Connect with us

Kerala

മെത്രാന്‍ കായല്‍ നികത്തുന്നതിന് ഹൈക്കോടതി സ്‌റ്റേ

Published

|

Last Updated

കൊച്ചി: മെത്രാന്‍ കായല്‍ നികത്തി ടൂറിസം പ്രോജക്ടിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വടവുകോട് സ്വദേശി എന്‍.കെ. അലക്‌സാണ്ടര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്. പാടശേഖരം നികത്തി നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തരുതെന്നും കേസ് തീര്‍പ്പാക്കുന്നതുവരെ തല്‍സ്ഥിതി തുടരണമെന്നും ഉത്തരവില്‍ പറയുന്നു.

2008 ലെ തണ്ണീര്‍ തട സംക്ഷണ നിയമം പ്രകാരം മെത്രാന്‍ കായലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ ആവില്ലെന്നും മെത്രാന്‍ കായല്‍ പ്രദേശം കൃഷി യോഗ്യവും കൃഷി നടന്നുകൊണ്ടിരിക്കുന്നതുമായ ഭൂമിയാണെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. താന്‍ കൃഷി ചെയ്ത് വരുന്ന ഭൂമിയാണിതെന്നും തുടര്‍ന്നും കൃഷി ചെയ്യാന്‍ തയ്യാറാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കോടതിയിലുണ്ടായിരുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പാണ് മെത്രാന്‍ കായല്‍ നികത്താന്‍ റവന്യുവകുപ്പ് ഉത്തരവിട്ടത്. മാര്‍ച്ച് ഒന്നിന് റവന്യൂവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മത്തേയാണ് ഉത്തരവിറക്കിയത്. കോട്ടയം കുമരകത്തെ മെത്രാന്‍ കായലിലെ 378 ഏക്കര്‍ റെക്കിന്‍ഡോ ഡെവലപ്പേഴ്‌സ് പ്രവൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്കും അനുബന്ധ കമ്പനികള്‍ക്കും ടൂറിസം പദ്ധതിക്കായി നികത്താം എന്നായിരുന്നു റവന്യൂവകുപ്പിന്റെ ഉത്തരവ്.

മെത്രാന്‍ കായല്‍ നികത്തി ടൂറിസം പദ്ധതി തുടങ്ങാനുള്ള വിവാദ അനുമതി നാളെ കൂടുന്ന മന്ത്രിസഭായോഗം റദ്ദാക്കിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. കായല്‍ നികത്തുന്നതിനുള്ള തീരുമാനം പിന്‍വലിച്ച് വിവാദങ്ങള്‍ എത്രയും വേഗം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.

Latest