Connect with us

Gulf

എണ്ണായിരത്തിലധികം കമ്പനികളും സ്‌പോണ്‍സര്‍മാരും കരിമ്പട്ടികയില്‍

Published

|

Last Updated

ദോഹ: തൊഴില്‍ നിയമം ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം മൊത്തം 8900 കമ്പനികളെയും തൊഴിലുടമകളെയും കരിമ്പട്ടികയില്‍ പെടുത്തി. 5440 കമ്പനികളെയും 3460 തൊഴിലുടമകളെയും ആണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. തൊഴിലുടമയുടെ അടുക്കല്‍ നിന്ന് വീട്ടുജോലിക്കാരെ പ്രലോഭിപ്പിച്ച് രക്ഷപ്പെടുത്തിയ നിരവധി പേര്‍ ഖത്വറില്‍ അറസ്റ്റിലായി. 112 വീട്ടുജോലിക്കാരെയാണ് ഇത്തരത്തില്‍ പ്രലോഭിപ്പിച്ചത്. എന്‍ട്രി, എക്‌സിറ്റ് നിയമങ്ങള്‍ ലംഘിച്ച നിരവധി വിദേശ തൊഴിലാളികളും കഴിഞ്ഞ വര്‍ഷം അധികൃതരുടെ പിടിയിലായിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട നിരവധി പേരെയാണ് കഴിഞ്ഞ വര്‍ഷം നാടുകടത്തിയതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച്, ഫോളോഅപ്പ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ അല്‍ സഈദ് പറഞ്ഞു.
കരിമ്പട്ടികയില്‍ പെടുത്തിയവര്‍ക്ക് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി ഉണ്ടാകില്ല. തൊഴിലാളികളുടെ പരാതികളെ തുടര്‍ന്ന് അന്വേഷിച്ചതിനെ തുടര്‍ന്നാണ് നടപടി. അതേസമയം, വിസ കച്ചവടം കുറഞ്ഞിട്ടുണ്ട്. 2013ല്‍ വിസ റാക്കറ്റില്‍ ഉള്‍പ്പെട്ട 184 കമ്പനികളെയാണ് പിടികൂടിയിരുന്നത്. 2013ല്‍ വിസക്കച്ചവടത്തിന് ഇടനിലക്കാരായിരുന്ന 1203 പേരെ പിടികൂടിയിരുന്നു. 2014ല്‍ വിസക്കച്ചവടം നടത്തി പിടികൂടിയ കമ്പനികളുടെ എണ്ണം 120ഉം ഇടനിലക്കാരുടെ എണ്ണം 75ഉം ആയിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ പിടിയിലായ കമ്പനികള്‍ അഞ്ചും ഇടനിലക്കാര്‍ ഏഴും മാത്രം ആയിരുന്നു. അനധികൃത വിസക്കച്ചവടം പ്രധാന പ്രശ്‌നമായി രാജ്യത്ത് അനുഭവപ്പെടുന്നില്ലെന്നതിന് തെളിവാണ് ഇതെന്ന് അല്‍ സഈദ് പറഞ്ഞു.
അനധികൃത വിസക്കച്ചവടത്തിന് ഇരകളായവര്‍ ഇവിടെയെത്തുമ്പോള്‍ ജോലിയില്ലാതെ കഷ്ടപ്പെടുന്നു. ഇത്തരക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനും ജോലി കണ്ടെത്താനും വകുപ്പ് സഹായിച്ചിട്ടുണ്ട്. ഇത്തരക്കാരെ ജോലിക്കാരെ ആവശ്യമുള്ള കമ്പനികളിലേക്ക് അയക്കുകയാണ് പതിവ്.
ഒളിച്ചോടിയ തൊഴിലാളികളെ പിടികൂടാന്‍ ലഖ്‌വിയ്യ, അല്‍ ഫാസ തുടങ്ങിയ ആഭ്യന്തര മന്ത്രാലയത്തിലെ ഏജന്‍സികളെ സഹായിക്കുന്നതിന് പ്രത്യേക സംഘമുണ്ട്. ഒളിച്ചോടിയ തൊഴിലാളികള്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് അമ്പതിനായിരം ഖത്വര്‍ റിയാല്‍ പിഴയോ മൂന്ന് വര്‍ഷം വരെ തടവുശിക്ഷയോ ലഭിക്കും. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 15 ദിവസം മുതുല്‍ മൂന്ന് വര്‍ഷം വരെ തടവും ഇരുപതിനായിരം മുതല്‍ ഒരു ലക്ഷം വരെ ഖത്വര്‍ റിയാല്‍ പിഴയും ശിക്ഷ ലഭിക്കും.

Latest