നീറ്റ്: സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാമെന്ന് എം സി ഐ

Posted on: May 6, 2016 3:01 pm | Last updated: May 6, 2016 at 11:42 pm

neetന്യൂഡല്‍ഹി: മെഡിക്കല്‍, ദന്തല്‍ കോളജ് പ്രവേശനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഏകീകൃത പരീക്ഷ സംവിധാന (നീറ്റ്)ത്തില്‍ സ്വന്തമായി പരീക്ഷ നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് ഇളവ് നല്‍കാമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം സി ഐ). സുപ്രീം കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് എം സി ഐ നിലപാട് അറിയിച്ചത്. എന്നാല്‍, സ്വാശ്രയ മാനേജ്‌മെന്റുകള്‍ നേരിട്ട് നടത്തുന്ന പ്രവേശന പരീക്ഷകള്‍ അംഗീകരിക്കാനാകില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കി. കല്‍പ്പിത സര്‍വകലാശാലകള്‍ക്കും സ്വകാര്യ കോളജുകള്‍ക്കും നീറ്റ് നിര്‍ബന്ധമായും നടപ്പിലാക്കണമെന്നാണ് കൗണ്‍സിലിന്റെ നിലപാട്. ഇക്കാര്യത്തില്‍ തിങ്കളാഴ്ച സുപ്രീം കോടതി തീരുമാനമെടുക്കും.
നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തമായി മെഡിക്കല്‍, ദന്തല്‍ പ്രവേശന പരീക്ഷ നടത്തുന്ന സംസ്ഥാനങ്ങളെ ഈ വര്‍ഷത്തേക്ക് ദേശീയ പൊതുപ്രവേശന പരീക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള മാര്‍ഗം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടും മെഡിക്കല്‍ കൗണ്‍സിലിനോടും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന പ്രവേശന പരീക്ഷകള്‍ വഴി സര്‍ക്കാര്‍ കോളജുകളിലേക്ക് മാത്രമാണ് പ്രവേശനം പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ ബഞ്ച്, സ്വകാര്യ മെഡിക്കല്‍, ദന്തല്‍ കോളജുകള്‍ നീറ്റ് പട്ടികയില്‍ നിന്ന് പ്രവേശനം നടത്തേണ്ടിവരുമെന്ന് വാക്കാല്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
മെഡിക്കല്‍ പ്രവേശത്തിന് ഏകീകൃത പരീക്ഷ ഈ വര്‍ഷം തന്നെ ബാധകമാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് സംസ്ഥാനങ്ങള്‍ ഇന്നലെയും സുപ്രീം കോടതിയെ ധരിപ്പിച്ചത്. ഏപ്രില്‍ 29നാണ് മെഡിക്കല്‍, ദന്തല്‍ കോഴ്‌സുകള്‍ക്ക് ദേശീയതലത്തിലുള്ള പൊതുപ്രവേശന പരീക്ഷ നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവിട്ടത്.