ക്രൂരമായ അവഹേളനം

Posted on: March 11, 2016 6:00 am | Last updated: March 10, 2016 at 11:33 pm
SHARE

SIRAJ.......മാതൃഭൂമി പത്രത്തിന് ബുധനാഴ്ച ഒരു ‘അബദ്ധം’ സംഭവിച്ചു. പ്രവാചകനെ ക്രൂരമായി അപഹസിച്ചും അവഹേളിച്ചും സോഷ്യല്‍ മീഡിയയില്‍ വന്ന കുറിപ്പ് ‘ശ്രദ്ധിക്കാതെ’ പ്രസിദ്ധീകരിച്ചുപോയി. കടുത്ത പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസത്തെ പത്രത്തിലാണ് എഡിറ്റോറിയല്‍ വിഭാഗത്തിന് സംഭവിച്ച ‘അബദ്ധ’മാണിതെന്ന് പത്രാധിപര്‍ വെളിപ്പെടുത്തിയത്. ഖേദപ്രകടനവും നടത്തി. സാമൂഹിക മീഡിയകളില്‍ ഇത്തരം പോസ്റ്റിട്ടവര്‍ക്കെതിരെ നടപടി കൈക്കൊള്ളാനും പത്രം ‘അതിശക്തമായി’ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള ജനതയിലെ 120 കോടിയിലധികം വരുന്ന സമൂഹം ആദരിക്കുകയും മറ്റെന്തിനേക്കാളും സ്‌നേഹിക്കുകയും ചെയ്യുന്ന നബിയെക്കുറിച്ചു അതിഹീനപദപ്രയോഗങ്ങള്‍ കൊണ്ട് താറടിക്കാന്‍ ശ്രമിച്ചതിലല്ല, വിശ്വാസികളില്‍ അതുണ്ടാക്കിയ പ്രയാസത്തിലാണ് ഖേദപ്രകടനമെന്ന് മാത്രം.
നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ‘ദേശീയ പത്ര’ത്തിന് ഏതാണ്ട് അതിന്റെ ഉത്ഭവകാലം തൊട്ടേ ബാധിച്ചതാണ് ഈ രോഗം. മുസ്‌ലിംകളെയും പ്രവാചകനെയും ഇസ്‌ലാമിക ശരീഅത്തിനെയും നിന്ദിക്കുന്നതില്‍ വല്ലാത്തൊരു അനുഭൂതി. ചില പത്രങ്ങള്‍ ഒളിഞ്ഞും വരികള്‍ക്കിടയിലുമാണ് ഇതൊക്കെ പ്രകടിപ്പിക്കാറുള്ളതെങ്കില്‍ മറയില്ലാതെ തന്നെ നടത്തണമെന്ന സിദ്ധാന്തക്കാരാണ് ഈ പത്രത്തെ നിയന്ത്രിക്കുന്നവര്‍. രാജ്യത്ത് ഭീകരാക്രമണം നടന്നാല്‍ കുറ്റവാളികളെ കണ്ടെത്തുന്നതിന് മുമ്പേ അത് മുസ്‌ലിംകളാണെന്ന് ഇവര്‍ വിധിയെഴുതും. പര്‍ദ ഇവരുടെ അഭിപ്രായത്തില്‍ കാടന്‍ വേഷമാണ്. ഇസ്‌ലാം രാജ്യത്തെ അന്ധകാരത്തിലേക്ക് നയിക്കുന്നുവെന്നതിന്റെ അടയാളവും. മഅ്ദനി ഇവര്‍ക്ക് ഭീകരനും രാജ്യദ്രോഹിയുമെങ്കില്‍ തൊഗാഡിയമാര്‍ ഒന്നാം നമ്പര്‍ ദേശസ്‌നേഹികളും. ശരീഅത്ത് വിവാദകാലത്ത് ശരീഅത്തിനെ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതില്‍ മുന്‍പന്തിയിലായിരുന്നു പത്രം. പശിയടക്കാന്‍ വകയില്ലാതെയും പഠിക്കാന്‍ സൗകര്യങ്ങളില്ലാതെയും തെരുവില്‍ കുട്ടിക്കുറ്റവാളികളായും വളരുന്ന ഉത്തരേന്ത്യന്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സൗകര്യങ്ങളും നല്‍കി പൊതുധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സന്മനസ്സ് കാണിച്ച യതീംഖാനകളുടെ നടപടി ഇവര്‍ക്ക് മനുഷ്യക്കടത്തായിരുന്നു.
