ശൈഖ് ഹംദാന്‍ പുതിയ പാര്‍ക്കിംഗ് ഫീസ് ഘടന പ്രഖ്യാപിച്ചു

Posted on: March 11, 2016 2:28 pm | Last updated: March 11, 2016 at 2:28 pm

shikh hamdദുബൈ: ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുതിയ പാര്‍ക്കിംഗ് ഫീസ് ഘടന പ്രഖ്യാപിച്ചു. വാണിജ്യ മേഖലയില്‍ വരുന്ന 30,000 പാര്‍ക്കിംഗ് സ്ലോട്ടുകള്‍ ഉള്‍പെടെയാണ് പുതിയ പാര്‍ക്കിംഗ് ഫീസ് ബാധകമാവുക.

ദുബൈയിലെ പൊതുസ്ഥലങ്ങളിലെ പാര്‍ക്കിംഗ് സേവനങ്ങള്‍ക്കുള്ള എക്‌സിക്യുട്ടീവ് കൗണ്‍സിലിന്റെ പുതിയ തീരുമാനപ്രകാരമാണ് പുതിയ ഫീസ് ഘടന പ്രഖ്യാപിച്ചിരിക്കുന്നത്. തെരുവോരത്തെ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ ഇതുപ്രകാരം 30 മിനുട്ട് വരെ പാര്‍ക്ക് ചെയ്യുന്നതിന് രണ്ട് ദിര്‍ഹമായിരിക്കും ഈടാക്കുക. ഒരു മണിക്കൂറിന് നാലു ദിര്‍ഹവും രണ്ട് മണിക്കൂറിന് എട്ടും മൂന്നു മണിക്കൂറിന് 12ഉം നാലു മണിക്കൂറിന് 16ഉം ദിര്‍ഹം ഫീസായി നല്‍കേണ്ടിവരും.

മറ്റിടങ്ങളിലെ പാര്‍ക്കിംഗ് സ്ലോട്ടുകളില്‍ വാഹനം നിര്‍ത്തിയിടാന്‍ മണിക്കൂറിന് മൂന്നു ദിര്‍ഹമായിരിക്കും. രണ്ട് മണിക്കൂറിന് ആറും മൂന്നു മണിക്കൂറിന് എട്ടും നാലു മണിക്കൂറിന് 12ഉം അഞ്ചു മണിക്കൂറിന് 15ഉം 24 മണിക്കൂറിന് 20മായിരിക്കും നിരക്ക്.
ദുബൈയിലെ പാര്‍ക്കിംഗ് മേഖലയില്‍ 77 ശതമാനവും റോഡുകള്‍ക്കും തെരുവുകള്‍ക്കും അരികിലായുള്ളവയാണ്. ഇവിടെ മൂന്നു മാസത്തേക്ക് 1,400ഉം ആറു മാസത്തേക്ക് 2,500മാണ് ഈടാക്കുക. ഇവക്ക് മണിക്കൂറിന് രണ്ട് ദിര്‍ഹവും രണ്ട് മണിക്കൂറിന് അഞ്ചും മൂന്നു മണിക്കൂറിന് എട്ടും നാലു മണിക്കൂറിന് 11 ദിര്‍ഹവുമായിരിക്കും.

മൂന്നു മാസത്തേക്ക് പാര്‍ക്കിംഗ് ഫീസ് ഒന്നിച്ചടക്കുന്നവര്‍ക്ക് 700 ദിര്‍ഹവും ആറു മാസത്തേക്ക് 1,300 ദിര്‍ഹവും വര്‍ഷത്തേക്ക് 2,500 ദിര്‍ഹവുമായിരിക്കും. ബഹുമുഖ പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ ഇത് യഥാക്രമം 2,000, 4,000, 8,000 എന്നിങ്ങനെയുമായിരിക്കും. വിദ്യാര്‍ഥികളില്‍നിന്ന് മൂന്നു മാസത്തേക്ക് 300 ദിര്‍ഹമേ പാര്‍ക്കിംഗ് ഫീസായി ഈടാക്കൂവെന്ന് ആര്‍ ടി എ ഡയറക്ടര്‍ ജനറല്‍ മതര്‍ അല്‍ തായര്‍ വ്യക്തമാക്കി.