പൗരത്വ വിവാദം: രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ നോട്ടീസ്

Posted on: March 14, 2016 11:42 am | Last updated: March 15, 2016 at 12:45 am

rahul gandhiന്യൂഡല്‍ഹി: പൗരത്വ വിവാദവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെനോട്ടീസ്. കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിനായി ബ്രിട്ടനില്‍ സമര്‍പ്പിച്ച രേഖകളില്‍ രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന് രേഖപ്പെടുത്തിയിരുന്നുവെന്നാണ് ആരോപണം.

പൗരത്വം പ്രശ്‌നം ചൂണ്ടിക്കാട്ടി പാര്‍ലമെന്റംഗമായ മഹേഷ് ഗിരി നല്‍കിയ പരാതി ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ എത്തിക്‌സ് കമ്മിറ്റിക്ക് വിടുകയായിരുന്നു. ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി അധ്യക്ഷനായ കമ്മിറ്റിയാണ് രാഹുല്‍ ഗാന്ധിക്ക് നോട്ടിസ് അയച്ചത്. ഗൗരവകരമായ വിഷയമാണെന്നു എത്തിക്‌സ് കമ്മിറ്റി അംഗം അര്‍ജുന്‍ റാം മെഹ്‌വാള്‍ പറഞ്ഞു. അതേസമയം പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടുന്നതിന് മുമ്പ് ആരോപണവിധേയനായ രാഹുലിന്റെ ഭാഗം കേള്‍ക്കാന്‍ സ്പീക്കര്‍ തയാറായില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കഴിഞ്ഞ നവംബറില്‍ ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയാണ് രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവിട്ടത്. ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനി 2005 ലും 2006 ലും സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടുകളിലാണ് രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് അതേ കമ്പനി, രാഹുല്‍ ഇന്ത്യന്‍ പൗരനാണെന്ന് വ്യക്തമാക്കിക്കൊണ്ട് സമര്‍പ്പിച്ച രേഖകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.