ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കും: സോളാര്‍ കമ്മീഷന്‍

Posted on: April 26, 2016 2:32 pm | Last updated: April 27, 2016 at 10:36 am
SHARE

oommen chandyകൊച്ചി: തെളിവ് ശേഖരണവും മറ്റുള്ളവരുടെ വിസ്താരവും പൂര്‍ത്തിയായ ശേഷം ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീണ്ടും വിസ്തരിക്കുന്നത് പരിഗണിക്കുമെന്ന് സോളാര്‍ കമ്മീഷന്‍. വാസ്തവ വിരുദ്ധമായി മൊഴി നല്‍കിയ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്ന ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്റെ (എഐഎല്‍യു) ആവശ്യം പിന്നീട് പരിഗണിക്കും. സരിതയുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്ന് ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ സോളാര്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു, ഈ ആവശ്യം പരിഗണിച്ച ശേഷമാണ് സോളാര്‍ കമ്മീഷന്‍ ഇത്തരമൊരു ഉത്തരവ് നല്‍കിയത്.

അന്വേഷണ കമ്മിഷന്‍ നിയമപ്രകാരം, ഒരിക്കല്‍ വിസ്തരിച്ച സാക്ഷിയെ ആവശ്യമെങ്കില്‍ വീണ്ടും വിസ്തരിക്കാന്‍ അധികാരമുണ്ടെന്നു ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. എന്നാല്‍, മറ്റു ചിലരെക്കൂടി വിസ്തരിക്കേണ്ടതുള്ളതിനാല്‍ മുഖ്യമന്ത്രിയുടെ കാര്യവും അപ്പോള്‍ പരിഗണിക്കാമെന്നും ലോയേഴ്‌സ് യൂണിയന്റെ ഹര്‍ജി നിലനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കുന്നതില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എതിര്‍പ്പ് അറിയിച്ചില്ല. അതേസമയം, തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് സോളര്‍ കമ്മിഷന്റെ നടപടികള്‍ ഏകപക്ഷീയമായി മാറുന്നുവെന്നു മാധ്യമങ്ങള്‍ക്കു മുന്‍പില്‍ ലോയേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി. രാജേന്ദ്രന്‍ വിമര്‍ശനമുന്നയിച്ചതു നിസാരമായി കാണാനാവില്ലെന്നു കമ്മിഷന്‍ വ്യക്തമാക്കി. കമ്മിഷനെ നീതീകരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണു ചില കാര്യങ്ങള്‍ പുറത്തു പറഞ്ഞതെന്നും മറിച്ചുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കാരണം കാണിക്കല്‍ നോട്ടിസിനുള്ള മറുപടിയില്‍ രാജേന്ദ്രന്‍ വിശദീകരിച്ചു.
എന്നാല്‍, കമ്മിഷന്‍ സിറ്റിങ്ങില്‍ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തി കമ്മീഷന്റെ നിഷ്പക്ഷതയെപ്പറ്റി മാധ്യമങ്ങളിലൂടെ ആരോപണമുന്നയിച്ചത് അത്യന്തം ഗൗരവത്തോടെ കാണുന്നതായി കമ്മിഷന്‍ പറഞ്ഞു. കമ്മിഷന്‍ നടപടികളെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി നടത്തിയ കൂട്ടിവായനകളുടെ ഉദ്ദേശ്യത്തെക്കുറിച്ചു സംശയമുണ്ട്. കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ചു സിപിഎം അനുകൂല സംഘടന വിമര്‍ശനമുന്നയിച്ച സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് അറിയിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇതിനായി രണ്ടാഴ്ച സമയം നല്‍കി.
സോളാര്‍ സാമ്പത്തിക തട്ടിപ്പ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ അംഗവും പെരുമ്പാവൂര്‍ ഡിവൈഎസ്.പിയുമായിരുന്ന ഹരികൃഷ്ണന്റെ വിസ്താരം ഇന്നും തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here