Connect with us

National

മല്യക്കെതിരെ നാല് ജാമ്യമില്ലാ വാറണ്ടുകള്‍

Published

|

Last Updated

ഹൈദരാബാദ്: മദ്യ വ്യവസായി വിജയ് മല്യക്കെതിരെ പ്രാദേശിക കോടതി നാല് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കൂടി പുറപ്പെടുവിച്ചു. ജി എം ആര്‍ ഹൈദരാബാദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന് നല്‍കാനുള്ള രണ്ട് കോടിക്ക് നല്‍കിയ ചെക്ക് മടങ്ങിയതോടെ റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തന്നെയാണ് പുതിയ അറസ്റ്റ് വാറണ്ടുകളും. എരമാഞ്ചില്‍ കോടതി സമുച്ചയത്തിലെ 11ാമത് സ്‌പെഷ്യല്‍ കോടതിയാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍ ചെയര്‍മാന്‍ കൂടിയായ മല്യക്കും മുതിര്‍ന്ന ഉദ്യോഗസ്ഥനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇവര്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിരന്തരം വീഴ്ചവരുത്തിയെന്ന് കാണിച്ചാണ് വാറണ്ട്. മാര്‍ച്ച് 29നകം വാറണ്ട് നടപ്പാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

വാറണ്ടുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മല്യയുടെ അഭിഭാഷകന്‍ എച്ച് സുധാകര്‍ റാവു പറഞ്ഞു. അമ്പത് ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് കേസില്‍ മല്യക്കെതിരെ ഹൈദരാബാദ് കോടതി നേരത്തേ തന്നെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ മാസം പത്തിനായിരുന്നു മല്യക്കെതിരെ ഹൈദരാബാദിലെ അഡീഷനല്‍ ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. വിജയ് മല്യക്ക് പുറമെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ്, എയര്‍ലൈന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെയും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കേസ് കോടതി അടുത്തമാസം 13ലേക്ക് മാറ്റിയിരിക്കുകയാണ്.
ജി എം ആര്‍ ഹൈദരാബാദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ജി എച്ച് ഐ എ എല്‍) ആണ് മല്യക്കെതിരെ അമ്പത് ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് കേസ് നല്‍കിയത്. മൊത്തം രണ്ട് കോടി നല്‍കാനുള്ളതിന് ആദ്യഗഡുവെന്ന നിലയിലാണ് 50 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയത്. രാജ്യത്തെ വിവിധ ബേങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പ എടുത്ത ശേഷം തിരിച്ചടക്കാതിരുന്ന വിജയ് മല്യക്കെതിരെ ബേങ്കുകള്‍ നടപടിയെടുക്കാനിരിക്കുകായിരുന്നു. ഇതിനിടെയാണ് മല്യ രാജ്യം വിട്ടത്.