Connect with us

Kannur

യു ഡി എഫ് സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ധര്‍മടം 'ദി വി വി ഐ പി'

Published

|

Last Updated

കണ്ണൂര്‍ : സി പി എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ ധര്‍മടത്ത് നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനമായതോടെ രാഷ്ട്രീയ കേരളം ശ്രദ്ധിക്കുന്ന മണ്ഡലമായി മാറിയിരിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ ധര്‍മടം. പിണറായിയെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തുടങ്ങിക്കഴിഞ്ഞു. പിണറായിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ മണ്ഡലത്തിലുള്‍പ്പെടുന്ന പിണറായി ഗ്രാമവാസികള്‍ അതിരറ്റ ആഹ്ലാദത്തിലാണ്. ഇടതുമുന്നണി അധികാരത്തിലേറുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് പിണറായി വിജയനിലാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇവിടുത്തെ സിറ്റിംഗ് എം എല്‍ എയായ കെ കെ നാരായണനെ ഒഴിവാക്കിയാണ് പിണറായിക്ക് മണ്ഡലം വിട്ടുകൊടുത്തത്. പിണറായി വിജയന്റെ ജന്മസ്ഥലം ഉള്‍പ്പെടുന്ന മണ്ഡലം കൂടിയാണ് ധര്‍മടം. 2011ലെ മണ്ഡല പുനര്‍നിര്‍ണയ പ്രകാരം എടക്കാട് മണ്ഡലം രൂപം മാറി ധര്‍മടമായപ്പോള്‍ കന്നിയങ്കത്തിലും മണ്ഡലത്തിലെ ജനങ്ങള്‍ തുണച്ചത് ഇടതുമുന്നണിയെയായിരുന്നു. അതുകൊണ്ടുതന്നെ ഇക്കുറിയും ഇതില്‍ വലിയ മാറ്റമൊന്നുമുണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇടത് പാളയവും സി പി എം ജില്ലാ നേതൃത്വവും.
പഴയ എടക്കാട്, തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളുടെ ഭാഗങ്ങള്‍ ചേര്‍ത്താണ് ധര്‍മടം മണ്ഡലം രൂപവത്കരിക്കപ്പെട്ടത്. കണ്ണൂര്‍ താലൂക്കിലെ അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പെരളശ്ശേരി പഞ്ചായത്തുകളും തലശ്ശേരി താലൂക്കിലെ ധര്‍മടം, പിണറായി, വേങ്ങാട് പഞ്ചായത്തുകളുമടങ്ങിയതാണ് ധര്‍മടം മണ്ഡലം. ഇവിടെ കഴിഞ്ഞ തവണ സി പി എമ്മിലെ കെ കെ നാരായണന്‍ വിജയിച്ചത് 15,612 വോട്ടുകള്‍ക്കാണ്.
പിണറായി വിജയന്‍ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 1970ല്‍ കൂത്തുപറമ്പില്‍ നിന്നാണ്. 1977ലും 1991ലും കൂത്തുപറമ്പിനെ തന്നെ പ്രതിനിധീകരിച്ചു. 1996ല്‍ പയ്യന്നൂര്‍ എം എല്‍ എയായിരിക്കേയാണ് ഇ കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, സഹകരണവകുപ്പുകളുടെ മന്ത്രിയായത്. മുഖ്യമന്ത്രി ഇ കെ നായനാരുടെ മണ്ഡലമായ തലശേരിയില്‍ കാന്‍സര്‍ സെന്ററിനായി പ്രയത്‌നിച്ച് പിണറായി എസ് എന്‍ സി ലാവ്‌ലിന്‍ കേസിന്റെ കുരുക്കില്‍പെട്ടതും ഈ സമയത്തായിരുന്നു. തുടര്‍ന്ന് ചടയന്‍ ഗോവിന്ദന്‍ അന്തരിച്ച ഒഴിവില്‍, മന്ത്രിസ്ഥാനം രാജിവെച്ച് സി പി എം സംസ്ഥാന സെക്രട്ടറിയായി. സി പി എമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരില്‍ നിന്ന് പിണറായി വിജയന്‍ വീണ്ടും മത്സരിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും ജന്മനാട്ടില്‍ ജനവിധി തേടണമെന്ന ആഗ്രഹത്തിലാണ് ധര്‍മടത്ത് നറുക്ക് വീണത്.
ഇടതുകോട്ടകളടങ്ങുന്ന പഞ്ചായത്തുകളുള്ള ധര്‍മടത്ത് അട്ടിമറിയില്‍ മാത്രമാണ് യു ഡി എഫിന് പ്രതീക്ഷകള്‍. കഴിഞ്ഞ തവണയും ആത്മവിശ്വാസമില്ലാതെയാണ് യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നത് സ്ഥാനാര്‍ഥി നിര്‍ണയം തെളിയിക്കുന്നു. ആദ്യം സി എം പിക്ക് നല്‍കിയ സീറ്റില്‍ അവസാന നിമിഷമാണ് കോണ്‍ഗ്രസിലെ മമ്പറം ദിവാകരനെത്തിയത്. ധൃതിപിടിച്ച് നാമനിര്‍ദേശ പത്രിക നല്‍കിയതിന്റെ നോട്ടപ്പിശക് കൈപ്പത്തി ചിഹ്നം നഷ്ടമാകുന്നതിലെത്തിച്ചു. കാലിന് പരുക്കേറ്റ് പ്രചാരണത്തില്‍ നിന്ന് ഏറെനാള്‍ വിട്ടുനിന്നിട്ടും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ സി പി എമ്മിലെ കെ കെ നാരായണന്‍ ഈസി വാക്കോവര്‍ പോലെയാണ് നിയമസഭയിലെത്തിയത്.
പിണറായിയെ നേരിടാന്‍ ധര്‍മടത്ത് മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്തുക എന്നതാണ് യു ഡി എഫിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. ശക്തമായ മത്സരത്തിലൂടെ യു ഡി എഫ് സ്ഥാനാര്‍ഥിക്ക് ബലാബലമെത്തിക്കാനോ ജയിച്ചുകയറാനോ സാധിക്കുകയാണെങ്കില്‍ അത് പിണറായി വിജയനെന്ന സി പി എം നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിന് തന്നെ കനത്ത പ്രഹരമാണുണ്ടാക്കുക. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം സി പി എം സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്ന് പടിയിറങ്ങിയ പിണറായി വിജയന്റെ പാര്‍ലിമെന്ററി രംഗത്തേക്കുള്ള തിരിച്ചുവരവ് കേരള രാഷ്ട്രീയം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ധര്‍മടത്ത് പിണറായിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടിട്ടും