Connect with us

Kozhikode

വിവാഹിതരാകാതെ കാമുകന്റെ കൂടെ താമസിച്ച് വഞ്ചിക്കപ്പെടുന്ന സ്ത്രീകളുടെ പരാതികള്‍ വര്‍ധിക്കുന്നു: വനിതാ കമ്മീഷന്‍

Published

|

Last Updated

കോഴിക്കോട്: വിവാഹിതരാകാതെ കാമുകനൊടൊപ്പം വര്‍ഷങ്ങളോളം താമസിച്ച് വഞ്ചിതരാകുന്ന സ്ത്രീകളുടെ പരാതികള്‍ വനിതാ കമ്മീഷനില്‍ വര്‍ധിച്ച് വരികയാണെന്ന് വനിതാ കമ്മീഷനംഗം അഡ്വ നൂര്‍ബിന റഷീദ് പറഞ്ഞു. വിവിധ ജില്ലകളില്‍ ഇത്തരം പരാതികള്‍ വനിതാ കമ്മീഷന് ലഭിച്ചു വരുന്നുണ്ടെന്നും കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗിന് ശേഷം കമ്മീഷനംഗം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വഞ്ചിക്കപ്പെടുന്നവരിലധികവും വിദ്യാസമ്പന്നരാണെന്നതാണ് ദൗര്‍ഭാഗ്യകരം. മധ്യവയസ്‌കരായവര്‍ പോലും ഇത്തരത്തില്‍ വഞ്ചിതരാകുന്നുണ്ട്.

കോഴിക്കോട് നടന്ന സിറ്റിങ്ങില്‍ 45 വയസ് പ്രായമുള്ള സ്ത്രീയാണ് പരാതിയുമായെത്തിയത്. പത്ത് വര്‍ഷമായി സ്ത്രീ കാമുകനോടൊപ്പം താമസിച്ചു വരികയാണ്. നേരത്തെ പ്രണയിച്ച് വിവാഹം ചെയ്ത ഈ സ്ത്രീക്ക് ആ ബന്ധത്തില്‍ മകളുണ്ട്. ഇതിന് ശേഷമാണ് കാമുകനോടൊപ്പം ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് ഇരുവരും നിയമപ്രകാരം വിവാഹം ചെയ്യാതെ താമസിച്ചു വരികയായിരുന്നു. ഒടുവില്‍ പരാതിക്കാരിയുടെ സ്വര്‍ണവുമായി കാമുകന്‍ സ്ഥലം വിട്ടതോടെയാണ് സ്ത്രീ പരാതിയുമായി വനിതാ കമ്മീഷന്റെ മുന്നിലെത്തിയത്.

കാമുകന് നോട്ടീസ് അയച്ചുവെങ്കിലും, ഹാജരാകാത്തതിനാല്‍ പോലിസ് മുഖേന അടുത്ത സിറ്റിംഗില്‍ ഹാജരാക്കുമെന്ന് അഡ്വ നൂര്‍ബിന റഷീദ് പറഞ്ഞു. ഇത്തരത്തിലുള്ള മൂന്ന് പരാതികള്‍ ഇന്നലെ നടന്ന സിറ്റിംഗില്‍ പരിഗണിച്ചു. ഇത്തരത്തിലുള്ള പരാതികളില്‍ വനിതാ കമ്മീഷന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്ന് അവര്‍ പറഞ്ഞു. പരസ്പര സമ്മതത്തോടെയാണ് രണ്ടു പേരും ഒരുമിച്ച് കഴിയുന്നത്.വിവാഹം ചെയ്തതായി രേഖയുമില്ല. ഈ സാഹചര്യത്തില്‍ ഇത്തരം കെണികളില്‍ കുടുങ്ങാതിരിക്കാനാണ് യുവതികള്‍ ശ്രദ്ധിക്കേണ്ടതെന്ന് നുര്‍ബിന റഷീദ് പറഞ്ഞു.

കഴിഞ്ഞ സിറ്റിംഗില്‍ ഒത്തു തീര്‍ന്ന ഇത്തരം പരാതിയില്‍ നഷ്ടപരിഹാര തുക പോരെന്ന് ആവശ്യവുമായി പരാതിക്കാരി രംഗത്തെത്തി. വിവാഹ വാഗ്ദാനം നല്‍കി കൂടെ താമസിച്ച ശേഷം വഞ്ചിച്ചുവെന്ന പരാതിയില്‍ ഒന്നര ലക്ഷം രൂപ കാമുകന്‍ നഷ്ടപരിഹാരമായി നല്‍കാന്‍ സിറ്റിംഗില്‍ ഇരുവരും തമ്മില്‍ ധാരണയായിരുന്നു. എന്നാല്‍ പിന്നീട് നഷ്ടപരിഹാര തുക പോരെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇത്തരം ആവശ്യങ്ങള്‍ യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് നൂര്‍ബിന റഷീദ് പറഞ്ഞു. പരാതിക്കാരി തന്നെ ഒത്തു തീര്‍പ്പ് രേഖയില്‍ ഒപ്പ് വെച്ച ശേഷം പിന്നീട് തുക വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്ത് വരുന്നതിനെ പ്രോത്സാഹിപ്പിക്കുകയില്ലെന്നും അവര്‍ പറഞ്ഞു.
സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളും പരാതികളും വര്‍ധിച്ചു വരികയാണ്. വനിതാ കമ്മീഷനില്‍ ഇത്തരം പരാതികളുടെ എണ്ണം കൂടി വരികയാണ്. അമ്മയും മക്കളും സഹോദരങ്ങള്‍ തമ്മിലും സ്വത്തിന് വേണ്ടി നടക്കുന്ന തര്‍ക്കങ്ങള്‍ നല്ല പ്രവണതയല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോഴിക്കോട് സിറ്റിംഗില്‍ പരിഗണിച്ച ഒരു പരാതി എട്ട് മക്കളുള്ള അമ്മയുടേതാണ്.മറ്റൊന്ന് മരിച്ച് പോയ ഭര്‍ത്താവിന്റെ സ്വത്തിന് വേണ്ടിയുള്ള ഭാര്യയുടേതുമാണ്. ഭര്‍തൃസഹോദരങ്ങള്‍ സ്വത്ത് കയ്യടക്കി വെച്ചിരിക്കുകയാണെന്നാണ് അവരുടെ പരാതി. കുടുംബ ബന്ധങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത അവസ്ഥയാണുള്ളതെന്ന് നൂര്‍ബിന റഷീദ് പറഞ്ഞു.
സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള പരാതികളും വര്‍ധിച്ചു വന്നിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടൊപ്പം അവയെ കുറിച്ചുള്ള പരാതികളും വ്യാപകമാവുകയാണ്. സിറ്റിംഗില്‍ 72 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 53 എണ്ണത്തില്‍ തീര്‍പ്പായി. മൂന്നെണ്ണം പോലീസ് എന്‍ക്വയറിക്കും പതിനൊന്ന് പരാതികള്‍ അടുത്ത സിറ്റിംഗിലേക്കും വിട്ടു. അഭിഭാഷകരായ ശ്രീലാ മേനോന്‍, ടി ജി മീന നായര്‍, ജലാലുദ്ദീന്‍ എന്നിവരും റൂറല്‍ പോലീസ്, വടകര വനിതാ സെല്‍ സി ഐ. എന്നിവരും പങ്കെടുത്തു.

Latest