Connect with us

Gulf

അനധികൃത താമസക്കാര്‍ക്ക് യുഎഇയില്‍ 'ഈവ സെന്റര്‍' ഒരുങ്ങുന്നു

Published

|

Last Updated

EVA

ദുബൈ അവീറില്‍ താമസ-കുടിയേറ്റ വകുപ്പിന്റെ ഈവ സെന്റര്‍ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചപ്പോള്‍

ദുബൈ:നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെ പിടികൂടി പാര്‍പിക്കാന്‍ ദുബൈയില്‍ അന്താരാഷ്ട്ര ഗുണനിലവാരത്തില്‍ കേന്ദ്രം ഒരുങ്ങുന്നു. ദുബൈ താമസ-കുടിയേറ്റ വകുപ്പിന് (ജി ഡി ആര്‍ എഫ് എ) കീഴിലാണ് “ഈവ സെന്റര്‍” എന്ന പേരില്‍ കേന്ദ്രം നിര്‍മിക്കുന്നത്. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും പൊതുജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന ദുബൈ താമസ കുടിയേറ്റ വകുപ്പിന്റെ കീഴില്‍ 16,731 ചതുരശ്ര മീറ്ററില്‍ അല്‍ അവീറിലാണ് ഉന്നത നിലവാരത്തിലുള്ള കേന്ദ്രത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതെന്ന് ജി ഡി ആര്‍ എഫ് എ ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു, നിയമവിരുദ്ധമായും അനധികൃതമായും താമസിക്കുന്നവരെ പിടികൂടിയാല്‍ ഇവിടെ പാര്‍പ്പിക്കുകയും താത്കാലികമായോ അല്ലെങ്കില്‍ രാജ്യം വിടുന്നത് വരെയോ അവരുടെ സംരക്ഷണം ഇതിലൂടെ ഉറപ്പുവരുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ സുറൂര്‍ ഇന്നലെ “ഈവ” പദ്ധതി പ്രദേശത്ത് സന്ദര്‍ശനം നടത്തി. നിര്‍മാണ പ്രവര്‍ത്തികള്‍ അദ്ദേഹം വിലയിരുത്തുകയും വേഗത്തില്‍ പൂര്‍ത്തീകരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ജി ഡി ആര്‍ എഫ് എയുടെ ഇല്ലീഗല്‍ ഫോറിനേഴ്‌സ് അഫയേഴ്‌സ് സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ ഖലീഫ അല്‍ അഹ്മദ് അല്‍ ഗൈതും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും ഈവ സെന്റര്‍ ആര്‍കിടെറ്റും പരിശോധനക്കായി മേജര്‍ സുറൂറിനൊപ്പമുണ്ടായിരുന്നു. ദുബൈ നഗരസഭയുടെ സഹകരണത്തോടെയാണ് നിര്‍മാണം നടക്കുന്നതെന്ന് കേണല്‍ ഖലീഫ അല്‍ ഗൈത് പറഞ്ഞു.

2017ഓടെ കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും. അന്താരാഷ്ട്ര നിലവാരത്തില്‍ നവീനമായ രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ബൃഹത്തായ കെട്ടിടമായിരിക്കും ഈവ സെന്റര്‍. അനധികൃത താസമക്കാര്‍ക്ക് രാജ്യം വിടുന്നത് വരെ സൗകര്യപ്രദമായ താമസം ഉറപ്പുവരുത്താന്‍ സെന്ററില്‍ സാധിക്കുമെന്നും മേജര്‍ ജനറല്‍ സുറൂര്‍ പറഞ്ഞു. നിവൃത്തികേടുകൊണ്ടോ മറ്റു കാരണങ്ങള്‍കൊണ്ടോ നിയമവിരുദ്ധരായി താമസിക്കേണ്ടിവരുന്നവര്‍ക്ക് വേണ്ടി മധ്യപൗരസ്ത്യ മേഖലയിലെയും ഒരു പക്ഷേ ലോകത്തിലെതന്നെയും ഉന്നത നിലവാരത്തിലുള്ള ആദ്യ കേന്ദ്രമായിരിക്കുമിതെന്ന് മേജര്‍ ജനറല്‍ സുറൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പെട്ട അനധികൃത താമസക്കാരെ ഇവിടെ അധിവസിപ്പിക്കില്ല. സാഹചര്യങ്ങള്‍മൂലം അനധികൃതമായി താമസിക്കേണ്ടി വന്നവര്‍ക്കാണ് ഇവിടെ സൗകര്യം ചെയ്യുക. രാജ്യത്തിന്റെ നിയമവും വ്യവസ്ഥയും പാലിച്ചുകൊണ്ട് സ്വദേശേത്തേക്ക് മടങ്ങാനുള്ള എല്ലാ നിയമവശങ്ങളും ഇത്തരക്കാര്‍ക്ക് ചെയ്തുകൊടുക്കുമെന്ന് മേജര്‍ ജനറല്‍ സുറൂര്‍ വ്യക്തമാക്കി.
സൂപ്പര്‍ മാര്‍ക്കറ്റും നഴ്‌സറിയും കളിസ്ഥലവും പുല്‍തകിടികളും അനുബന്ധ സൗകര്യങ്ങളും ഇവിടെയുണ്ടാകും. നാലു മുതല്‍ എട്ടു പേര്‍ക്ക് സൗകര്യപ്രദമായി താമസിക്കാവുന്ന മുറികളാണ് കെട്ടിടത്തില്‍ നിര്‍മിക്കുന്നത്.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും താമസത്തിനായി പ്രത്യേകം സ്ഥലങ്ങളും മസ്ജിദുകളും ആരാധനാ നിര്‍വഹണത്തിനുള്ള സൗകര്യവും ഒരുക്കും. കേന്ദ്രത്തിലെ താമസക്കാര്‍ക്ക് കുടുംബവുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നടത്തുന്നതിനായിപ്രത്യേക കമ്പ്യൂട്ടര്‍ മുറികളും ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളും ലഭിക്കും. താമസക്കാര്‍ക്ക് സന്ദര്‍ശകരെ കാണുന്നതിനായി പ്രത്യേക മുറികളും സജ്ജമാക്കും. ഉയര്‍ന്ന നിലവാരമുള്ള ഭക്ഷണശാലകള്‍ക്ക് പുറമെ താമസക്കാരുടെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി പ്രത്യേക സ്ഥലവും നല്‍കും. ഇവക്കുപുറമെ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ആരോഗ്യ കേന്ദ്രവും ദന്താശുപത്രിയും ബാര്‍ബര്‍ സെന്ററും ഇവിടെയുണ്ടാകും.

പലവിധ പ്രശ്‌നങ്ങള്‍ കാരണം സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയാതെ കഷ്ടതയനുഭവിക്കുന്ന അനധികൃത താമസക്കാരെ കണ്ടുപിടിച്ച് അവര്‍ക്കുവേണ്ട സഹായ സൗകര്യങ്ങള്‍ ചെയ്യുന്നതിനായി താമസ-കുടിയേറ്റ വകുപ്പ് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അറിയിച്ചു.