ബംഗ്ലാദേശിനെതിരെ ഓസീസിന് മൂന്ന് വിക്കറ്റ് ജയം

Posted on: March 21, 2016 10:23 pm | Last updated: March 22, 2016 at 12:25 am
മുഷ്ഫീഖുര്‍ റഹീം പുറത്തായപ്പോള്‍ ഓസീസ് ബൗളര്‍ ഷെയിന്‍ വാട്‌സന്റെ പ്രതികരണം
മുഷ്ഫീഖുര്‍ റഹീം പുറത്തായപ്പോള്‍ ഓസീസ് ബൗളര്‍ ഷെയിന്‍ വാട്‌സന്റെ പ്രതികരണം

ബെംഗളുരു: ഒന്ന് ഭയന്നെങ്കിലും ബംഗ്ലാദേശിന് മുന്നില്‍ ആസ്‌ത്രേലിയ തലകുനിച്ചില്ല. ഐ സി സി ടി20 ലോകകപ്പില്‍ മൂന്ന് വിക്കറ്റ് ജയവുമായി ഓസീസ് വിലപ്പെട്ട രണ്ട് പോയിന്റ് കരസ്ഥമാക്കി.
സ്‌കോര്‍ : ബംഗ്ലാദേശ് ഇരുപതോവറില്‍ അഞ്ച് വിക്കറ്റിന് 156. ആസ്‌ത്രേലിയ 18.3 ഓവറില്‍ ഏഴ് വിക്കറ്റിന് 157.
45 പന്തുകളില്‍ 58 റണ്‍സടിച്ച ഓപണര്‍ ഉസ്മാന്‍ കാജയുടെ ബാറ്റിംഗാണ് ആസ്‌ത്രേലിയക്ക് അടിത്തറയായത്. എന്നാല്‍, ആസ്‌ത്രേലിയക്കായി നാലോ വറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ആദം സാംബയാണ് മാന്‍ ഓഫ് ദ മാച്ച്. മുഹമ്മദ് മിഥുന്‍ (23), ഷാകിബ് അല്‍ ഹസന്‍ (33), ഷുവാഗാത ഹാം (13) എന്നിങ്ങനെ ഫോമിലേക്കുയര്‍ന്ന ബാറ്റ്‌സ്മാന്‍മാരെയാണ് സാംബ പുറത്താക്കിയത്.
119ന് നാല് വിക്കറ്റ് എന്ന നിലയില്‍ സുരക്ഷിതരായി നിന്ന ആസ്‌ത്രേലിയക്ക് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായതാണ് മത്സരം ആവേശകരമാക്കിയത്. ബംഗ്ലാദേശ് അട്ടിമറിയുടെ സൂചനകള്‍ നല്‍കിയെങ്കിലും വലിയൊരു സ്‌കോറിന്റെ സമ്മര്‍ദമില്ലാഞ്ഞത് ആസ്‌ത്രേലിയക്ക് ഗുണമായി.
ഫൂക്‌നറും (5), നെവിലും(1) പുറത്താകാതെ ഓസീസിനെ ലക്ഷ്യത്തിലെത്തിച്ചു. നേരത്തെ ബംഗ്ലാദേശ് ബാറ്റിംഗില്‍ തിളങ്ങിയത് ആറാമനായെത്തിയ മഹ്മൂദുല്ലയാണ.് 29 പന്തില്‍ 49 റണ്‍സാണ് മഹ്മൂദുല്ല അടിച്ചെടുത്തത്.
മഹ്മൂദുല്ലയുടെ ബാറ്റിംഗാണ് ബംഗ്ലാദേശിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഏഴ് ബൗളര്‍മാരെ ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത് പരീക്ഷിച്ചെങ്കിലും സാംബയും ഷെയിന്‍ വാട്‌സനും (രണ്ട്) മാത്രമാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.