തിരുവനന്തപുരത്ത് സുരേഷ് ഗോപിയെ ഇറക്കാന്‍ സമ്മര്‍ദവുമായി ബി ജെ പി

Posted on: March 18, 2016 9:38 am | Last updated: March 18, 2016 at 9:38 am

suresh-gopi-തിരുവനന്തപുരം: ബി ജെ പി സ്ഥാനാര്‍ഥിയാകാന്‍ നടന്‍ സുരേഷ് ഗോപിക്ക് മേല്‍ വീണ്ടും സമ്മര്‍ദം. തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരത്തിനായി ഇറങ്ങാനാണ് സുരേഷ് ഗോപിയോട് ബി ജെ പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടത്. താരം ഇപ്പോഴും സമ്മതം മൂളിയിട്ടില്ല. മത്സരിക്കാനില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമായിറങ്ങാമെന്നും സുരേഷ് ഗോപി സമ്മതിച്ചിരുന്നു. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ലീഡ് നേടിയ സെന്‍ട്രലില്‍ സുരേഷ് ഗോപി ഇറങ്ങണമെന്നാണ് ബി ജെ പിയുടെ ആവശ്യം. ഡല്‍ഹിയിലെത്തിച്ചേരാന്‍ കഴിയുമോയെന്ന് സുരേഷ് ഗോപിയോട് ദേശീയ നേതൃത്വം ആരാഞ്ഞിട്ടുണ്ട്. അടുത്തമാസം 15ന് ബാലഗോകുലമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മോദിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച ഈ ഡല്‍ഹി യാത്ര നേരത്തെയാക്കാനാണ് ശ്രമം.

സുരേഷ്‌ഗോപി സ്ഥാനാര്‍ഥിയായാല്‍ കേരളത്തില്‍ താമരയുടെ സാധ്യതയേറുമെന്നാണ് ബി ജെപിയുടെയും ആര്‍ എസ്എസിന്റേയും വിലയിരുത്തല്‍. ഡല്‍ഹിക്ക് സംഘം നല്‍കിയ റിപോര്‍ട്ടിലും ഇക്കാര്യം അടിവരയിട്ടതോടെയാണ് മത്സരത്തിനായി വീണ്ടും സമ്മര്‍ദ്ദം തുടങ്ങിയത്. പാര്‍ട്ടി വലിയ പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരം സെന്‍ട്രലില്‍ പറ്റിയ സ്ഥാനാര്‍ഥിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനിടയിലാണ് എല്‍ ഡി എഫില്‍ താര സാന്നിധ്യമായി നടന്‍ മുകേഷിന്റെയും നടി കെ പി എ സി ലളിതയുടെയും പേരുകള്‍ ഉയര്‍ന്നുവന്നത്. യു ഡി എഫ് സാധ്യതാപട്ടികയിലാണെങ്കില്‍ ജഗദീഷിന്റെയും സിദ്ദീഖിന്റെയും പേരുണ്ട്. അങ്ങനെയെങ്കില്‍ താരയുദ്ധത്തില്‍ ബി ജെ പിക്കായി സുരേഷ് ഗോപിയെ മത്സരിപ്പിക്കാനാണ് ബി ജെ പിയുടെ പദ്ധതി. ഇന്നലെ നേമത്ത് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിന് ഒ രാജഗോപാലിനൊപ്പം സുരേഷ് ഗോപിയും ചടങ്ങിനെത്തിയിരുന്നു.