Connect with us

Kerala

സ്ഥാനാര്‍ഥികളുണ്ടോ സ്ഥാനാര്‍ഥികള്‍...

Published

|

Last Updated

സ്ഥാനാര്‍ഥികളെ ആവശ്യപ്പെട്ട് പത്രത്തില്‍ വന്ന പരസ്യം

തൃശൂര്‍: സ്ഥാനാര്‍ഥി മോഹവുമായി നടക്കുന്നവരെ കൊണ്ട് പൊറുതിമുട്ടിയതിനാല്‍ സ്ഥാനാര്‍ഥി പട്ടിക പോലും പ്രസിദ്ധീകരിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പെടാപാട് പെടുന്നതിനിടെ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ കിട്ടാതെ വലയുന്നു. ഒടുവില്‍ സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് പത്ര പരസ്യവും ഇവര്‍ നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ഥികളെ ലഭ്യമായാല്‍ മത്സരിക്കുമെന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസില്‍ നിന്നും ലഭ്യമായ വിവരം. എന്നാല്‍ പരസ്യം നല്‍കി രണ്ട് ദിനം പിന്നിട്ടിട്ടും ഒരാളും സ്ഥാനാര്‍ഥി മോഹവുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.—
തൃശൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സ്വതന്ത്രമണ്ഡപം സായാഹ്ന ദിനപത്രത്തിലാണ് നിയമസഭാ സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക, ആകെ സീറ്റ് 140 എന്ന തലവാചകത്തോടെ പരസ്യം നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ തൃശൂര്‍ മുല്ലശ്ശേരിയിലുള്ള സംസ്ഥാന ഓഫീസിന്റെ മേല്‍വിലാസവും ഫോണ്‍ നമ്പറും ഇ-മെയില്‍, വെബ്‌സൈറ്റ് വിലാസവും പരസ്യത്തിലുണ്ട്. ദേശീയ പ്രസിഡന്റ് കെ എം ശിവപ്രസാദ് ഗാന്ധിയാണെന്നും പരസ്യത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.—
ഗാന്ധിയന്‍ പാര്‍ട്ടി രൂപവത്കരിച്ചിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയായെങ്കിലും സംസ്ഥാന കമ്മിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന മുല്ലശ്ശേരിയില്‍ പോലും പാര്‍ട്ടി സജീവമല്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ചിലയിടങ്ങളില്‍ ഇവര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. സംസ്ഥാനത്ത് കാസര്‍കോട്, തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ മാത്രമെ പാര്‍ട്ടിക്ക് ജില്ലാ കമ്മിറ്റികള്‍ നിലവിലുള്ളൂ.

Latest