വിവാദം അടങ്ങി; മലമ്പുഴയില്‍ വി എസ് തന്നെ മത്സരിക്കും

Posted on: March 13, 2016 12:51 am | Last updated: March 13, 2016 at 12:57 am
SHARE

പാലക്കാട്: വിവാദമടങ്ങി; മലമ്പുഴ സീറ്റില്‍ വി എസ് തന്നെ മത്സരിക്കും. സി പി എം സംസ്ഥാന കമ്മിറ്റിയാണചര്‍ച്ചകള്‍ക്കൊടുവില്‍ വി എസിന് മലമ്പുഴയില്‍ മത്സരിക്കാന്‍ പച്ചക്കൊടി കാണിച്ചത്.
തിരഞ്ഞെടുപ്പ് വേളകളില്‍ വി എസിന് മലമ്പുഴയില്‍ ആദ്യം തടസ്സമുണ്ടാകുക പതിവാണ്. എന്നാല്‍ ഇത്തവണ തര്‍ക്കം ചൂടാകും മുമ്പേ സംസ്ഥാന കമ്മിറ്റി വി എസിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു.
മാരാരിക്കുളത്തെ ദയനീയതോല്‍വിക്ക് ശേഷം വി എസ് അച്യുതാനന്ദന് രാഷ്ട്രീയ ജീവിതത്തില്‍ സ്വന്തമായ നിലനില്‍പ്പുണ്ടാക്കിയ മണ്ഡലമാണ് മലമ്പുഴ. ഇവിടെയും മാരാരിക്കുളം ആവര്‍ത്തിക്കുമെന്ന് ശ്രുതി പരന്നെങ്കിലും 2001ല്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തിയ കോണ്‍ഗ്രസിലെ സതീശന്‍ പാച്ചേനിയെ 4703 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് മലമ്പുഴയിലെ കന്നിയങ്കത്തില്‍ വിജയം നേടിയത്. അതിനുമുമ്പ് 1996ല്‍ 18,779 വോട്ടുകള്‍ക്ക് ടി ശിവദാസമേനോന്‍ വിജയിച്ച മണ്ഡലത്തില്‍ വി എസിന്റെ വോട്ടു കുറഞ്ഞത് ഏറെ ചര്‍ച്ചാ വിഷയമാകുകയും ചെയ്തു.
2006ല്‍ വീണ്ടും വി എസ് മലമ്പുഴ മണ്ഡലത്തില്‍ മത്സരിക്കാന്‍ രംഗത്തുവന്നെങ്കിലും പാര്‍ട്ടി സീറ്റ് നിഷേധിച്ചത് വിവാദമായിരുന്നു. സ്ഥാനാര്‍ഥിത്വ നിഷേധത്തിനെതിരെ ജനകീയ രോഷം ആളിക്കത്തുകയും കേന്ദ്ര നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ഥിയാക്കുകയുമായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ വി എസ് 20,017 ഭൂരിപക്ഷത്തിന് വിജയിക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്തു.
2011ലും മലമ്പുഴയില്‍ വി എസ് സ്ഥാനാര്‍ഥിയാകുന്നത് സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായെങ്കിലും കേന്ദ്രനേതൃത്വം ഇടപെട്ടു. മലമ്പുഴയില്‍ കോണ്‍ഗ്രസിലെ ലതികാസുഭാഷിനെ 23,440 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് പ്രതിപക്ഷ നേതാവാകുകയും ചെയ്തു.
ഈ തിരഞ്ഞടുപ്പിലും വി എസിനുവേണ്ടി ആരും പേരും നല്‍കിയിട്ടില്ലെന്നായിരുന്നു ജില്ലാ നേതൃത്വം പറഞ്ഞിരുന്നത്. സി പി എം സ്ഥാനാര്‍ഥി പട്ടികയില്‍ വി എസിനെ പരാമര്‍ശിച്ചിട്ടും ജില്ലാ കമ്മിറ്റി ഇടം നല്‍കിയില്ല. മലമ്പുഴയില്‍ ജില്ലാഘടകം സി ഐ ടി യു നേതാവ് എ പ്രഭാകരന്റെ പേരായിരുന്നു നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഇത് തള്ളുകയായിരുന്നു.
സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ച പട്ടികയിലാണ് വി എസിന്റെ പേര് ഒഴിവാക്കിയിരിക്കുന്നത്. മലമ്പുഴ വി എസിനു വേണ്ടി ഒഴിച്ചിട്ടെന്നായിരുന്നു പ്രചാരണം. എന്നാല്‍ അത് തെറ്റാണെന്ന് പിന്നീട് ബോധ്യമായി. പാലക്കാട് ഒഴിച്ചിട്ടിരുന്നത് ചിറ്റൂര്‍ മണ്ഡലം മാത്രമായിരുന്നു. ഇനി കേന്ദ്ര നേതൃത്വം ഇടപെട്ടാല്‍ മാത്രമേ വി എസിന് മലമ്പുഴയില്‍ സ്ഥാനാര്‍ഥിയാകാനാകൂ എന്ന സ്ഥിതി വരെയെത്തിയിരുന്നു. അതിനിടെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം വന്നത്. കഴിഞ്ഞ തവണ സി പി എം മത്സരിച്ച മണ്ഡലമാണ് ചിറ്റൂര്‍. ഇത് ഇത്തവണ ജനതാദള്‍ എസിനു നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിറ്റൂരില്‍ ജനതാദളിലെ കെ കൃഷ്ണന്‍കുട്ടിയായിരിക്കും സ്ഥാനാര്‍ഥി.

LEAVE A REPLY

Please enter your comment!
Please enter your name here