Connect with us

Palakkad

ലീഗിനെ തളക്കാന്‍ മണ്ണാര്‍ക്കാട്ട് പന്ന്യന്‍ രവീന്ദ്രന്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സി പി ഐയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ മണ്ണാര്‍ക്കാട് മണ്ഡലത്തിലേക്ക് പന്ന്യന്‍ രവീന്ദ്രന്റെ പേര് സജീവ പരിഗണനയിലെന്ന് സൂചന.

അവസാന ഘട്ടത്തില്‍ സി പി ഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും നിലവിലെ ദേശീയ നിര്‍വാഹക സമിതി അംഗവുമായ പന്ന്യന്‍ രവീന്ദ്രന്റെ പേരാണ് മുന്നിട്ട് നില്‍ക്കുന്നത്. എല്‍ ഡി എഫില്‍ സി പി ഐയുടെ മണ്ഡലമാണ് മണ്ണാര്‍ക്കാട്.
ആദ്യഘട്ടത്തില്‍ മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയുടെ പേര് സജീവമായി ഉയര്‍ന്നിരുന്നുവെങ്കിലും രണ്ട് തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്താനുളള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ജോസ് ബേബിയുടെ സാധ്യതകളില്ലാതാക്കിയിരിക്കുകയാണ്. കെ ഇ ഇസ്മായിലിന്റെ പേര് പരിഗണിച്ചിരുന്നുവെങ്കിലും സംസ്ഥാന കമ്മിറ്റി തീരുമാനം ഇതിനും വിലങ്ങുതടിയായി.

ഇരുമുന്നണികളെയും മാറി മാറി പരീക്ഷിക്കുന്ന മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ കഴിഞ്ഞ തവണ വിജയിച്ച യൂത്ത് ലീഗ് നേതാവും നിലവിലെ എം എല്‍ എയുമായ അഡ്വ. എന്‍ ശംസുദ്ദീനെ തന്നെയാണ് മുസ്‌ലിം ലീഗ് രംഗത്തിറക്കുന്നത്. കഴിഞ്ഞ തവണ സി പി ഐ ജില്ലാ സെക്രട്ടറി വി ചാമുണ്ണിയെയാണ് പരീക്ഷിച്ചത്. മണ്ഡലത്തില്‍ വികസന നേട്ടങ്ങള്‍ ഏറെ എണ്ണി പറയാനുളള അഡ്വ എന്‍ ശംസുദ്ദീന് എതിരിടണമെങ്കില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ വേണമെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷവും സി പി ഐയും.
കഴിഞ്ഞ തവണ ഇടതുമുന്നണിയില്‍ കോണ്‍ഗ്രസ് എസ് പരാജയപ്പെട്ട കണ്ണൂര്‍ സീറ്റിന് അവകാശവാദമുന്നയിച്ചിരിക്കുന്ന സി പി ഐ ഈ സീറ്റ് കിട്ടിയാല്‍ അതിലേക്ക് പരിഗണിക്കുന്നത് പന്ന്യന്‍ രവീന്ദ്രനെയാണെങ്കിലും കണ്ണൂര്‍ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലാ എന്നാണ് വിലയിരുത്തല്‍.

അങ്ങനെയാണെങ്കില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ അങ്കത്തിനൊരുങ്ങാനാണ് പന്ന്യന്‍ രവീന്ദ്രന്‍ തയ്യാറെടുക്കുന്നുവെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ജില്ലാ കമ്മിറ്റി തീരുമാനമെടുത്തിട്ടില്ലെന്നും, സംസ്ഥാന നേതാവെന്ന നിലയില്‍ സാധ്യതകള്‍ തളളികളയാനാവില്ലെന്നുമാണ് സി പി ഐ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, മണ്ണാര്‍ക്കാട്ടുകാരായ എ ഐ വൈ എഫിന്റെ രണ്ട് യുവനേതാക്കളുടെ പേരുകളും ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. പന്ന്യന്‍ രവീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം മണ്ണാര്‍ക്കാട് ഉറപ്പിച്ചാല്‍ സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമാവുന്ന മത്സരത്തിന് മണ്ണാര്‍ക്കാട് സാക്ഷ്യം വഹിക്കും.

Latest