രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ശതമാനം 14 ആയി. പത്ത് മണിയോടെ 19 ആയി പോളിംഗ് ശതമാനമുയര്‍ന്നു. പതിനൊന്നോടെ പോളിംഗ് 33 ശതമാനമായി. ഒരു മണിയോടെ അമ്പതുശതമാനത്തിലെത്തി.
ജില്ലയിലെ 11 മണ്ഡലങ്ങളില്‍ ഇരിക്കൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ പോളിംഗ് നടന്നത്. ഉച്ചക്ക് ഒരുമണിവരെ 55 ശതമാനം പോളിംഗ് ഇവിടെ രേഖപ്പെടുത്തി. ധര്‍മടത്തായിരുന്നു ഏറ്റവും കുറഞ്ഞ പോളിംഗ്. 41 ശതമാനം പോളിംഗ് മാത്രമാണ് ഉച്ചക്ക് ഇവിടെ നടന്നത്. എന്നാല്‍ വൈകിട്ടോടെ 82.6 ശതമാനമായി അത് ഉയര്‍ന്നു.
അഴീക്കോട്, ചിറക്കല്‍, പാപ്പിനിശ്ശേരി, നാറാത്ത്, വളപട്ടണം പഞ്ചായത്തുകളും ചെറിയ ഒരു ഭാഗം കണ്ണൂര്‍ കോര്‍പറേഷനും ഉള്‍പ്പെട്ട അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ പോളിംഗ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 82.65 ശതമാനമാണ് വോട്ടു രേഖപ്പെടുത്തിയത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 70ശതമാനത്തിലധികം വോട്ടുകള്‍ പോള്‍ചെയ്തു.
പോളിംഗ് ശതമാനം കൂടിയത് ലോകസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കൂട്ടിയിരുന്നു.5010 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ ലഭിച്ചിരുന്നത്.എന്നാല്‍ ഇത്തവണ പോളിംഗ്ശതമാനം കൂടിയാലും അത് ആരെ ബാധിക്കുമെന്ന് വ്യക്തമായി പറയാനാവില്ല.യു ഡി എഫിലെ ഒരു വിഭാഗം വോട്ടുകള്‍ വാങ്ങിയെടുക്കാന്‍ കഴിവുള്ള കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി കൂടി മത്സരരംഗത്തുണ്ടെന്നതാണ് ഇതിനുള്ള പ്രധാന കാരണം. ബി ജെ പിക്കും എസ് ഡി പി ഐക്കുമുള്ള വോട്ടുകള്‍ കൃത്യമായി അവരവരുടെ പെട്ടിയില്‍ വീണില്ലെങ്കില്‍ അതും ഇടതു-വലതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ ജയപരാജയത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.ഇത്തവണ 76.5ശതമാനമാണ് ഇവിടത്തെ പോളിംഗ്.
തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി, ഇരിക്കൂര്‍, ആലക്കോട്, ഉദയഗിരി, നടുവില്‍, ഏരുവേശ്ശി, പയ്യാവൂര്‍, ഉളിക്കല്‍ എന്നീ പഞ്ചായത്തുകളും ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയും ഉള്‍പ്പെട്ടതാണ് ഇരിക്കൂര്‍ നിയമസഭാമണ്ഡലം.കഴിഞ്ഞ തവണ ഇവിടെ 77.62 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്.എന്നാല്‍ ഇക്കുറി ഇവിടെ77.7 ശതമാനം വോട്ടാണ് പോള്‍ ചെയ്യപ്പെട്ടത്.പോളിഗ് ശതമാനം കൂടിയത് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കാണ് അനുകൂല നിലയൊരുക്കാറുള്ളത്.2014ലെ ലോകസഭാ തെരെഞ്ഞെടുപ്പിലും പോളിംഗ് ശതമാനം കൂടിയത് ഇരിക്കൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ലീഡ് വര്‍ധിക്കാനിടയാക്കി.
കണ്ണൂരില്‍ 2011ലെ നിയമസഭ തെരഞ്ഞെടുപ്പു ഫലം യു ഡി എഫിന് അനുകൂലമാക്കിയത് അന്നത്തെ പോളിംഗ് ശതമാനമായിരുന്നു(79.17). ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് നിലനിര്‍ത്താന്‍ യു ഡി എഫിനായി.എന്നാല്‍ തദ്ദേശതിരഞ്ഞെടുപ്പിലുണ്ടായ ചെറിയമാറ്റങ്ങള്‍ എങ്ങിനെ മുന്നണികളെ ബാധിക്കുമെന്ന് കണ്ടറിയണം.ഇക്കുറിയത് 67.9ശതമാനമായി കുറയുകയാണുണ്ടായത്.
കല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍, മട്ടന്നൂര്‍,തലശ്ശേരി മണ്ഡലങ്ങളില്‍ 75നും 85ശതമാനത്തിനിടയിലാണ് കഴിഞ്ഞ തവണ വോട്ടുരേഖപ്പെടുത്തപ്പെട്ടത്.പോളിംഗ് ഉയരുന്നത് ഈ മണ്ഡലങ്ങളില്‍ എല്‍ ഡി എഫിന്റെ ഭൂരിപക്ഷം ഉയര്‍ത്തുന്ന നിലയാണ് സാധാരണ കാണാറുള്ളത്.ഇവിടങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷം ഇത്തവണയും ഇടതുമുന്നണി നിലനിര്‍ത്തുമെന്നും വിലയിരുത്തപ്പെടുത്തുന്നുണ്ട്.
കൂത്തുപറമ്പ് മണ്ഡലത്തില്‍ 79.94ശതമാനമായിരുന്നു കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലെ പോളിംഗ്. ഇത് യു ഡി എഫിനെയാണ് അന്ന് തുണച്ചിരുന്നതെങ്കില്‍ 2014ലെ ലോകസഭാതിരഞ്ഞെടുപ്പില്‍ പോളിംഗ്ശതമാനം കൂടിയത് എല്‍ ഡി എഫിന് വലിയ ഭൂരിപക്ഷം കിട്ടാനിടയാക്കി.ഇത്തവണയും പോളിംഗ് ശതമാനം കൂടുന്നത് (78.8)ഇടതിനെതുണക്കുമെന്ന് തന്നെയാണ് കരുതുന്നത്.
കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തില്‍ മൊത്തം പോള്‍ചെയ്ത വോട്ടിന്റെ 9.25% ആണ് കഴിഞ്ഞ തവണ ബി ജെ പിക്ക് ലഭിച്ചത്, തലശേരിയില്‍ അത് 5.92% ആയിരുന്നു. അതായത് മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് ബി ജെ പിക്ക് ചെറിയൊരു മേല്‍ക്കൈ ഇവിടെയുണ്ട്. ബി ജെ പിയുടെ വോട്ട് കൃത്യമായി അവരുടെ തന്നെ പെട്ടിയില്‍ വീണാല്‍ ഇടതിന്റെ വിജയം സുനിശ്ചിതമാകുമെന്നും വിലയിരുത്തപ്പെടുത്തുന്നുണ്ട്.