Connect with us

Gulf

സുരക്ഷാ വാരാചരണം: മികച്ച ഡ്രൈവര്‍മാര്‍ക്ക് പാരിതോഷികം നല്‍കും

Published

|

Last Updated

ദുബൈ: ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കുന്ന മികച്ച ഡ്രൈവര്‍മാര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ദുബൈ, ഷാര്‍ജ അധികൃതര്‍ വ്യക്തമാക്കി. ഇന്നു(തിങ്കള്‍) മുതല്‍ ബുധനാഴ്ച വരെയാണ് മികച്ച 30 ഡ്രൈവര്‍മാര്‍ക്ക് 1,000 ദിര്‍ഹം വീതം സമ്മാനം നല്‍കുക. ദുബൈ, ഷാര്‍ജ പോലീസുകളുടെ ആഭിമുഖ്യത്തിലാണ് മികച്ച ഡ്രൈവര്‍മാരെ കണ്ടെത്തി പാരിതോഷികം നല്‍കുക. റോഡുകളില്‍ നീങ്ങുന്ന വാഹനങ്ങള്‍ നിരീക്ഷിച്ചാവും ഉദ്യോഗസ്ഥര്‍ സമ്മാനം കൈയോടെ നല്‍കുക. ഇരു എമിറേറ്റുകളും ദ മൊബൈല്‍ വണ്‍ റോഡ്‌സ്റ്റാര്‍ എന്ന പേരിലാണ് ഇതിനുള്ള ക്യാമ്പയിന് രൂപംനല്‍കിയിരിക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ദുബൈയിലും ബുധനാഴ്ച ഷാര്‍ജയിലുമാവും കാമ്പയിന്റെ ഭാഗമായി മികച്ച ഡ്രൈവര്‍മാരെ കണ്ടെത്തി പാരിതോഷികം സമ്മാനിക്കുക. വര്‍ഷത്തില്‍ രണ്ടു തവണയായാണ് കാമ്പയിന്‍ നടത്തുന്നത്. ഈ വര്‍ഷത്തേത് 35ാമത് കാമ്പയിനാണ്. കാമ്പയിന് നേതൃത്വം നല്‍കുന്നവരും കാമ്പയിന്റെ മുഖ്യ സംഘാടകരും ഉള്‍പെട്ട സംഘമാവും റോഡില്‍ വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കുക.
സീറ്റ് ബെല്‍റ്റ് ധരിക്കുക, വാഹനത്തില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക ഇരിപ്പിടം ലഭ്യമാക്കുക, ട്രാക്ക് മാറുമ്പോള്‍ ആവശ്യമായ സൂക്ഷ്മത പാലിക്കുക, സിഗ്നല്‍ നല്‍കുക, ഹാന്റ്‌സ്-ഫ്രീ മൊബൈല്‍ ഉപയോഗിക്കുക, ഇന്‍ഡിക്കേറ്ററുകള്‍ ആവശ്യാനുസരണം പ്രവര്‍ത്തിപ്പിക്കുക, വേഗപരിധി പാലിക്കുക തുടങ്ങിയവയാവും സംഘം പരിശോധിക്കുക. മൊബൈല്‍ 1, ഇഎംഎ ലൂബ്രികന്റ്‌സ് കമ്പനി എന്നിവയാണ് റോഡ്‌സ്റ്റാര്‍ സുരക്ഷാ കാമ്പയിന്റെ സ്‌പോണ്‍സര്‍മാര്‍. ആര്‍ എസ് എ ഇന്‍ഷൂറന്‍സ്, എ ജി എം സി. ബി എം ഡബ്ലിയു എന്നിവയും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. വിജയികള്‍ക്ക് പാരിതോഷികത്തിനൊപ്പം പോലീസ് സാക്ഷ്യപത്രവും നല്‍കും. റോഡപകടങ്ങള്‍ക്ക് നിരവധി കാരണങ്ങളുണ്ടാവാറുണ്ടെന്നും അവയില്‍ പലതും ചെറിയവയാവുമെന്നും ദുബൈ പോലീസ് ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ കേണല്‍ ജമാല്‍ അല്‍ ബന്നാ വ്യക്തമാക്കി. പലപ്പോഴും ചെറിയ നിയമലംഘനങ്ങളാണ് വന്‍ അപകടങ്ങളിലേക്ക് നയിക്കുന്നതെന്നും അല്‍ ബന്നാ ഓര്‍മിപ്പിച്ചു.