Connect with us

Gulf

ദോഹ തുറമുഖത്ത് കണ്ടയ്‌നറുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

Published

|

Last Updated

ദോഹ: കഴിഞ്ഞ വര്‍ഷം ദോഹ തുറമുഖത്ത് 15 ശതമാനം അധികം കണ്ടയ്‌നറുകള്‍ എത്തി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ദോഹയില്‍ നിന്ന് മുംബൈയിലെ നാവ ഷേവ തുറമുഖത്തേക്കുള്ള എക്‌സ്പ്രസ് (എന്‍ ഡി എക്‌സ്) പദ്ധതി കണ്ടയ്‌നറുകളുടെ എണ്ണം കൂടാന്‍ ഇടയാക്കിയിട്ടുണ്ട്. 530042 ടി ഇ യുകളാണ് കഴിഞ്ഞ വര്‍ഷം ഖത്വറിലെ പ്രധാന വാണിജ്യ തുറമുഖമായ ദോഹ തുറമുഖത്ത് എത്തിയത്. 2014ല്‍ ഇത് 461863 ടി ഇ യുകള്‍ ആയിരുന്നു.
മുംബൈയിലെ നാവ ഷേവയിലേക്കുള്ള നേരിട്ടുള്ള കണ്ടെയ്‌നര്‍ സര്‍വീസ് വഴി ഇരു രാഷ്ട്രങ്ങളും വഴിയുള്ള വ്യാപാരം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയിലെ വലിയ തുറമുഖങ്ങളിലൊന്നാണ് ജവഹര്‍ലാല്‍ നെഹ്‌റും പോര്‍ട്ട് എന്നും അറിയപ്പെടുന്ന നാവഷേവ. കണ്ടയ്‌നര്‍ ഷിപ്പിംഗ് യൂനിറ്റ് 568166 ടി ഇ യുകളാണ് കൈകാര്യം ചെയ്തത്. 2014നെ അപേക്ഷിച്ച് 22 ശതമാനം കൂടുതലാണിത്. എന്‍ ഡി എക്‌സ് സര്‍വീസ് വഴി ഏഴ് ശതമാനം അധികം കണ്ടെയ്‌നറുകള്‍ എത്തിയിട്ടുണ്ട്. ബള്‍ക്/ബ്രേക് ബള്‍ക്, ജനറല്‍ കാര്‍ഗോ എന്നിവയില്‍ 140 ശതമാനം വര്‍ധന ആണ് ഉണ്ടായത്. 1.76 മില്യന്‍ ടണ്‍ ചരക്ക് വരുമിത്. 2014ല്‍ 731045 ടണ്‍ മാത്രമാണ് ഉണ്ടായിരുന്നത്. കാറുകള്‍ വഹിച്ചെത്തിയ കണ്ടയ്‌നറുകളുടെ തൂക്കം 2.71 മില്യന്‍ ടണ്‍ ആണ്. ഒമ്പത് ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. പോര്‍ട്ട് സര്‍വീസ് യൂനിറ്റിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷം നേട്ടങ്ങളുടെത് ആയിരുന്നെന്ന് ഖത്വര്‍ നാവിഗേഷന്‍ (മിലാഹ) പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ടയ്‌നറുകളുടെ അളവ് 15ഉം ജനറല്‍ കാര്‍ഗോ 127ഉം ശതമാനം വര്‍ധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനും ദീര്‍ഘകാല പദ്ധതികളിലും സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനാലാണിത്. ഖത്വര്‍ പോര്‍ട്ട്‌സ് മാനേജ്‌മെന്റ് കമ്പനി (മ്വാനി)ക്ക് വേണ്ടി മിലാഹയുടെ പോര്‍ട്ട് സര്‍വീസസ് ബിസിനസ്സ് യൂനിറ്റാണ് ദോഹ തുറമുഖം നടത്തുന്നത്. 2011ലാണ് മിലാഹ തുറമുഖ നടത്തിപ്പ് ഏറ്റെടുത്തത്.
പെട്ടെന്ന് എത്തിക്കേണ്ട ചരക്കുകള്‍, ഭക്ഷണം, മാംസം, കന്നുകാലികള്‍, കാറുകള്‍, മെഷിനറി, യന്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം തുറമുഖം വഴി എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം തുറമുഖത്തെത്തിയ കന്നുകാലികളുടെ എണ്ണം ഏഴ് ശതമാനം കുറഞ്ഞിട്ടുണ്ട്. കസ്റ്റംസ്, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയവടക്കമുള്ള കാര്‍ഗോ ക്ലിയറന്‍സുകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള സംവിധാനം തുറമുഖത്തുണ്ട്. ഹ്രസ്വ- ദീര്‍ഘ കാലാവധിയുള്ള ബെര്‍ത്ത് പ്ലാനിംഗ് സിസ്റ്റം വന്നതോടെ ഭാരം തൂക്കല്‍ സമയം കുറഞ്ഞിട്ടുണ്ട്. തുറമുഖത്തിന്റെ വാര്‍ഷിക ശേഷി കുറഞ്ഞത് ഏഴര ലക്ഷം ടി ഇ യു ആയി ഉയര്‍ത്താനുള്ള പദ്ധതിയിലാണ് മിലാഹ.

Latest