ഉത്തരാഖണ്ഡ് ജഡ്ജിയുടെ സ്ഥലം മാറ്റം

Posted on: May 6, 2016 6:00 am | Last updated: May 6, 2016 at 1:09 am

തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിയായിരുന്ന എസ് എസ് വാസവന്റെ സ്ഥലംമാറ്റത്തെ അനുസ്മരിപ്പിക്കുന്നതാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിന്റെ പുതിയ സ്ഥലം മാറ്റം. കഴിഞ്ഞ മാര്‍ച്ച് 17നാണ് ജസ്റ്റിസ് വാസനെ തൃശൂരില്‍ നിന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയത്. ഒരു സാധാരണ നടപടിക്രമം എന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണമെങ്കിലും സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ജസ്റ്റിസ് വാസന്റെ വിധിയുമായി ഈ നടപടിക്ക് ബന്ധമുണ്ടെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. പാമോയില്‍ കേസ്, മന്ത്രി സി എന്‍ ബലകൃഷ്ണനെതിരായ അഴിമതിക്കേസ് തുടങ്ങിയ ചില കേസുകളിലും യു ഡി എഫ് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വിധികള്‍ ജസ്റ്റിസ് വാസവന്‍ പുറപ്പെടുവിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ സര്‍ക്കാരിനെ പിരിച്ചു വിടുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയത് ജസ്റ്റിസ് കെ എം ജോസഫായിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശമടങ്ങുന്ന ഏപ്രില്‍ 20-ലെ വിധിപ്രസ്താവം മോദി ഭരണകൂടത്തെ രാഷ്ട്രീയമായി സമ്മര്‍ദത്തിലാക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ജോസഫിനെ ഹൈദരബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരിക്കുന്നത്.
നിയമനിര്‍മാണസഭ, ഭരണ നിര്‍വഹണത്തിന് ചുമതലപ്പെട്ട സര്‍ക്കാര്‍, നീതിന്യായ വിഭാഗം (കോടതികള്‍) എന്നിങ്ങനെ മൂന്ന് പ്രധാന ഘടകങ്ങളാണ് ജനാധിപത്യഭരണ വ്യവസ്ഥിതിയിലുള്ളത്. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകള്‍ എന്നാണ് ഇവയെ വിശേഷിപ്പിക്കാറുള്ളത്. ജനങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന കേസുകളിലും നിയമ പ്രശ്‌നങ്ങളിലും തീര്‍പ്പ് കല്‍പ്പിക്കുന്നതോടൊപ്പം ഭരണകൂടത്തിന്് സംഭവിക്കുന്ന പിഴവുകള്‍ തിരുത്താനും ഭരണഘടനാ സംബന്ധമായ ഭിന്നതകള്‍ ഉടലെടുക്കുമ്പോള്‍ അതില്‍ തീര്‍പ്പ് കണ്ടെത്തി ജനാധിപത്യ മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നതിന് സര്‍ക്കാറിനെ സഹായിക്കാനും കൂടി ബാധ്യതയുണ്ട് കോടതികള്‍ക്ക്. ഭരണഘടനയുടെ സംരക്ഷകനും വ്യാഖ്യാതാവുമായി വര്‍ത്തിക്കുക എന്നതാണ് കോടതികളുടെ മുഖ്യകടമ. നിയമനിര്‍മാണ സഭകള്‍ രൂപം നല്‍കുന്ന നിയമങ്ങള്‍ വ്യാഖ്യാനിക്കുകയും ഭരണഘടനയുടെ അന്തസ്സത്തക്കോ ജനതാത്പര്യത്തിനോ വിരുദ്ധമാണെങ്കില്‍ അത് തിരുത്തുകയും ചെയ്യാന്‍ കോടതിക്ക് അവകാശമുണ്ട്. കോടതികളുടെ ചില നിരീക്ഷണങ്ങള്‍ സര്‍ക്കാറിന്റെ രാഷ്ട്രീയ താത്പര്യത്തിന് വിരുദ്ധമായെന്ന് വരാം. ഭരക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങളല്ലെ, ഭരണഘടനാ താത്പര്യങ്ങളാണ് നിയമജ്ഞരെ സ്വാധീനിക്കേണ്ടത്. സര്‍ക്കാറിന്റെ കളിപ്പാവകളല്ല ജഡ്ജിമാര്‍. അതുകൊണ്ട് തന്നെ ജഡ്ജിമാര്‍ക്കെതിരെ പ്രതികാര ബുദ്ധിയോടെ നീങ്ങഉന്നത് ശരിയല്ല.
