ഇങ്ങനെയൊക്കെ ചെയ്യാമോ ഉള്ളില്‍ സങ്കടം ണ്ട് ട്ടോ..

Posted on: March 19, 2016 5:13 am | Last updated: March 19, 2016 at 9:14 am

logo kaniപ്രിയപ്പെട്ട പത്രാധിപര്‍ അറിയാന്‍ വ്യസനസമേതം കുറിക്കുന്ന കുറിപ്പ്..
ഞങ്ങളും കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ഞങ്ങള്‍ക്കും അണികളുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാറുണ്ട്.സമ്മേളനങ്ങളും സംഗമങ്ങളും പരേഡുകളുമൊക്കെ നടത്താറുണ്ട്. ഇടക്കിടെ പോസ്റ്ററടിക്കാറുണ്ട്. പരിപാടിയുടെ പരസ്യം കൊടുക്കാറുണ്ട്. വാര്‍ത്ത വരാറുണ്ട്. പക്ഷെ ഇത് കുറച്ച് കഷ്ടമുണ്ട്‌ട്ടോ..തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഞങ്ങളുടെ വിഷയമൊന്നും എന്തേയ് ആരും ചര്‍ച്ച ചെയ്യാതിരിക്കുന്നു..?കേരളത്തിലെല്ലായിടത്തും ഇടത്, വലത്, എന്‍ ഡി എ സഖ്യങ്ങളുടെ സ്ഥാനാര്‍ഥി നിര്‍ണയം മാത്രമാണല്ലോ ചര്‍ച്ച. ഈ അടുത്ത് ഉദയം ചെയ്ത വെള്ളാപ്പള്ളി പാര്‍ട്ടിയെ പോലും നിങ്ങള്‍ ചര്‍ച്ചക്കെടുത്തു. അപ്പോഴും ഞങ്ങളെ കുറിച്ച് നിങ്ങളൊന്നും സംസാരിച്ചില്ല. ചര്‍ച്ച ചെയ്തില്ല, ബ്രേക്കിംഗ് ന്യൂസിട്ടില്ല, ഉള്ളില്‍ വല്ലാത്ത സങ്കടമുണ്ട്. ഞങ്ങളുടെ ‘സഹോദര സ്ഥാപന’ത്തിന്റേയും അവസ്ഥ ഇതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഇന്ദിര ഭവനിലേക്കും എ കെ ജി സെന്ററിലേക്കും ചീറിപ്പായുന്ന സമയത്ത് ചായകുടിക്കാനെങ്കിലും ഞങ്ങളുടെ ഓഫീസിന്റെ മുറ്റത്തേക്കൊന്ന് വരണേ. ഇവിടെ ഇപ്പോള്‍ കൈ വെട്ടിനെ കുറിച്ചോ ഈജിപ്തിനെ കുറിച്ചോ ഉഗാണ്ടയിലെ പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചൊന്നും ചര്‍ച്ച ചെയ്യുന്നില്ല. തിരഞ്ഞെടുപ്പ് അടുത്ത പ്രത്യേക സാഹചര്യത്തില്‍ ‘ജനാധിപത്യ’പരമായ ചര്‍ച്ചകള്‍ ഞങ്ങളുടെ സെന്ററുകളില്‍ ആരംഭിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ‘വെല്‍ഫയറി’നെ കുറിച്ചുമൊക്കെ കാര്യമായി ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നിങ്ങള്‍ക്കും പങ്കെടുക്കാം. ജനാധിപത്യ ഇന്ത്യയുടെ ‘വന്‍ മുന്നേറ്റ’ത്തെ കുറിച്ച് നമുക്ക് വാചാലമാകാം.
സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കാന്‍ ഡല്‍ഹിയില്‍ നിന്ന് ആരും വരാത്തതാണോ. ഗ്രൂപ്പ് തര്‍ക്കങ്ങളും രാജിവെക്കലുമൊന്നും ഇല്ലാഞ്ഞിട്ടാണോ എന്തിനാണ് ഞങ്ങളെ നിങ്ങളിങ്ങനെ അവഗണിക്കുന്നത്. സമുദായത്തെ ഐക്യപ്പെടുത്തുന്നുവെന്ന വ്യാജേന ഞങ്ങള്‍ സമുദായ വോട്ട് കാര്യമായി ഭിന്നിപ്പിക്കുന്നുണ്ടല്ലോ ഈ പരിഗണന തരാന്‍ മുഖ്യധാര പത്രങ്ങള്‍ പോലും സന്നദ്ധമായിട്ടില്ല.
നിങ്ങള്‍ പത്രക്കാരേയും ചാനല്‍കാരേയും പോലെയാണ് ഇവിടുത്തെ ഇടത്-വലത് മുന്നണികളും. ഞങ്ങളുടെ നിലപാട് എന്താണെന്നറിയാന്‍ പോലും ആരും ശ്രമിച്ചിട്ടില്ല. ഇടത് സഖ്യത്തിനെ ആകര്‍ഷിക്കാന്‍ അവര്‍ണര്‍, പീഡിതര്‍, ദളിതര്‍, ന്യൂനപക്ഷ വിഭാഗം തുടങ്ങിയവര്‍ക്ക് വേണ്ടി ശബ്ദിക്കാനെന്ന വ്യാജേന ചിലതൊക്കെ ചെയ്തിരുന്നു. പക്ഷെ ഉഡായ്പ്പ് മനസ്സിലായിട്ടാണെന്ന് തോന്നുന്നു എല്‍ ഡി എഫും ഞങ്ങളെ അവഗണിച്ചു. യു ഡി എഫിന് ഇപ്പോഴുള്ള ഘടകകക്ഷികളെയും ഗ്രൂപ്പുകളെയും നോക്കിനടത്താന്‍ തന്നെ സമയമില്ലത്രെ.
അതുകൊണ്ട് നിങ്ങളിലാണ് ഇനി ഞങ്ങളുടെ പ്രതീക്ഷ. ഞങ്ങള്‍ ചില മണ്ഡലങ്ങളിലെങ്കിലും അവിഭാജ്യ ഘടകമോ നിര്‍ണായക ശക്തിയോ ഒക്കെയാണെന്നങ്ങ് വെച്ച് കാച്ചിയേക്കണം. ഞങ്ങളുടെ സ്ഥാനാര്‍ഥികളുടെ പടങ്ങളും വാര്‍ത്തകളും സമാന്യം നല്ല പ്രാധാന്യത്തില്‍ പ്രസിദ്ധീകരിക്കണം. ഇതൊരു അപേക്ഷയായി കണക്കാക്കിയില്ലെങ്കിലും ദീനരോദനമായോ…നിലവിളിയായോ പരിഗണിക്കണം.