ഇങ്ങനെ എക്കാലത്തും മുസ്‌ലികളെ വേദനിപ്പിക്കുന്നതില്‍ സുഖം കണ്ടെത്തുന്ന പത്രം നടത്തിയ പ്രവാചകനിന്ദ ഒരബദ്ധമാണെന്ന് പറഞ്ഞ് അതിന്റെ ഉത്തരവാദിത്തം സാമൂഹിക മാധ്യമങ്ങളുടെ മേല്‍ കെട്ടിവെക്കാന്‍ തുനിഞ്ഞാല്‍ അതപ്പടി വിഴുങ്ങാന്‍ മാത്രം വിഡ്ഢികളല്ല ഇവിടെയുള്ളവര്‍. കുറിപ്പ് സാമൂഹിക മാധ്യമത്തില്‍ വന്നതാണെങ്കില്‍ അത് പോസ്റ്റ് ചെയ്ത ആളുടെ പേര് കൂടെ ചേര്‍ക്കണമായിരുന്നു. അതുണ്ടായില്ല, അഥവാ പത്രം പറയുന്നത് വിശ്വസിക്കാമെന്നുവെച്ചാല്‍ തന്നെ, സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന നിലവാരമില്ലാത്ത വിമര്‍ശങ്ങളും തെറികളും വായിച്ചു നോക്കാന്‍ പോലും മെനക്കെടാതെ പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന വിവരദോഷികളാണോ പത്രാധിപ സമിതിയിലുള്ളത്? ‘പത്രത്തിനൊപ്പം പ്രചരിപ്പിക്കുന്നു ഒരു സംസ്‌കാര’മെന്നും ‘യഥാര്‍ഥ പത്രത്തിന്റെ ശക്തി’ എന്നുമൊക്കെ അവകാശപ്പെടുന്ന ഒരു പത്രത്തിലെ വാര്‍ത്തകളും കുറിപ്പുകളും കൈകാര്യം ചെയ്യാന്‍ ഇത്രയും ഉത്തരവാദ ബോധവും വിവരവുമില്ലാത്തവരെയാണോ നിയമിച്ചിരിക്കുന്നത്? പ്രതിഷേധം കൊടുമ്പിരികൊണ്ടതിനെ തുടര്‍ന്ന് സര്‍ക്കുലേഷന് ഗണ്യമായ ഇടിവു തട്ടുമെന്നായപ്പോള്‍, അതില്‍ നിന്ന് തലയൂരാന്‍ സ്വീകരിച്ച തന്ത്രമാണ് സോഷ്യല്‍ മീഡിയക്കു മേലുള്ള കുറ്റാരോപണം. യഥാര്‍ഥത്തില്‍ പത്രത്തിലിരിക്കുന്നവര്‍ ബോധപൂര്‍വം ചെയ്തതാണ് ഇതെന്ന് കഴിഞ്ഞകാല നിലപാടുകള്‍ അറിയുന്നവര്‍ക്കൊന്നും അശേഷം സംശയമുണ്ടാകാനിടയില്ല. എഡിറ്റര്‍മാരുടെ വേലയാണിതെങ്കില്‍ അതിന് അവര്‍ക്ക് ധൈര്യം പകര്‍ന്നത് പത്രം ഇന്നേ വരെ തുടര്‍ന്ന മുസ്‌ലിം വിരുദ്ധ നിലപാടുകളും അതിന് മേധാവികള്‍ നല്‍കിയ ഒത്താശയുമാണ്.
ആരോഗ്യപരമായി വിമര്‍ശിക്കാന്‍ പൗരന്മാര്‍ക്കും മാധ്യമങ്ങള്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വിമര്‍ശമെന്നാല്‍ തരംതാണ പരിഹാസമല്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അതിനെ ന്യായീകരിക്കുന്നത് വിവരക്കേടോ അകപ്പെട്ട കുഴപ്പത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള അടവോ മാത്രമാണ്. എന്തായിരിക്കാം ഈ തരംതാണ കുറിപ്പ് പ്രസിദ്ധീകരിച്ചതിലൂടെ പത്രം ലക്ഷ്യമാക്കുന്നത്? പ്രവാചകനിന്ദ എന്നതിനപ്പുറം ക്ഷമാശീലം കുറഞ്ഞവരെ പ്രകോപിപ്പിച്ചു അക്രമാസക്തരാക്കുകയും മുസ്‌ലിംകളെ അക്രമാസക്തരും സഹിഷ്ണുതയില്ലാത്തവരുമായി ചിത്രീകരിക്കുകയുമാണോ? കാര്‍ട്ടൂണ്‍ വരച്ചും ഖുര്‍ആന്‍ കത്തിച്ചും മുസ്‌ലിംകളെ പ്രകോപിതരാക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ, സയണിസ്റ്റ് പ്രഭൃതികളില്‍ നിന്ന് കടമെടുത്ത കുരുട്ടുവിദ്യയാണിത്. എന്നാല്‍, ഇവിടെ ഈ കുതന്ത്രം വിലപ്പോയില്ലെന്നാണ് സംസ്ഥാനത്ത് അരങ്ങേറിയ പ്രതിഷേധങ്ങളുടെ സ്വഭാവം വിളിച്ചോതുന്നത്. തികച്ചും സമാധാനപരമായിരുന്നു പത്രത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍. പാരമ്പര്യം അവകാശപ്പെടുന്ന ഒരു പത്രം ഈ വിധം തരംതാഴുന്നതില്‍ മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് ആശങ്കയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here