Connect with us

Kerala

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുതിച്ചുയരുന്നു

Published

|

Last Updated

കൊച്ചി: ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല ചെയ്യപ്പെട്ട ദളിത് നിയമ വിദ്യാര്‍ഥിനി ജിഷയെ പോലെ കേരളത്തില്‍ കഴിഞ്ഞ വര്‍ഷം പിച്ചി ചീന്തപ്പെട്ടത് നൂറു കണക്കിന് സ്ത്രീകളുടെയും കുട്ടികളുടെയും മാനവും ജീവനുമെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 1263 സ്ത്രീകളും 711 കുട്ടികളുമാണ് സാക്ഷര കേരളത്തില്‍ ബലാത്സംഗത്തിനിരയായത്. നൂറിലേറെ സ്ത്രീകളും 36 കുട്ടികളും കൊലചെയ്യപ്പെട്ടു.

177 സ്ത്രീകളാണ് തട്ടിക്കൊണ്ടു പോകപ്പെട്ടത്.3991 പേര്‍ പീഡനങ്ങള്‍ക്കിരയായി. ഔദ്യോഗിക കണക്കനുസരിച്ച് 12,383 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ ഭാഗമായി 2015ല്‍ കേരളത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്്തത്. ഔദ്യോഗിക കണക്കിനേക്കാളും ഇരട്ടിയിലധികമാണ് പുറം ലോകമറിയാതെ കിടക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങളുടെ പട്ടികയെന്നതാണ് വസ്തുത.
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ബലാത്സംഗം നടന്നത് ഭരണ സിരാകേന്ദ്രമായ തലസ്ഥാന നഗരിയിലാണ്. 171 ബലാത്സംഗ കേസുകളാണ് തിരുവനന്തപുരത്തുണ്ടായത്. ഇവിടെ 33 സ്ത്രീകള്‍ തട്ടിക്കൊണ്ട് പോകപ്പെട്ടു. ഒരു സ്ത്രീ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ചു. ആകെ 1649 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.പത്തനം തിട്ട- 62,കൊല്ലം- 108,ആലപ്പുഴ -48, ഇടുക്കി-84, തൃശൂര്‍ 113,പാലക്കാട്-72, മലപ്പുറം-129, കോഴിക്കൊട് 83,വയനാട്-104, കണ്ണൂര്‍-56, കാസര്‍കോട്-55 എണ്ണം സ്ത്രീകള്‍ കഴിഞ്ഞ വര്‍ഷം ബലാത്സംഗത്തിനിരയായി.
ബലാത്സംഗമുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വലിയ കുതിച്ചുചാട്ടമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. 2007 ല്‍ 500 ബലാത്സംഗ കേസുകളുണ്ടായിരുന്നതാണ് ഇപ്പോള്‍ 1263ലെത്തിയിരിക്കുന്നത്.
2008 ല്‍ 568 ബലാല്‍സംഗ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.2010 ലെത്തിയപ്പോള്‍ 66 കേസുകളുടെ വര്‍ധനവുണ്ടായി. 2011 ഇല്‍ ഇത് കുത്തനെ ഉയര്‍ന്ന് 1132 ബലാത്സംഗകേസിലെത്തി. 2012 ല്‍ – 1019, 2013 ല്‍ -1221 ,2014 ല്‍ -1347 എന്നിങ്ങനെ റെക്കോര്‍ഡ് വേഗത്തില്‍ ബലാത്സംഗ കേസുകള്‍ ഉയര്‍ന്നു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളില്‍ മൊത്തം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണവും പത്ത് വര്‍ഷത്തിനിടെ ഇരട്ടിയിലധികം വര്‍ധിച്ചതായി സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.
2009 ല്‍ 9353 കേസുകള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ രേഖപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷമത്12383 ലെത്തി. കുട്ടികള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങളില്‍ 2008 ല്‍ 549 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നിടത്ത് കഴിഞ്ഞ വര്‍ഷം 2373 ലുമെത്തി.

---- facebook comment plugin here -----

Latest