പ്രവാചകനിന്ദ: മാതൃഭൂമി ഉത്തരവാദിത്വം കാണിക്കണം -കേരള മുസ്‌ലിം ജമാഅത്ത്‌

Posted on: March 12, 2016 5:19 am | Last updated: March 12, 2016 at 12:20 am

mathrubhumiകോഴിക്കോട്: മുഹമ്മദ് നബി(സ) നിന്ദ്യമായ ഭാഷയില്‍ അപഹസിച്ചുകൊണ്ട് മാതൃഭൂമി പത്രത്തില്‍ വന്ന കുറിപ്പ് അങ്ങേയറ്റം വേദനാജനകമാണെന്നും പ്രവാചകനെ തെറിവിളിച്ചുകൊണ്ടുള്ള ഈ കുറിപ്പ് പത്ര മാനേജ്‌മെന്റ് സ്വന്തം നിലക്കുള്ള തെറ്റായി കാണാതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വന്ന കുറിപ്പ് കൊടുത്തത് അബദ്ധമായി എന്നുപറഞ്ഞ് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് അഭികാമ്യമല്ല. വിശ്വാസികളെ വേദനിപ്പിച്ചതിനാല്‍ ഖേദിക്കുന്നു എന്ന പ്രസ്താവനയും മാതൃഭൂമിയുടെ തെറ്റിനെ മറച്ചുപിടിക്കുന്നുണ്ട്. എഡിറ്റോറിയല്‍ വിഭാഗത്തിന്റെ ഉത്തരാവാദിത്വത്തെയും സഹൃദയത്വത്തെയും സംശയിക്കേണ്ട രീതിയിലാണ് പത്രം കൈകാര്യം ചെയ്തത്.
നബി(സ)യെ നിന്ദിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ വരച്ചും ഖുര്‍ആന്‍ കത്തിച്ചും മുസ്‌ലിംകളെ പ്രകോപിപ്പിക്കാന്‍ ലോകത്ത് നിരന്തര ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണോ മാതൃഭൂമി ഈ ഹീനകൃത്യം ചെയ്തതെന്ന് സംശയിക്കുന്നു. തീവ്രവാദവും ഭീകരവാദവും ഒന്നിനും പരിഹാരമല്ലെന്ന് പഠിപ്പിക്കുന്ന പ്രവാചകന്റെ അനുയായികളാണ് മുസ്‌ലിംകള്‍. സമാധാനത്തിന്റെയും സംയമനത്തിന്റെയും വഴിയിലുള്ള പ്രതിഷേധമാണ് ഞങ്ങള്‍ തിരഞ്ഞെടുക്കുന്നത്. രാജ്യം അസഹിഷ്ണുതയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോള്‍ പത്രത്തിന്റെ നല്ല സംസ്‌കാരമല്ല പത്രം പ്രകടിപ്പിച്ചത്.
ലോകത്ത് 120 കോടിയിലധികം വിശ്വാസികള്‍ മറ്റെന്തിനെക്കാളും സ്‌നേഹിക്കുന്ന പ്രവാചകനെ ഇത്തരത്തില്‍ ആക്ഷേപിച്ചത് ന്യായീകരിക്കാനാകില്ല. മുസ്‌ലിംകളെയും ശരീഅത്തിനെയും അപഹസിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ ഇതിനുമുമ്പും മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട.് സെക്യുലറിസവും സഹിഷ്ണുതയും പൊതുസമൂഹത്തില്‍ പ്രസംഗിക്കുന്ന പത്രമാനേജ്‌മെന്റ് ഈ വിഷയത്തില്‍ പൊതുസമൂഹത്തോട് പരസ്യമായി മാപ്പ് പറയണം. വിശ്വാസികള്‍ക്കുണ്ടായ പ്രയാസത്തില്‍ വേദനിക്കുന്നതോടൊപ്പം തങ്ങളുടെ ചെയ്തികള്‍ ആര്‍ക്കാണ് ലാഭമുണ്ടാക്കുക എന്ന് ചിന്തിക്കാനുള്ള സൗമനസ്യം കൂടി സമൂഹം പ്രതീക്ഷിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍വന്ന കുറിപ്പ് എടുത്തുകൊടുത്തു എന്ന് പറഞ്ഞ് ഉത്തരവാദിത്വമൊഴിയുന്നതിന് പകരം ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള ആര്‍ജവമാണ് മാനേജ്‌മെന്റ് കാണിക്കേണ്ടതെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, എന്‍ എം സിദ്ദീഖ് ഹാജി ചെമ്മാട്, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ,പ്രൊഫ. കെ എം എ റഹീം, അഡ്വ. എ കെ ഇസ്മാഈല്‍ വഫ സംബന്ധിച്ചു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി സ്വാഗതം പറഞ്ഞു.