അതേസമയം ജഡ്ജിമാര്‍ക്ക് തെറ്റ് സംഭവിക്കാം. നിയമ പുസ്തകങ്ങള്‍ വ്യാഖനിക്കുന്നതില്‍ പിഴവ് പറ്റാം. വിധിപ്രസ്താവങ്ങളില്‍ ബാഹ്യസമ്മര്‍ദങ്ങള്‍ വരാനും രാഷ്ട്രീയപരവും വിശ്വാസപരവുമായ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കാനും സാധ്യതയുമുണ്ട്. അങ്ങനെ അഭിപ്രായമൂണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നിയമപരമായ വഴികള്‍ ഭരണഘടനാ ശില്‍പികള്‍ സംവിധാനിച്ചിട്ടുണ്ട്. മേല്‍ക്കോടതികളെ സമീപിച്ചു തിരുത്തിക്കാം. ആ വഴി പ്രയോഗക്കുന്നതിന് പകരം ജഡ്ജിമാരെ സ്ഥലം മാറ്റി പീഡിപ്പിക്കുന്നത് ന്യായമല്ല. ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ ജസ്റ്റിസ് കെ എം ജോസഫിന്റെ ഉത്തരവിനെ ആര്‍ എസ് എസ് രൂക്ഷമായി വിമര്‍ശിക്കുകയും കോണ്‍ഗ്രസുമായി അടുപ്പമുള്ള കുടുംബമാണ് ജഡ്ജിയുടേതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പരാമര്‍ശവിധേയമായ ജസ്റ്റിസ് കെ എം ജോസഫിന്റെ വിധിയെ സംബന്ധിച്ചു പരമോന്നത കോടതിക്കോ നിയമലോകത്തിനോ അത്തരമൊരു അഭിപ്രായമില്ല. മാത്രമല്ല. ആ ഉത്തരവിനെതിരെ കേന്ദ്രം സമര്‍പ്പിച്ച അപ്പീലില്‍ അദ്ദേഹത്തിന്റെ നിഗമനങ്ങളെ ശരിവെക്കുന്ന പരാമര്‍ശങ്ങളാണ് പരമോന്നത കോടതിയില്‍ നിന്നുണ്ടായതും.
ജനാധിപത്യ രാഷ്ട്രങ്ങളില്‍ ഭരണകര്‍ത്താക്കളും പരമോന്നത കോടതികളും തമ്മില്‍ ഭിന്നത ഉടലെടുക്കാറുണ്ട്. മിക്കയിടങ്ങളിലും ഭരണകര്‍ത്താക്കളുടെ അധികാരപരിധിക്കു പുറത്ത്, കുറച്ചൊക്കെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പരമോന്നത കോടതികളെ അനുവദിക്കുന്ന വ്യവസ്ഥയാണുള്ളത്. ഇന്ത്യയിലും സ്ഥിതി ഭിന്നമല്ല. അധികാരം ഭരണകൂടത്തില്‍ കേന്ദ്രീകരിക്കുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം. അത്തരമൊരു അവസ്ഥ സ്വേഛാധിപത്യത്തിന് വഴിവെക്കും. അടിയന്തരാവസ്ഥയുടെ കാലഘട്ടത്തിന്‍ രാജ്യം ഇത് അനുഭവിച്ചതാണ്. എങ്കിലും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ സര്‍ക്കാരുകള്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. കോടതികളുടെ ശക്തമായ ചെറുത്തുനില്‍പില്‍ അത് നടക്കാതെ പോകുകയായിരുന്നു. ഇവിടെയാണ് ന്യായാധിപന്മാരെ സ്വാധീനിക്കാനും വഴിപ്പെടുന്നില്ലെങ്കില്‍ പീഡിപ്പിച്ചു വഴിപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നത്. ഇത് നീതിന്യായ മേഖലയെയും ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്തും.