Connect with us

National

മോദിയുടെ ബിരുദം: സര്‍വകലാശാലാ വി സിക്ക് കെജ്‌രിവാളിന്റെ കത്ത്‌

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ മോദിയുടെ ബി എ ബിരുദം സംബന്ധിച്ച വിശദ വിവരം വെബ്‌സൈറ്റില്‍ വെളിപ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി സര്‍വകലാശാലയോട് ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് കെജ്‌രിവാള്‍ വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു.
നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട രേഖകള്‍ രഹസ്യമായി സൂക്ഷിക്കുകയാണെങ്കില്‍ അവ വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്നാണ് വൈസ്ചാന്‍സലര്‍ യോഗേഷ് ത്യാഗിയോട് കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ രാജ്യത്തെ ജനത്തിന് അവകാശമുണ്ട്. മാത്രമല്ല, അദ്ദേഹത്തിന്റെ ബിരുദത്തെ കുറിച്ച് ഗുരുതര ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ യഥാര്‍ഥ വസ്തുത പുറത്തുവരേണ്ടതുണ്ടെന്നും കെജ്‌രിവാള്‍ ചുണ്ടിക്കാട്ടി.
അതേസമയം, നരേന്ദ്ര മോദിയുടെ ബിരുദ രേഖകള്‍ കാണിക്കാന്‍ ഡല്‍ഹി സര്‍വകലാശാല നേരത്തെ വിസമ്മതിച്ചിരുന്നു. തനിക്ക് ലഭിച്ച വിവരമനുസരിച്ച് മോദി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി എ ബിരുദമെടുത്തിട്ടില്ല എന്ന് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ചില പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ ചിത്രം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
നരേന്ദ്ര മോദി 62.3 ശതമാനം മാര്‍ക്കോടെ എം എ വിജയിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് സര്‍വകലാശാല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ ബിരുദത്തെ കുറിച്ച് ഡല്‍ഹി സര്‍വകലാശാല ഇതുവരെ പ്രതികരിച്ചിട്ടില്ല. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നല്‍കിയ സത്യവാങ്മൂലത്തില്‍ താന്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി എയും ഗുജ്‌റാത്ത് സര്‍വകലാശാലയില്‍ നിന്ന് എം എയും പാസായതായി നരേന്ദ്ര മോദി ബോധിപ്പിച്ചിരുന്നു. ഈ രണ്ട് വാദങ്ങളും തെറ്റാണെന്നാണ് അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുന്നത്.
നരേന്ദ്ര മോദിക്ക് യൂനിവേഴ്‌സിറ്റി ബിരുദമില്ലെന്ന ആരോപണം ഉന്നയിച്ച കെജ്‌രിവാള്‍ മോദി ബിരുദ പഠനം നടത്തിയതിന് ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ ഒരു രേഖയുമില്ലെന്നും വ്യക്തമാക്കി. അദ്ദേഹം ബി എ പാസായിട്ടില്ലെങ്കില്‍ പിന്നെയെങ്ങനെയാണ് എം എ നേടിയതെന്ന് വ്യക്തമാക്കണം. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന്റെ എം എ ബിരുദം വ്യാജമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

---- facebook comment plugin here -----

Latest