മെത്രാന്‍ കായല്‍ നികത്തല്‍ ഉത്തരവ് പിന്‍വലിച്ചേക്കും

Posted on: March 8, 2016 4:13 am | Last updated: March 8, 2016 at 3:53 pm

methran-kayalതിരുവനന്തപുരം: മെത്രാന്‍ കായലിലെ ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് അസാധാരണ നടപടിയിലൂടെ. സര്‍ക്കാര്‍ നടപടി വിവാദമായതോടെ ഉത്തരവ് പിന്‍വലിക്കാന്‍ സമ്മര്‍ദം ശക്തമാകുന്നു. കെ പി സി സി പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി പേര്‍ ശക്തമായ വിമര്‍ശവുമായി രംഗത്തെത്തിയതോടെ ഉത്തരവ് പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിഷയം പരിഗണിക്കാനാണ് തീരുമാനം. സ്ഥാപിതതാത്പര്യക്കാര്‍ ആരാണെന്ന കാര്യം അന്വേഷിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാറിനെതിരെ പാര്‍ട്ടി നേതൃത്വം തന്നെ തിരിയുന്ന സ്ഥിതിയാണ് ഈ വിവാദ ഉത്തരവിലൂടെ ഉണ്ടായത്. ഉത്തരവ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോടും റവന്യൂ വകുപ്പിനോടും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നേരിട്ട് ആവശ്യപ്പെടുകയും വി ഡി സതീശനെപ്പോലെയുള്ളവര്‍ ഉത്തരവിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. വിവാദ ഉത്തരവ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്ന തിരിച്ചറിവിലാണ് വിഷയം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മൂന്ന് ദിവസം മുമ്പ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അജന്‍ഡയില്‍ ഇല്ലാത്ത വിഷയമായി മന്ത്രിസഭായോഗത്തില്‍ ഇത് പരിഗണിച്ചത്. ബന്ധപ്പെട്ട അഞ്ച് വകുപ്പുകളും എതിര്‍പ്പറിയിച്ചിട്ടും മന്ത്രിസഭ അസാധാരണ നടപടിയിലൂടെ അതിനെ മറികടക്കുകയായിരുന്നു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നിരവധി ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ച മെത്രാന്‍ കായല്‍ പദ്ധതിക്കാണ് ഈ സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയത്. എന്നാല്‍, എല്‍ ഡി എഫ് സര്‍ക്കാറിലെ ഒരു വിഭാഗത്തിന് താത്പര്യമുണ്ടായിരുന്നുവെങ്കിലും മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ ഐ ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യു ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുന്നോട്ടുപോകാനായില്ല. അന്ന് പ്രതിപക്ഷമായിരുന്ന യു ഡി എഫ് തന്നെ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. അങ്ങനെ എല്‍ ഡി എഫ് സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്ന പദ്ധതിയിന്മേലാണ് കഴിഞ്ഞ 25ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അസാധാരണ നടപടിയിലൂടെ അനുകൂല തീരുമാനമെടുത്തത്.
അജന്‍ഡക്ക് പുറത്തുള്ള വിഷയമായി മന്ത്രിസഭ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുകയായിരുന്നു. അടിയന്തര പ്രാധാന്യമുള്ള വിഷയമാണെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായം തേടിയിട്ടില്ലെന്ന കുറിപ്പോടെയാണ് മന്ത്രിസഭ ഫയല്‍ പരിഗണിക്കേണ്ടത്. എന്നാല്‍, ഇങ്ങനെയൊരു കുറിപ്പോ ഫയലോ ഉത്തരവിറക്കിയ റവന്യൂ വകുപ്പ് മന്ത്രിസഭക്ക് കൈമാറിയിട്ടില്ലെന്നാണ് ആക്ഷേപം. ബന്ധപ്പെട്ട വകുപ്പുകളായ പരിസ്ഥിതി, കൃഷി, മത്സ്യവിഭവം, വ്യവസായം തുടങ്ങിയവയുടെ നേരത്തെയുള്ള എതിര്‍പ്പ് മുഖവിലക്കെടുത്തുമില്ല. മാത്രമല്ല, മന്ത്രിസഭാ യോഗത്തിനുമുമ്പ് റവന്യൂ എ- വകുപ്പിലെ അണ്ടര്‍ സെക്രട്ടറി കോട്ടയം കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ഈ റിപ്പോര്‍ട്ട് തണ്ണീര്‍ത്തട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന റവന്യൂ പി- വകുപ്പിലേക്ക് അയക്കുകയുമായിരുന്നു. വകുപ്പ് സെക്രട്ടറി കണ്ട ഫയലില്‍ മന്ത്രി അടൂര്‍ പ്രകാശ് കുറിപ്പെഴുതിയിട്ടില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുപോയിട്ടില്ലെന്നുമാണ് വിവരം. ഇതാണ് ഈ വിഷയത്തിലെ ദുരൂഹത.
അതേസമയം, മെത്രാന്‍ കായല്‍ നികത്തല്‍ വിഷയം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വളരെ ക്രിയാത്മകമായ സമീപനമാണ് ഉണ്ടായതെന്നും ഇതു സംബന്ധിച്ച് പരിശോധിച്ച് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.