രാഹുല്‍ ഗാന്ധി കേരള സന്ദര്‍ശനം റദ്ദാക്കി

Posted on: May 10, 2016 11:19 am | Last updated: May 10, 2016 at 12:26 pm

rahul gandhiന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് നടത്താനിരുന്ന കേരള സന്ദര്‍ശനം റദ്ദാക്കി. കടുത്ത പനിമൂലം അടുത്ത രണ്ടു ദിവസം പൂര്‍ണമായി വിശ്രമിക്കാനാണ് ഡോകടര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനാലാണ് സന്ദര്‍ശനം റദ്ദാക്കുന്നതെന്ന് രാഹുലിന്റെ ഓഫിസ് അറിയിച്ചു. കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനുള്ള തീരുമാനവും റദ്ദാക്കിയിട്ടുണ്ട്. സന്ദര്‍ശനം റദ്ദാക്കിയതില്‍ മൂന്ന് സംസ്ഥാനങ്ങളിലെയും ജനങ്ങളോട് ക്ഷമാപണം നടത്തുന്നതായി രാഹുല്‍ ട്വീറ്റ് ചെയ്തു.

അതേസമയം, വധഭീഷണി ലഭിച്ചതിനാല്‍ പാര്‍ട്ടി നിര്‍ദേശത്തെത്തുടര്‍ന്നാണ് സന്ദര്‍ശനം മാറ്റിവച്ചതെന്നാണ് അനൗദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. പുതുച്ചേരിയിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. നാരായണസ്വാമിക്കാണ് കത്ത് ലഭിച്ചത്. രാഹുല്‍ ഗാന്ധിയെ കഷ്ണങ്ങളാക്കുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയങ്ങള്‍ ചുമട്ടുതൊഴിലാളികളെ ദോഷകരമായി ബാധിച്ചെന്നും വ്യവസായശാലകള്‍ പൂട്ടിയതോടെ തൊഴിലാളികള്‍ ദുരിതത്തിലാണെന്നും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത കത്തില്‍ പറയുന്നുണ്ട്.
വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഇന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടു. രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും കേന്ദ്രം കത്തിനെ കുറിച്ച് അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.